ന്യൂദല്‍ഹി: രാജ്യസഭാംഗവും സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവുമായി അമര്‍ സിങ് അറസ്റ്റില്‍. അമര്‍സിങ്ങിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി കോടതി തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത അമര്‍ സിങിനെ തീഹാര്‍ ജയിലിലേക്ക് അയക്കും.
അമര്‍ സിങ്ങിനു 16നു ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. മുന്‍ എംപിമാരായ മഹാവീര്‍ ഭഘോറയെയും ഫഗന്‍സിംഗ് കുലസ്തയെയും കോടതി ജയിലിലേക്ക് അയച്ചു. കേസിന്റെ വിചാരണാ വേളയില്‍ അസുഖംമൂലം കിടപ്പിലായതിനാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അമര്‍സിങിന്റെ അഭിഭാഷകന് കോടതിയോട് അപേക്ഷിച്ചിരുന്നു. തുടര്‍ന്ന് അമര്‍സിങിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള മെഡിക്കല്‍ രേഖകള്‍ ഉച്ചയ്ക്ക് 12.30 ന് ഹാജരാക്കാന്‍ കോടതി അഭിഭാഷകനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അമര്‍സിങ് കോടതിയില്‍ ഹാജരാകുകയായിരുന്നു.
കേസില്‍ തനിക്ക് ഒന്നും ഒളിക്കാനില്ലെന്ന് അമര്‍സിങ് കോടതിയില്‍ വ്യക്തമാക്കി. താനാണ് ഗൂഢാലോചയില്‍ പ്രധാനിയെന്നു പൊലീസ് പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നിലും തനിക്കു പങ്കില്ല. തന്റെ മോശം ആരോഗ്യം പരിഗണിച്ചു ജാമ്യമനുവദിക്കണമെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ കോടതി വാദം തള്ളി.
ഇടതുപാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് 2008 ല്‍ നടന്ന വിശ്വാസവോട്ടില്‍ യു.പി.എ സര്‍ക്കാര്‍ ബി.ജെ.പി എം.പിമാരെ പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് അമര്സിങിനെതിരെയുള്ള കേസ്. അമര്‍സിങിന്റെ സഹായി സഞ്ജീവ് സക്സേന നല്കിയ ഒരു കോടി രൂപ ബി.ജെ.പി എം.പിമാരായ അശോക് അര്‍ഗല്‍, മഹാവീര്‍ ബഗോഡ, ഭഗന് സിംഗ് കുലസ്തെ എന്നിവര്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: