കൊച്ചി: കാറും കോളും നിറഞ്ഞ കള്ള കര്‍ക്കിടകം വിട വാങ്ങി. വീണ്ടും ഒരു ഓണക്കാലത്തിന്റെ വരവറിയിച്ച് ചിങ്ങം പിറന്നു. അറയും പറയും നിറയുന്ന പൊന്നിന് ചിങ്ങമാസം. പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാം.
ഏത് നാട്ടില്‍ കഴിഞ്ഞാലും വീടേതു മാറിയാലും മലയാളിയുടെ മനസില്‍ ഒരിക്കലും വറ്റാത്ത വികാരമാണ് ചിങ്ങമാസവും പൊന്നോണവും. മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളുവുമെല്ലാം മലയാളിയുടെ മനസിലെ മായാത്ത സ്മരണകളാണ്. കാര്‍ഷിക കേരളത്തിന്റെ കൊയ്ത്തുകാലം കൂടിയാണ് ചിങ്ങം. പാടം നിറയെ വിളഞ്ഞുകിടക്കുന്ന സ്വര്‍ണ്ണ നിറമുള്ള പ്രതീക്ഷകള്‍. ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്.
മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ മനുഷ്യര്‍ മാത്രമല്ല, പ്രകൃതിയും അണിഞ്ഞൊരുങ്ങുന്ന മാസം കൂടിയാണ് ചിങ്ങം. നിറയെ പൂത്തു നില്ക്കുന്ന തുമ്പയും തെച്ചിയും ചെമ്പകവുമെല്ലാം മാവേലി മന്നനായി കാത്തിരിക്കുന്നു. അത്തം പിറന്നു കഴിഞ്ഞാല്‍ മുറ്റം നിറയെ പൂക്കളങ്ങള്‍. പത്താം നാള് തിരുവോണം. മാനുഷരെല്ലാം ഒന്നുപോലെ ആമോദത്തോടെ വാണ ആ പഴയ കാലത്തിന്റെ ഓര്‍മ്മ വീണ്ടും മലയാള നാട്ടില്‍ ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കട്ടെ.
തുഞ്ചന്റെ കിളിമകള്‍ പാടി വളര്‍ത്തിയ മലയാള ഭാഷയുടെ ദിനം കൂടിയാണ് ചിങ്ങം ഒന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: