ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നീട്ടിക്കൊണ്ടുപോകുവാന്‍ കേന്ദ്രസര്‍ക്കാര്‍ പഴുതുകള്‍ തേടുകയാണെന്ന് റിപ്പോര്‍ട്ട്. ലോക്പാല്‍ ബില്ലിന്റെ വിവിധ രൂപങ്ങള്‍ ലോക്സഭയില്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നതിന് മുന്നോടിയായി പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സാലും ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയും തമ്മില്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ലോക്സഭ നിയമം 193 പ്രകാരം വോട്ടിംഗ് ഇല്ലാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഇങ്ങനെ വരികയാണെങ്കില്‍ ബില്ലിലെ പല പ്രധാന വകുപ്പുകളും ചര്‍ച്ച ചെയ്യപ്പെടുകയില്ല. ഇതുകൂടാതെ 184-ാം നിയമപ്രകാരം ബില്‍ ലോക്സഭയില്‍ വോട്ടിംഗിനിടാനും പദ്ധതിയുണ്ട്. ഇതുപ്രകാരം ലോക്പാല്‍ ബില്ലിന്റെ വിവിധ രൂപങ്ങള്‍ സ്റ്റാന്റിംഗ് കമ്മറ്റിയുടെ പരിഗണനക്ക് അയക്കേണ്ടിവരും. ഇതും ബില്ലിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് കാലതാമസമുണ്ടാക്കും.
ഹസാരെയുടെ മുന്‍ ലോക്പാല്‍ ബില്‍, അരുണാ റോയിയുടെ ബില്‍, ജയപ്രകാശ് നാരായണന്റെ പേപ്പര്‍ ബില്‍, സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ എന്നിവയാണ് ലോക്സഭയില്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നത്. ബില്ലിന്റെ കാര്യത്തില്‍ പാര്‍ലമെന്റില്‍ അഭിപ്രായം ഉണ്ടാകാത്തപക്ഷം താന്‍ നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കില്ലെന്നാണ് ഹസാരെയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: