തൃശൂര്‍: ചെന്നൈയില്‍ വ്യാഴാഴ്ച അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന് ജോണ്‍സന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കരിക്കും. വെള്ളിയാഴ്ച രാത്രി ഒമ്പതരമണിയോടെയാണ് നെല്ലിക്കുന്ന് ജനതാ റോഡിലുള്ള തട്ടില്‍ തറവാട്ടിലേക്ക് ഭൗതികശരീരം എത്തിച്ചത്.
ശവസംസ്കാരച്ചടങ്ങുകള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് ഔദ്യോഗിക ബഹുമതികളോടെ നെല്ലിക്കുന്ന് പള്ളിയില്‍ ആരംഭിക്കും. അതിനുമുമ്പായി രാവിലെ 10 മുതല്‍ 12 വരെ മൃതദേഹം റീജണല്‍ തീയേറ്ററില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നാലരമണിക്കാണ് ചെന്നൈയില്‍നിന്ന് മൃതദേഹവുമായി ജെറ്റ് എയര്‍വേസ് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചത്. ആറരയോടെ നെടുമ്പാശ്ശേരിയില്‍ എത്തി. തൃശ്ശൂര്‍ മേയര്‍ ഐ.പി. പോള്‍, ഡെപ്യൂട്ടി കളക്ടര്‍ ഇ.വി. സുശീല, സിബി മലയില്‍, സിയാദ് കോക്കര്‍, രഘുനാഥ് പലേരി, ജയരാജ് വാര്യര്‍, എസ്.എന്‍. സ്വാമി, തൃശ്ശൂര്‍ തഹസില്‍ദാര്‍ കെ.എം. പോള്‍സണ്‍, അനില്‍ ഉമ്മന്‍ എന്നിവര്‍ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.
മണിക്കൂറുകള്‍ നീണ്ട ആശയകുഴപ്പത്തിന് ശേഷം ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടര മണിയോടെയാണ് ജോണ്‍സന്റെ മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത്. സാധാരണ മരണമായതിനാല്‍ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കിത്തരണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് പോലീസ് അതിന് തയാറായില്ല. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടെങ്കിലും പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാനായില്ല.
മലയാള ചലച്ചിത്ര ലോകത്തിലെ നിരവധി പ്രമുഖര്‍ ജോണ്സണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ കോളേജിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: