കോവളം: തിരുവനന്തപുരം ജില്ലയിലെ പൂങ്കുളത്ത് കന്യാസ്ത്രീയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ വാട്ടര്‍ ടാങ്കില്‍ കാണപ്പെട്ടു. പാലപ്പൂര് ഹോളി ക്രോസ് എല്‍.പി സ്കൂളിലെ അധ്യാപികയായ സിസ്റ്റര്‍ മേരി ആന്‍സി(48)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ കണ്ടെത്തിയത്.
സ്കൂളിനോട് ചേര്‍ന്നുള്ള കോണ്‍വെന്റിലെ വാട്ടര്‍ ടാങ്കിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. ടാങ്കിന് കോണ്ക്രീറ്റിലുള്ള രണ്ട് മേല്മൂടികളിലുള്ളതില് ഒരെണ്ണം മാറ്റിവച്ച നിലയിലാണ്. കോട്ടയം സ്വദേശിയാണ് സിസ്റ്റര്‍ മേരി ആന്‍സി.
മേരിമാതാ ചര്‍ച്ചിന്റെ കീഴിലുള്ള സ്കൂളുകളാണ് പാലപ്പൂര് ഹോളിക്രോസ് എല്‍.പി സ്കൂളും പൂങ്കുളം ഹോളിസ്പിരിച്വല് സ്കൂളും. 21 വര്‍ഷമായി ഇവര്‍ പാലപ്പൂര് സ്കൂളിലെ അധ്യാപികയാണ്. എന്നാല്‍ താമസിക്കുന്നത് ഹോളിസ്പിരിച്വല് സ്കൂള്‍ വളപ്പിലെ കോണ്‍വെന്റിലാണ്.
ഇന്നലെ രാത്രി ആഹാരം കഴിച്ച ശേഷം കോണ്‍വെന്റിലുള്ള 9 കന്യാസ്ത്രീമാരും അവരവരുടെ മുറികളിലേക്ക് പോയതായിരുന്നു. ഇന്ന് പുലര്‍ച്ചെ 5മണിക്ക് അടുത്ത മുറിയിലെ കന്യാസ്ത്രീ ആന്‍സിയെ തട്ടിവിളിച്ചെങ്കിലും ഉണര്‍ന്നിരുന്നില്ല.
വാതില്‍ അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് 7 മണിക്ക് മറ്റു കന്യാസ്ത്രീകള്‍ വിളിച്ചുണര്ത്താനെത്തിയപ്പോഴാണ് വാതില്‍ ചാരിയ നിലയില്‍ കണ്ടെത്തിയത്. പരിശോധിച്ചപ്പോള്‍ മുറിയില്‍ ആളെ കാണാത്തതിനാല്‍ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.
നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ടാങ്കിന്റെ മൂടി മാറ്റി വച്ച നിലയില്‍ കണ്ടെത്തിയതും അതിനുള്ളില്‍ മൃതദേഹം കണ്ടതും. തുടര്‍ന്ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തുടര്‍ നടപടി സ്വീകരിച്ചു.
ഇവര്‍ക്ക് അലര്‍ജി വന്ന് ശരീരം പൊള്ളിയ നിലയിലായി. ഇതില്‍ മനോവിഷമം ഉണ്ടായിരുന്നതായി കൂടെയുള്ളവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: