ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിന്മേല് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി പൊതുജനാഭിപ്രായം തേടിയതിനെതിരെ പൊതുസമൂഹ പ്രതിനിധികള്‍ രംഗത്ത് വന്നു. പൊതുജനാഭിപ്രായം തേടിയത് ജനങ്ങളുടെയും പാര്‍ലമെന്റ് അംഗങ്ങളുടെയും സമയം മെനക്കെടുത്തലാണെന്ന് ഹസാരെയുടെ അടുത്ത അനുയായിയായ അരവിന്ദ് കെജ്രിവാള് പറഞ്ഞു.
സ്റ്റാന്റിംഗ് കമ്മിറ്റിയുടെ മുമ്പില്‍ നേരത്തെ തങ്ങള്‍ ഹാജരായിരുന്നുവെന്നും ഇപ്പോഴത്തെ ബില്‍ അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതിനും അഴിമതിക്കാരെ സംരക്ഷിക്കുന്നതിനുമുള്ള ബില്ലാണെന്ന് അഭിപ്രായപ്പെട്ടിരുന്നതായും കെജ്രിവാള് വ്യക്തമാക്കി. തെറ്റായ ബില്ലിന്റെ മേല്‍ വിലയേറിയ സമയം ചെലവഴിക്കുന്നത് തന്നെ ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
15 ദിവസത്തിനുള്ളില്‍ ബില്ലിനെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ രാജ്യസഭാ ഡയറക്ടറെ അറിയിക്കാമെന്നാണ് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അറിയിച്ചത്. നേരിട്ട് അറിയിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രേഖാമൂലം അറിയിച്ചാല്‍ അതിനും അവസരം ലഭിക്കും.
ഓഗസ്റ്റ് 30 നുള്ളില്‍ ജന്‍ലോക്പാല്‍ ബില്‍ പാസാക്കണമെന്നാണ് ഹസാരെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ വച്ച് സെപ്റ്റംബര്‍ എട്ടിന് അവസാനിക്കുന്ന മണ്‍സൂണ്‍കാല പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ ശുപാര്‍ശകള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: