ന്യൂദല്‍ഹി: വോട്ടിന് നോട്ട് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷയില്‍ ദല്‍ഹി തീസ് ഹസാരി കോടതി നാളെ വിധി പറയും. ജാമ്യാപേക്ഷയില്‍ വിചാരണ പൂര്‍ത്തിയായി.
മെഡിക്കല്‍ റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം നാളെ വിധി പ്രഖ്യാപിക്കുമെന്നു കോടതി അറിയിച്ചു. അമര്‍ സിങ്ങിന്റെ ആരോഗ്യ നില ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയോട് ആവശ്യപ്പെട്ടു.
വൃക്ക മാറ്റിവയ്ക്കലിന് വിധേയനായ അമര്‍സിങ്ങിന് തിഹാര്‍ ജയിലിലെ സാഹചര്യങ്ങളില്‍ അണുബാധ ഉണ്ടാകാനുളള സാദ്ധ്യത ഉയര്‍ന്നതാണെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി. വോട്ട് ചെയ്യാനുള്ള കോഴപ്പണം ബി.ജെ.പി എം.പിമാര്‍ക്കു ലഭിച്ചതു ബി.ജെ.പിയുടെ ട്രഷറിയില്‍ നിന്നാണ്. അമര്‍സിങ് ഇക്കാര്യത്തില്‍ നിരപരാധിയാണെന്നും അദ്ദേഹം വാദിച്ചു.
അതേസമയം അമര്‍സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: