കാബൂള്‍: അഫ്ഗാനിസ്ഥാന് മുന്‍ പ്രസിഡന്റും സമാധാനകൗണ്‍സില്‍ ചെയര്‍മാനുമായ ബര്‍ഹാനുദ്ദീന്‍ റബ്ബാനി ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. കാബൂളിലെ വസതിയില്‍ താലിബാനുമായി ചര്‍ച്ച നടത്തുന്നതിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തിലാണ് അദ്ദേഹം വധിക്കപ്പെട്ടത്.
രാജ്യത്തെ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാന്‍ അഫ്ഗാന് സര്‍ക്കാര്‍ രൂപീകരിച്ച ഹൈസ്പീഡ് കൗണ്‍സില്‍ തലവനായിരുന്നു റബ്ബാനി. ഒരുവര്‍ഷംമുമ്പ് രൂപീകരിച്ച കൗണ്‍സിലിന് ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് താലിബാന് ഭീകരരുമായി കാബൂളിലെ വസതിയില്‍ ചര്‍ച്ച നടത്തുമ്പോഴായിരുന്നു സ്ഫോടനമെന്ന് ഉദ്യോഗസ്ഥര്‍ ബിബിസിയോട് പറഞ്ഞു. ചാവേറുകള്‍ ചര്‍ച്ചക്കെത്തിയ ഭീകരര്തന്നെയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ പ്രസിഡന്റുകൂടിയായ റബ്ബാനി രാജ്യത്തെ പ്രധാന പ്രതിപക്ഷനേതാവായിരുന്നു.
താലിബാന് ഭരണത്തെത്തുടര്‍ന്ന് നിലവില്‍വന്ന അഫ്ഗാന് ഭരണകൂടത്തില്‍ റബ്ബാനിയായിരുന്നു പ്രസിഡന്റ്. 1996 ല്‍ അദ്ദേഹത്തെ കാബൂളില്‍നിന്ന് തുരത്തിയതോടെ താജിക്കുകളും ഉസ്ബെക്കുകളുമടങ്ങുന്ന വടക്കന്‍ സഖ്യത്തിന്റെ തലവനായി. താലിബാന്റെ പതനത്തിനുശേഷം വടക്കന്‍ സഖ്യം അധികാരത്തിലെത്തി.
അഫ്ഗാന് ജനതക്ക് വന്പ്രതീക്ഷകള്ക്ക് വക നല്‍കുന്നതാണ് സമാധാന കൗണ്സിലെന്നാണ് പ്രസിഡന്റ് ഹമീദ് കര്‍സായി വിശദീകരിച്ചിരുന്നത്. സമാധാനം പുനഃസ്ഥാപിക്കാന്‍ സഹായിക്കണമെന്ന് അദ്ദേഹം താലിബാനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താലിബാനുമായി നീണ്ട വര്‍ഷങ്ങള്‍ ഏറ്റുമുട്ടിയ മുന്‍ യുദ്ധപ്രഭുക്കളായിരുന്നു കൗണ്‍സില്‍ അംഗങ്ങളില്‍ ഏറെയും. സമാധാനദൗത്യത്തില്‍ ഇവര്‍ക്കുള്ള താല്പര്യം നേരത്തെതന്നെ സംശയത്തിനിടയാക്കിയിരുന്നു.
അടുത്തയിടെ ഇറാനില്‍ സംഘടിപ്പിച്ച ഒരു മതസമ്മേളനത്തില്‍ പങ്കെടുത്ത റബ്ബാനി ചാവേര്‍ ആക്രമണങ്ങള്‍ക്കെതിരെ രംഗത്തുവരാന്‍ മുസ്ലീം പണ്ഡിതന്മാരെ ആഹ്വാനം ചെയ്തിരുന്നു. അഫ്ഗാന്റെ ഔദ്യോഗിക പ്രസിഡന്റായി യുഎന്‍ കണക്കാക്കിയിരുന്നത് റബ്ബാനിയെയാണ്.
റബ്ബാനി രക്തസാക്ഷിയായെന്നാണ് കാബൂള്‍ പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം തലവന്‍ മുഹമ്മദ് സഹീര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള മേഖലയായിരുന്നു റബ്ബാനിയുടെ വസതി. കൂടുതല്‍ വിശദീകരിക്കാന്‍ സഹീര്‍ തയ്യാറായില്ല.റബ്ബാനിയുടെ വസതിയിലുണ്ടായത് ചാവേര്‍ ആക്രമണമാണെന്ന് കരുതുന്നതായി കാബൂള്‍ പോലീസ് മേധാവിയുടെ വക്താവ് ഹഷ്മത്തുള്ള സ്റ്റാനിസായിയും പറഞ്ഞു.
കാബൂളിലെ യുഎസ് എംബസിയിലും നാറ്റോ ആസ്ഥാനത്തുമുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് മുന്‍പ്രസിഡന്റിന്റെ കൊലപാതകവും. എംബസി വളപ്പിലേക്ക് ഭീകരര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 16 അഫ്ഗാന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാന്-പാക്കിസ്ഥാന് അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താലിബാന് സഹായമുള്ള ഭീകരഘടകമായ ഹക്കാനി ശൃംഖലയിലായിരുന്നു ആക്രമണത്തിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: