ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതി വളപ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയും രംഗത്ത് എത്തി. കഴിഞ്ഞ ദിവസം ഹുജി സ്ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മാധ്യമങ്ങള്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു.
ഈ മാസം 13 നു തിരക്കേറിയ ഷോപ്പിങ് കോംപ്ലക്സില്‍ ബോംബ് സ്ഫോടനം കൂടി നടത്തുമെന്ന് ഇന്ത്യന്‍ മുജാഹിദിന് ഭീഷണി മുഴക്കി. മുജാഹിദ്ദീന്‍ അംഗമായ ഛോട്ടു എന്നയാളാണ് മെയില്‍ അയച്ചത്. എന്‍.ഐ.എ ഇ മെയില്‍ പരിശോധിച്ചു വരികയാണ്. സ്ഫോടനത്തില്‍ ഹുജിക്കു യാതൊരു പങ്കുമില്ല. തിരക്കേറിയ ദിവസം കോടതിയില്‍ സ്ഫോടനം നടത്താന്‍ തങ്ങളാണ് പദ്ധതിയിട്ടതെന്ന് സന്ദേശത്തില്‍ പറയുന്നു.
അതേസമയം ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും ഹുജിയുടെ മെയിലിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുജാഹിദ്ദീനിലെ അംഗങ്ങളില്‍ കൂടുതല്‍ പേരും മുസ്ലീങ്ങളാണ്. ഈ രാജ്യങ്ങളില്‍ ഇവര്‍ക്ക് വേണ്ട പരിശീലനം ലഭിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
2007ല്‍ വടക്കേ ഇന്ത്യയില്‍ ഉണ്ടായ സ്ഫോടനങ്ങളോടെയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ശ്രദ്ധാകേന്ദ്രമായി മാറാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം പൂനെയിലെ ജര്‍മ്മന്‍ ബേക്കറിയിലുണ്ടായ സ്ഫോടനമാണ് ഇന്ത്യന്‍ മുഹജാഹിദ്ദീന് അവസാനമായി രാജ്യത്ത് നടത്തിയ ആക്രമണം. അന്ന് ഒമ്പതു പേരാണ് കൊല്ലപ്പെട്ടത്.
ഹുജി ഭീകര സംഘടനയില്‍ അംഗങ്ങളായിരുന്നവരാണ് ഇപ്പോള്‍ ഇന്ത്യന്‍ മുജാഹിദ്ദീനില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പോലീസിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: