ന്യൂദല്‍ഹി: ദല്‍ഹി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കു 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
സ്ഫോടനത്തെ തുടര്‍ന്ന് എന്നെന്നേക്കുമായി വികാലാംഗരായവരുടെ കുടുംബത്തിനും ഇരു സര്‍ക്കാരുകളും 10 ലക്ഷം രൂപ വീതം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. ഇരു സര്‍ക്കാരുകള്‍ അഞ്ചു ലക്ഷം വീതമാണു നല്‍കേണ്ടത്. മൂന്നാഴ്ചയ്ക്കകം നഷ്ടപരിഹാര തുക കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.
ഗുരുതരമായി പരുക്കേറ്റവര്‍ക്ക് മൂന്നു ലക്ഷം രൂപയും നിസാര പരുക്കേറ്റവര്‍ക്ക് 20,000 രൂപയും വീതം നല്‍കണം. സ്ഫോടനത്തില്‍ മരിച്ചവരുടെ മക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസം നല്‍കണമെന്നും യോഗ്യതയുള്ളവര്‍ക്ക് ദല്‍ഹി സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേസിന്റെ സാഹചര്യം വ്യത്യസ്തമാണെന്നും നീതിപീഠത്തിന്റെ മുന്പിലാണു ക്രൂരമായ സംഭവം അരങ്ങേറിയതെന്നും കോടതി നിരീക്ഷിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു രണ്ടു ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നു കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എ.എസ്. ചണ്ഡിഹോക്ക് കോടതിയെ അറിയിച്ചു.
സെപ്റ്റംബര്‍ ഏഴിന് ഉണ്ടായ സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: