നിസ്സഹായതയും സങ്കടവും സഹതാപവുമൊന്നും സഹിക്കവയ്യാഞ്ഞിട്ട് പറയുകയാണ്. നമ്മുടെയൊക്കെ ഏകരാജ്യമായ ഈ ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വിലാപകാവ്യം കേട്ടില്ലേ? തന്റെ കയ്യില്‍ മാന്ത്രികവടി ഇല്ലെന്ന്! താന്‍ ദുര്‍ബ്ബലനാണെന്ന്! അതുകൊണ്ട് അഴിമതിയ്ക്കെതിരേ തന്നെക്കൊണ്ട് യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്ന്!
ഇത് ഒരു തവണയല്ല, പലതവണ, പലവേദികളില്‍, പത്രങ്ങളില്‍, ദൃശ്യമാധ്യമങ്ങളില്‍ ഒക്കെ അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്നു. നമുക്ക് എങ്ങനെയാണ് ഈ പ്രതിസന്ധിയില്‍ അദ്ദേഹത്തെ ഒന്നു സഹായിക്കാനും സമാധാനിപ്പിക്കാനും കഴിയുക?
എന്നാല്‍, പദവിയിലിരുന്നുകൊണ്ട് എല്ലാമെല്ലാം സ്വന്തമാക്കിയ പ്രധാനമന്ത്രി നമുക്കുണ്ടായിട്ടില്ലേ? രാജ്യം സ്വന്തം കുടുംബസ്വത്താക്കിമാറ്റിയ പ്രധാനമന്ത്രി ഉണ്ടായിട്ടില്ലേ? എന്നിട്ടും ഒരു മാന്ത്രികവടിപോലും സ്വന്തമായിട്ടില്ലാത്ത ഇപ്പോഴത്തെ പ്രധാനമന്ത്രിയെ സാധുക്കളായ നമുക്ക് എങ്ങനെയാണ് സമാശ്വസിപ്പിക്കാന്‍ കഴിയുക?
പ്രശ്നം വെറും ഒരു മാന്ത്രികവടിയാണ്. അതുണ്ടെങ്കില്‍ എല്ലാമായി. പിന്നെ ഈ രാജ്യത്ത് മരുന്നിന് പോലും അഴിമതി ഉണ്ടാവില്ല. റോഡഴിമതിയും തോടഴിമതിയും കാടഴിമതിയും നിലയ്ക്കും. ആഫീസുകളിലും ആസ്പത്രികളിലും ഭരണരംഗങ്ങളിലും, എന്തിനധികം, ത്രിലോകങ്ങളിലൊരിടത്തും മഷിയിട്ടുനോക്കിയാല്‍പ്പോലും ഒരൊറ്റ അഴിമതിക്കാരനെയെങ്കിലും കണ്ടെത്താനാവില്ല.
ദേവസ്വം ബോര്‍ഡ്പോലും പുണ്യാഹം തളിച്ച് ശുദ്ധമാക്കപ്പെടും. ഇതൊക്കെ നടക്കുമെങ്കില്‍ സ്വന്തമായി ഒരു മാന്ത്രികവടിയെങ്കിലുമുള്ള ഒരാളെത്തന്നെ വേണ്ടേ നമുക്ക് പ്രധാനമന്ത്രിയായി വാഴിക്കാന്‍? നമ്മുടെ പ്രിയങ്കരനായ മജീഷ്യന്‍ മുതുകാടിനെ പ്രധാനമന്ത്രിയാക്കിയാല്‍ എന്താണ് കുഴപ്പം?
ഒരു കുഴപ്പവുമില്ല, എന്നുമാത്രമല്ല മറ്റൊരുപാട് ഗുണങ്ങളും അതുകൊണ്ടുണ്ടാകും.
കാരണം, മുതുകാട് സദാപ്രസന്നനാണ്. മുഖത്ത് ഒരാത്മവിശ്വാസത്തിന്റെ പ്രകാശമുണ്ട്. എന്തും നേരിടാനുള്ള തന്റേടമുണ്ട്. സ്വന്തമായി കര്‍ട്ടനുപിന്നിലും മുന്നിലുമുള്ള ആരെയെങ്കിലും അദ്ദേഹം ഭയപ്പെടുന്നതായി തോന്നുന്നുമില്ല. അദ്ദേഹത്തിന് ഒന്നും ഒളിയ്ക്കുവാനില്ല. ഒരു കലയുണ്ട്. സ്വന്തമായി ഒരു നട്ടെല്ലുള്ളയാളാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ അറിയാം. അദ്ദേഹത്തിന് സ്വന്തമായി ഒരു മാന്ത്രികവടിയുണ്ട്. ആ നിലയ്ക്ക് അദ്ദേഹത്തിന് മറ്റാരുടേയെങ്കിലും കയ്യിലെ വടിയായി മാറേണ്ട ദുര്യോഗം ഇല്ലേയില്ല. സ്വന്തം നിലയ്ക്കുതന്നെ സമൃദ്ധമായി ചിരിയ്ക്കും. മറ്റുള്ളവരെയൊക്കെ നന്നായി സന്തോഷിപ്പിയ്ക്കും.
അദ്ദേഹത്തെക്കണ്ടാല്‍ നമുക്ക് കരയണമെന്ന് തോന്നുകയേയില്ല. അദ്ദേഹം മനസ്സറിഞ്ഞ് കുട്ടികളെ കളിപ്പിക്കും. അതല്ലാതെ ഏതെങ്കിലും വിവരദോഷിയായ ഒരു കുട്ടിയുടെ കളിക്ക് നിന്നുകൊടുക്കുകയില്ല.
അദ്ദേഹം പാവകളെയൊക്കെ അങ്ങോട്ടുചെന്ന് കളിപ്പിയ്ക്കും; സ്വയം അതാവാന്‍ മുതുകാടിനെ കിട്ടില്ല. തീയില്‍ക്കൊണ്ടിട്ടാലും ഉയിര്ത്തെഴുന്നേല്ക്കും. ജനം സന്തോഷിയ്ക്കണം, അത്രേയുള്ളൂ അദ്ദേഹത്തിന്റെ ലക്ഷ്യം. ആലോചിച്ചുനോക്കൂ, അങ്ങനെയൊരാള്‍ തന്നേയല്ലേ പ്രധാനമന്ത്രിയാവേണ്ടത്?
നിങ്ങള്‍ ചോദിയ്ക്കും, അതിന് അദ്ദേഹം ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പില്‍ നിന്ന് മത്സരിയ്ക്കണ്ടേ എന്ന്. വേണ്ടല്ലോ. ഇപ്പോഴത്തെ പ്രധാനമന്ത്രി/ഒന്നിലധികം തവണ അങ്ങനെയായത് എവിടെ നിന്നെങ്കിലും മത്സരിച്ചിട്ടാണോ? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വോട്ട് രേഖപ്പെടുത്തുകപോലും ചെയ്തില്ലത്രേ. അപ്പോള്‍, ഇതൊക്കെ വേണമെങ്കില്‍ വേരിലും കായ്ക്കുന്ന ചക്കപോലെയേയുള്ളൂ.
ആകെക്കൂടി, അഴിമതി എന്ന ദുര്‍ബ്ഭൂതത്തെ ഇവിടെ നിന്ന് ഉച്ചാടനം ചെയ്യുവാന്‍ ഒരു കാരണവശാലും കഴിയില്ല എന്നുതന്നെയാണ് ബന്ധപ്പെട്ടവര്‍ ഉറപ്പിച്ചും തറപ്പിച്ചും പറയുന്നത്. കൂടെക്കിടക്കുന്നവര്‍ക്കല്ലേ രാപ്പനി അറിയൂ. കഴിയും എന്നു പറയാന്‍ നാമാര്? അടിയന്തരാവസ്ഥക്കാലത്തെ സഞ്ജയ്ഗാന്ധിയുടെ ഭരണവും നമ്മള് മറന്നിട്ടില്ലല്ലോ. മുപ്പത്തുവര്‍ഷം മുമ്പത്തെ വസന്തകാലം! അക്കാലത്ത് അദ്ദേഹത്തോടൊപ്പം ഉദിച്ചുയര്‍ന്ന ഒരു താരം ഇന്ന് കേന്ദ്രത്തിലിരുന്ന് സ്വന്തം അനുഭവപ്രചവനം ക്ഷീരബലപോലെ ആവര്‍ത്തിക്കുകയാണ്-‘അഴിമതി മുഴുവനായി തുടച്ചുനീക്കുവാന്‍ കഴിയില്ല!’ എന്ന്.
എങ്ങനെ കഴിയും? ഇവരൊക്കെത്തന്നെയല്ലേ അന്നും ഇന്നും നമ്മെ നയിക്കുന്നത്? അതുകൊണ്ട് അഴിമതി ഉണ്ടാവും, അന്നും ഇന്നും എന്നും. എന്നാലും നമുക്കൊന്ന് ശ്രമിച്ചു നോക്കാം, കുറേയെങ്കിലും തുടച്ചുനീക്കാന്‍ കഴിയുമോ എന്ന്. അതു ഗ്രാമതലം മുതല്‍ തുടങ്ങണം.
അഴിമതി തുടയ്ക്കാനുള്ള കര്‍ച്ചീഫുകള്‍ റേഷന്‍ കടകള്‍ വഴിയും പോസ്റ്റാഫീസുകള്‍ വഴിയുമൊക്കെ സൗജന്യമായി ഏവര്‍ക്കും നല്കുവാനുള്ള ഒരു സംവിധാനം ഉണ്ടാകണം. നാടുനീളെ, അല്ലെങ്കില്‍ കഴിയുന്നിടത്തെല്ലാം, കര്‍ച്ചീഫു ഫാക്ടറികള്‍ സ്ഥാപിയ്ക്കണം. അവനവന്റെ ആള്‍ക്കാര്‍ക്ക് തൊഴിലും കിട്ടും, അതിന്റെ പേരില്‍ പരമാവധി അഴിമതിയും നടക്കും-നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ഗുണം എന്നു പറഞ്ഞതുപോലെ!
ഇവിടെയും മുതുകാടിനാണ് നറുക്ക്. ഒരു കര്ച്ചീഫില് നിന്ന് നൂറെണ്ണമുണ്ടാക്കുവാന്‍ അദ്ദേഹത്തിന് ഒരു നിമിഷം മതി.
-പലതും മാറിച്ചിന്തിയ്ക്കുവാന്‍ നമുക്കും ഒരു നിമിഷം മതി. പക്ഷേ, നമ്മളുണ്ടോ ചിന്തിയ്ക്കുന്നു? ജെയ് മുതുകാട്!
ജെയ് മാന്ത്രികവടി!
എസ്. രമേശന് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: