കൊച്ചി: കേരളാ പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന് ജൂലൈ 14 ന് നടത്തിയ പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കി. എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കിയ റാങ്ക്ലിസ്റ്റില്നിന്ന് മാനേജ്മെന്റ് ക്വാട്ടയിലേക്കുള്ള സീറ്റില്‍ പ്രവേശനം നടത്താന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. അസോസിയേഷന് നടത്തിയ പ്രവേശന പരീക്ഷ ചോദ്യം ചെയ്ത് പി.ആമിനനഹന നല്കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ആന്റണി ഡൊമനിക് പ്രവേശന പരീക്ഷ റദ്ദാക്കിയത്. അസോസിയേഷന് മുഹമ്മദ് കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ പരീക്ഷ നടത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മറ്റി അതിലെ നടപടികള്‍ മാത്രമാണ് നോക്കിയതെന്ന നിലപാടിനെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു. കമ്മറ്റി ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും കമ്മറ്റിയുടെതന്നെ നിയമപരമായ അധികാരങ്ങളും നിര്‍ദേശങ്ങളും ഉപയോഗിച്ചില്ലെന്നും അവരുടെ വീഴ്ചകള്‍ മറച്ചുവയ്ക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. പ്രവേശന പരീക്ഷ എഴുതിയവര്‍ ഹര്‍ജിയിലെ കക്ഷികളല്ലെന്ന അസോസിയേഷന്റെ വാദം കോടതി അംഗീകരിച്ചില്ല.
പ്രവേശന പരീക്ഷയുടെ തുടര്‍ നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടുകളില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രൊഫഷണല്‍ കോളേജുകളിലെ പ്രവേശനം സുതാര്യവും യോഗ്യതയുടെ അടിസ്ഥാനത്തിലുമായിരിക്കണമെന്ന് കോടതി പറഞ്ഞു. പതിനൊന്ന് കോളേജുകളുള്‍പ്പെടുന്ന അസോസിയേഷന് നടത്തിയ പ്രവേശന പരീക്ഷ കോടതിവിധികളെയും പ്രവേശന പരീക്ഷാ നിയമത്തെയും മറികടന്നാണെന്ന് കോടതി കണ്ടെത്തി. കമ്മറ്റിയുടെ അനുമതിയില്ലാതെയും മേല്നോട്ടത്തിലല്ലാതെയുമാണ് പരീക്ഷ നടന്നതെന്ന് കമ്മറ്റി കോടതിയില്‍ കുറ്റസമ്മതം നടത്തി. നേരത്തെ മാനേജ്മെന്റ് അസോസിയേഷന് പ്രവേശന പരീക്ഷ നടത്തുന്നതിന് സമയപരിധി നീട്ടിക്കിട്ടുവാന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതി ജൂലൈ 17 ന് മുമ്പ് പ്രവേശന പരീക്ഷ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും ഈ വ്യവസ്ഥ പാലിച്ചില്ലെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.
സ്വാശ്രയ പ്രവേശനം സംബന്ധിച്ച് ഫാത്തിമ ഹനീഫ കേസിലും നൂര്‍ബിന ഭാനു കേസിലും മുമ്പുള്ള കോടതി ഉത്തരവുകളാണ് അന്തിമമായി ഹൈക്കോടതിയെടുത്തത്. സുപ്രീംകോടതി മാനേജ്മെന്റ് അസോസിയേഷന് സമയപരിധി നീട്ടിനല്‍കുക മാത്രമാണ് ചെയ്തതെന്നും ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകളും നിര്‍ദേശങ്ങളും അത് മറികടക്കുന്നതല്ലെന്നും കോടതി പറഞ്ഞു. അസോസിയേഷന്റെ പരീക്ഷ നിയമവിരുദ്ധമാണെന്ന് കാണിക്കുന്ന മൂന്നാമത്തെ വിധിയാണിതെന്നും സര്‍ക്കാരും കമ്മറ്റിയും തുല്യമായ വീഴ്ചകള്‍ വരുത്തിയെന്നും കോടതി നിരീക്ഷിച്ചു.
മാനേജ്മെന്റ് അസോസിയേഷന് ഹര്‍ജിക്കാരിക്ക് 25,000 രൂപയും കേരളാ ഹൈക്കോര്‍ട്ട് ലീഗല്‍ സര്‍വീസ് കമ്മറ്റി അഞ്ച് ലക്ഷം രൂപയും പിഴയൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സ്വാശ്രയ പ്രവേശനം സംബന്ധിച്ച് അസോസിയേഷനും സര്‍ക്കാരും തമ്മിലുള്ള ധാരണ ഇതോടെ ഇല്ലാതായി. സ്വാശ്രയ പ്രവേശനം വീണ്ടും നിയമനടപടിക്ക് വിധേയമാകുമെന്നാണ് ഇപ്പോഴത്തെ ഉത്തരവ് സൂചിപ്പിക്കുന്നത്.
നിയമകാര്യ ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: