മുണ്ടക്കയം: മദ്യലഹരിയില്‍ പഞ്ചായത്ത് അംഗത്തിനെ മര്‍ദ്ദിച്ച മറ്റൊരു പഞ്ചായത്ത് അംഗത്തിനെ മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പത്തൊന്‍പതാം വാര്‍ഡംഗം ജനതാദളുകാരനായ എം.കെ.കുര്യാക്കോസിനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചേകാലിന് ഗ്രാമപഞ്ചായത്ത് ഓഫീസിലായിരുന്നു സംഭവം. ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കു വരികയായിരുന്ന എട്ടാം വാര്‍ഡ് മെമ്പറും ഡിസിസി അംഗവുമായ കെ.എസ്.രാജുവിനെ മദ്യലഹരിയിലായിരുന്ന കുര്യാക്കോസ് അകാരണമായി അസഭ്യം പറയുകയും പിടിച്ചു തള്ളുകയുമായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ ബ്ളോക്ക് പഞ്ചായത്തംഗം നൗഷാദ് ഇല്ലിക്കല്‍ ഇരുവരെയും പിടിച്ചു മാറ്റുകയും രാജുവിനെ സമീപത്തെ മുറിയില്‍ കൊണ്ടിരുത്തുകയും ചെയ്തു. ഇതിനിടയില്‍ മുറി തുറന്ന് അകത്തു കയറിയ കുര്യാക്കോസ് രാജുവിനെ വീണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്തടിക്കുകയും നാഭിക്ക് തൊഴിക്കുകയും ചെയ്തതായി രാജു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ മുണ്ടക്കയം എസ്ഐ സുരേഷ് കുമാര്‍ പിടിച്ചു മാറ്റുകയായിരുന്നു. കഴുത്തിന് ഞെക്കിപ്പിടിച്ചപ്പോള് നാവ് പുറത്തേക്ക് വരിയും ശ്വാസം നിലയ്ക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തില്‍ രാജുവിനറെ കഴുത്തില്‍ മൂന്നിടത്ത് മുറിവേറ്റിട്ടുണ്ട്. സോഷ്യലിസ്റ്റ് ജനതാദള്‍ ടിക്കറ്റില്‍ പൈങ്ങനാ വാര്‍ഡില്‍ നിന്നും അംഗമായ കുര്യാക്കോസിനെ സംബന്ധിച്ച് ഇതിനു മുമ്പും പഞ്ചായത്ത് ഓഫീസില്‍ മദ്യപിച്ചെത്തുന്നതായി ആക്ഷേപമുണ്ടായിട്ടുണ്ട്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ രാജുവിനെ മുണ്ടക്കയം ഗവണ്‍മെണ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: