ന്യൂദല്‍ഹി: ലിബിയയില്‍ മുസ്തഫ അബ്ദല്‍ ജലീലിന്റെ നേതൃത്വത്തിലുള്ള പരിവര്‍ത്തന കൗണ്‍സിലിന്റെ ഇടക്കാല സര്‍ക്കാരിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രീയ കൈമാറ്റത്തിനും രാജ്യത്തിന്റെ പുനര്‍ നിര്മതിക്കും സാധ്യമായ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
യുദ്ധക്കെടുതി അനുഭവിക്കുന്ന ലിബിയയിലെ ജനങ്ങള്‍ക്ക് താമസസൗകര്യങ്ങള്‍ ഒരുക്കുന്നതിനും, വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും പൂര്‍ണമായ സഹായം വാഗ്ദാനം ചെയ്യുന്നതായും മുസ്തഫയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സെപ്റ്റംബര്‍ 20ന്, ലിബിയയിലെ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സഭയുടെ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇന്ത്യ ലിബിയയിലെ ഇടക്കാല സര്‍ക്കാരിനുള്ള പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ലിബിയയ്ക്ക് സഹായമായി ഇതുവരെ ഇന്ത്യ 10 ലക്ഷം ഡോളര്‍ സഹായമായി നല്‍കിയിട്ടുണ്ട്. ഇനിയും 20 ലക്ഷം ഡോളര്‍ കൂടി നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: