റോഡ് സൗകര്യമൊരുക്കുന്നതില്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ വളരെ പിന്നിലാണെന്ന് ചൂണ്ടിക്കാണിച്ച് കേരള ഹൈക്കോടതി സര്‍ക്കാരിനോട് ദേശീയ സംസ്ഥാന പാതകളുടേയും പൊതുമരാമത്തു റോഡുകളുടേയും അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണം എന്ന് ഉത്തരവിട്ടത് സപ്തംബര്‍ ഒന്നാം തീയതി ആയിരുന്നു. റോഡുകള്‍ അതിദയനീയവും അപകടകരവും ആണെന്ന് വിലയിരുത്തി കോടതി വിമര്‍ശിച്ചത് ആസൂത്രണത്തിലെ വീഴ്ചയെയും കരാര്‍ കൈകാര്യത്തിലെ വീഴ്ചയെയും ഫണ്ട് അപര്യാപ്തതയെയും ആയിരുന്നു. ഇത് ഇക്കാര്യത്തില്‍ ഹൈക്കോടതി നടത്തുന്ന ആറാമത്തെ വിമര്‍ശനവും ഉത്തരവുമാണ്. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഗുരുതരമായ വീഴ്ചയാണ്. വ്യാവസായിക തലസ്ഥാനമായി വികസിക്കുന്ന കൊച്ചിയിലെ റോഡുകളില്‍ കുഴികള്‍ പ്രതിദിനം വര്‍ധിക്കുമ്പോഴും കൊച്ചി കോര്പ്പറേഷന് അനാസ്ഥ തുടരുന്നു. കേരളത്തില്‍ ഇന്ന് റോഡപകടങ്ങളിലാണ് ഏറ്റവും അധികം ജീവനുകള്‍ പൊലിയുന്നത്. മരടു പഞ്ചായത്തില്‍ ഒരേ വീട്ടില്‍നിന്നും മൂന്നുപേരാണ് അപകടങ്ങളില്‍ മരിച്ചത്. തിങ്കളാഴ്ച ഉച്ചവരെ നാല് പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. വഴിപാടുപോലെ കരാര്‍ നല്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ കരാറുകാരില്‍നിന്നും പെര്‍ഫോമന്‍സ് ഗ്യാരന്റി ഉറപ്പാക്കാത്തതാണ് ഒരു മഴയില്‍ ഒലിച്ചുപോകുന്ന കുഴി നികത്തലിനും ടാര്‍ ഒഴുകി പോകുന്നതിനും കാരണം. ഇവിടെ കരാറുകാരുടെ വാഴ്ചയാണെന്ന് പോലും ഹൈക്കോടതി പരാമര്‍ശിച്ചിട്ടും സ്ഥിതിഗതികള്‍ക്ക് യാതൊരു മാറ്റവും ഇല്ല.
കാലാകാലങ്ങളായി തകര്‍ന്ന നിലയില്‍ തുടരുന്ന റോഡുകള്‍ അഞ്ചുമാസം എങ്കിലും വര്ഷക്കാലമുള്ള കേരളത്തില്‍ ആസൂത്രണ പിഴവിലേയ്ക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്. കരാറുകാര്‍ റോഡ് നന്നാക്കാറില്ല, അറ്റകുറ്റപ്പണി മാത്രമാണ് ചെയ്യുന്നതെന്ന് അധികാരികള്‍ക്കറിയാമെങ്കിലും കരാര്‍ നല്‍കുന്നതിലെ അഴിമതി റോഡ് നിര്‍മാണത്തിലെ പിഴവിന് നേരെ കണ്ണടയ്ക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നു. ദേശീയപാതയില്‍ ഇടപ്പള്ളി-കൂനമ്മാവ് ഭാഗം ഗ്യാരന്റിയോടെ നിര്‍മിച്ച റോഡാണ് തകര്‍ന്നിരിക്കുന്നത്. കൊച്ചിയിലെ റോഡുകളുടെ കുഴിയടക്കല്‍, ലെവലിംഗ്, ടാറിംഗ് മുതലായവ ചെയ്യാത്തത് മഴമൂലവും ഒരു കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് 70 ലക്ഷം രൂപ എന്ന കണക്കില്‍ ചെലവാക്കാന്‍ ഫണ്ടില്ലെന്നതുമാണ് മേയറുടെ വാദം. തുടര്‍ച്ചയായി ഇടതുപാര്‍ട്ടി ഭരിച്ചിരുന്ന കോര്പ്പറേഷന് യുഡിഎഫ് ഭരണത്തിന് കീഴിലായിട്ടും റോഡുകളുടെ സ്ഥിതി പൂര്‍വാധികം ശോചനീയമാകുന്നതായാണ് കാണുന്നത്. ഇതിനെതിരെ കോര്പ്പറേഷന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തന്നെ രംഗത്തുവന്നുകഴിഞ്ഞു. ഇപ്പോള്‍ റോഡുകളിലെ കുഴിയടയ്ക്കാന്‍ 800 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെടുന്നത്. ഇത് ബജറ്റിന് പുറത്തുള്ള ചെലവാണ്. മഴ തുടങ്ങിയാലും പണത്തിന്റെ അഭാവത്തില്‍ ഈ തിരക്കേറിയ ഓണ സീസണില്‍ മരണവും ആഘോഷിക്കേണ്ടിവരുന്ന അവസ്ഥയാണ് മലയാളിക്ക്. റോഡ് മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു ദിവസം പോലും കേരളത്തിലില്ല. ഓരോ നിയോജകമണ്ഡലത്തിലും അറ്റകുറ്റപ്പണിക്ക് മാത്രം നാല് കോടി രൂപയാണ് പിഡബ്ല്യുഡി ആവശ്യപ്പെടുന്നത്.
പൊതുമരാമത്തിന് നടപ്പ് വര്‍ഷം പദ്ധതിയേതര വിഹിതത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായി നീക്കിവെച്ചിരിക്കുന്നത് 250 കോടി മാത്രമാണ്. ഇതില്‍ 230 കോടിയും ചെലവഴിച്ചിട്ടും കുഴികള്‍ നികത്തപ്പെട്ടിട്ടുപോലുമില്ല. പൊതുമരാമത്ത് ആവശ്യപ്പെടുന്ന 800 കോടി അനുവദിച്ചാലും അടുത്ത മഴയില്‍ ഒലിച്ചുപോകുന്ന ഒരു ടാറിംഗ് മിനുക്കുപണി മാത്രമേ നടക്കൂ എന്ന ആശങ്കയും നിലനില്ക്കുന്നു. കെഎസ്ടിപി റോഡുകളുടെ അറ്റകുറ്റപ്പണികളും പത്ത് വര്‍ഷമായി നടന്നിട്ടില്ലത്രേ. പത്ത് പ്രധാന റോഡുകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ശബരിമല സീസണ് ആരംഭിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ ഈ അവഗണനാ മനോഭാവം റോഡ് മരണങ്ങള് വര്‍ധിപ്പിക്കാന്‍ മാത്രമേ ഉതകുകയുള്ളൂ. കേരള ഗ്ലോബല്‍ ടൂറിസം ബ്രാന്റാക്കി മാറ്റാനുള്ള നീക്കം നടക്കുമ്പോള്‍, കേരളം മാലിന്യമുക്ത ലക്ഷ്യമാക്കിമാറ്റാന്‍ ശ്രമം നടക്കുമ്പോള്‍ സന്ദര്‍ശിക്കാന്‍ വരുന്ന 26 ലക്ഷം വിദേശസഞ്ചാരികള്‍ക്കും 180 ലക്ഷം അന്തര്‍ സംസ്ഥാന വിനോദസഞ്ചാരികള്‍ക്കും റോഡുകളും ഒരു പ്രധാന വിഷയമല്ലേ? സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനം, റോഡ് നിര്‍മാണം പോലെ, പ്രാധാന്യമര്‍ഹിക്കുമ്പോള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കാതെ, മറ്റ് വികസനസ്വപ്നങ്ങള്‍ താലോലിക്കുന്നത് നിരര്‍ത്ഥകമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കുഴിയടക്കല്‍ യജ്ഞം പരാജയപ്പെട്ടതാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂക്കുകുത്തി വീഴാന്‍ ഇടവരുത്തിയത് എന്ന വസ്തുതയില്‍നിന്ന് പോലും പാഠം പഠിക്കാത്ത സര്‍ക്കാരാണ് റോഡ് മരണങ്ങള് പെരുകുന്നതും കുഴികള്‍ പെരുകുന്നതും കണ്ടില്ലെന്ന് നടിച്ച് റോഡ് വികസനം അന്തമില്ലാത്ത ചര്‍ച്ചക്ക് വിധേയമാക്കുന്നത്. റോഡ് വികസനം മനുഷ്യാവകാശമാണെന്നിരിക്കെയാണ് സര്‍ക്കാര്‍ ഈ അനാസ്ഥ തുടരുന്നത്.
മഞ്ഞപ്പിത്ത വിപത്ത്
കേരളത്തില്‍ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുതുടങ്ങിയിട്ട് മാസങ്ങളായി. വൈറല്‍ പനി, ഡെങ്കിപ്പനി, എച്ച്1എന്‍1 പനി, മലേറിയ എന്നിങ്ങനെ വിവിധതരം പനികളാണ് കേരളത്തില്‍ പടരുന്നത്. ഈ പനിബാധയില്‍നിന്ന് വിമുക്തമാകുന്നതിന് മുമ്പാണ് മഞ്ഞപ്പിത്തബാധ കേരളത്തെ അവശയാക്കുന്നത്. കേരളം രോഗാതുരമാകുന്നതും പനികള്‍ മുതല്‍ കാന്‍സര്‍വരെ പടരുന്നതിന് കാരണമാകുന്നതും സംസ്ഥാനത്തെ വ്യാപക പരിസര-അന്തരീക്ഷ മലിനീകരണവും ദിനംപ്രതി കുതിക്കുന്ന മദ്യപാനശീലവും ആണ്. വൈറല്‍ ഹെപ്പറ്റൈറ്റിസ് എ ബാധ കണ്ടെത്തിയ കോതമംഗലത്ത് അതിന് കാരണമായി പറഞ്ഞത് പാലക്കാടന്‍ കള്ളിന്റെയും മലിനമായ വെള്ളത്തിന്റെയും ഉപയോഗം കൊണ്ടാണെന്നാണല്ലോ. സ്ഥിരം മദ്യപാനം കരളിന്റെ ആരോഗ്യം തകര്‍ക്കുമെന്ന ഉല്‍ബോധനം നടക്കുമ്പോഴും മദ്യോപയോഗവും മദ്യ ഔട്ട്ലെറ്റുകളും കേരളത്തില്‍ വര്‍ധിക്കുന്നു.
കോതമംഗലം താലൂക്കിലെ ഭൂരിഭാഗം കിണറുകളും ചുറ്റുമതിലില്ലാത്തവയായതിനാല്‍ വെള്ളത്തിന്റെ മലിനീകരണം കൂടുതലാകുന്നു. ഈ താലൂക്കില്‍ മാത്രം അഞ്ചുപേര്‍ മരിക്കുകയും 78 പേര്‍ക്ക് മഞ്ഞപ്പിത്തബാധ സ്ഥിരീകരിക്കുകയും ചെയ്തുകഴിഞ്ഞു. ആദിവാസി ഗ്രാമങ്ങളിലും മഞ്ഞപ്പിത്തം പടരുന്നുണ്ട്. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ 91 പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. അനാരോഗ്യ ജീവിതശൈലിയോടൊപ്പം കേരളത്തിലെ മരണനിരക്കുയര്‍ത്താന്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്ന വില്ലന്‍ ആണ് വൈദ്യുതാഘാതം. കാറ്റില്‍പ്പെട്ട് വീഴുന്ന വൈദ്യുതകമ്പികളില്‍നിന്നും ഷോക്കേറ്റ് മരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. വീഴാറായ ഇലക്ട്രിക് പോസ്റ്റുകള്‍ റിപ്പയര്‍ ചെയ്യുകയോ മാറ്റുകയോ ചെയ്യാതെ, ഇലക്ട്രിക് കമ്പികള്‍ വഴിയില്‍ പൊട്ടിവീഴുന്നത് ശ്രദ്ധിക്കാതെ ഇലക്ട്രിസിറ്റി ബോര്‍ഡ് പ്രതിബദ്ധതയില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങളുടെ ജീവന് പുല്ലുവിലയാണ്. ആരോഗ്യരംഗം രോഗാതുരമായതും റോഡുകളുടെ അവസ്ഥ ശോചനീയമായതും മൂലം ഉണ്ടാകുന്ന മരണങ്ങളുടെ സംഖ്യ വര്‍ധിപ്പിച്ചാണ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഈ അനാസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: