ന്യൂദല്‍ഹി: ഹസാരെയെയും സംഘത്തെയും ഒന്നടങ്കം ജയിലിലടച്ചതിനെതിരെ രാജ്യത്തുടനീളം ജനരോഷം ഇരമ്പുന്നു. അണ്ണാ ഹസാരെയ്ക്കും സംഘാംഗങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള നിരവധി പ്രതിഷേധ പ്രകടനങ്ങളാണ് രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ അരങ്ങേറിയത്.
ഹസാരെയുടെ ജന്മദേശമായ മഹാരാഷ്ട്രയില്‍ അദ്ദേഹത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നിരവധി പ്രകടനങ്ങളും കുത്തിയിരുപ്പ് സമരങ്ങളും നടന്നു. കന്നുകാലികളുമായി റോഡ് ഗതാഗതം തടസപ്പെടുത്തിക്കൊണ്ടാണ് ഹസാരെയുടെ ജന്മഗ്രാമമായ റലേഗന്‍ സിദ്ധി നിവാസികള്‍ പ്രതിഷേധിച്ചത്. ഹസാരെയുടെ സ്വതന്ത്രനാക്കുന്നതുവരെ ഹര്‍ത്താല്‍ ആചരിക്കാനാണ് ഗ്രാമവാസികള്‍ തീരുമാനിച്ചിട്ടുള്ളതെന്നും, ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ പിന്തുണയും അദ്ദേഹത്തിനൊപ്പമുണ്ടെന്നും ഹസാരെയുടെ അടുത്ത അനുയായിയും 73കാരനുമായ ദത്ത അവരി അറിയിച്ചു. ഇതോടെ ജയില്‍ നിറക്കല്‍ സമരത്തില്‍ പങ്കാളിയാവുക എന്ന ഹസാരെ സംഘത്തിന്റെ ആഹ്വാനത്തിന് പ്രകാരം മുംബൈയില്‍ നിരവധി പ്രക്ഷോഭകര്‍ അറസ്റ്റ് വരിച്ചു. അഴിമതിക്കെതിരായ ജനരോഷത്തെ തടഞ്ഞുനിര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം വിജയം കാണില്ലെന്ന് പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തക മേധാപട്കര്‍ അഭിപ്രായപ്പെട്ടു. മുംബൈയില്‍ നടന്ന പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. ഇതോടൊപ്പം പൂനെ, നാസിക് മുതലായ നഗരങ്ങളിലും ഹസാരെ അനുകൂലികള്‍ പ്രകടനം നടത്തി. ഇതോടൊപ്പം ഹസാരെയെ അനുകരിച്ച് ഗാന്ധിത്തൊപ്പി അണിഞ്ഞെത്തിയ നൂറുകണക്കിന് അനുയായികള്‍ നാഗ്പൂരില്‍ കൂട്ട അറസ്റ്റ് വരിച്ചു. നാഗ്പൂരിലെ റിസര്‍വ് ബാങ്ക് ചത്വരത്തിലേക്ക് കൂട്ടമായെത്തിയാണ് ഇവര്‍ അറസ്റ്റ് വരിച്ചത്. ഹസാരെ സംഘത്തിനെതിരായ പോലീസ് നടപടിയെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ അവകാശങ്ങളെ ഹനിക്കുന്നതുമായ നടപടിയാണ് ഹസാരെ സംഘത്തിനെതിരെ പോലീസ് സ്വീകരിച്ചതെന്ന് തെലുങ്കുദേശം പാര്‍ട്ടി നേതാവ് എന്‍.ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു. ജനാധിപത്യ അവകാശങ്ങളെ കശക്കിയെറിയുന്ന സമീപനമാണ് യുപിഎ സര്‍ക്കാരിന്റേത്. ഹസാരെ സംഘത്തിനെതിരായ പോലീസ് നടപടിയില്‍ രാഷ്ട്രത്തോട് മാപ്പ് പറയാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തയ്യാറാകണം, അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം ജനാധിപത്യത്തെ അപകടത്തിലാക്കുന്ന തരത്തിലുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശത്തെ ഹനിക്കാന്‍ സര്ക്കാരിനവകാശമില്ലെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്ജുന് മുണ്ട ഓര്‍മിപ്പിച്ചു.
ജനദ്രോഹപരമായ നടപടികളാണ് അടിക്കടി കേന്ദ്രസര്‍ക്കാരില്‍നിന്ന് ഉണ്ടാകുന്നതെന്നും വര്‍ധിച്ചുവരുന്ന ജനരോഷത്തിനു മുന്നില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇതോടൊപ്പം അഴിമതിക്കെതിരായ ഹസാരെ സംഘത്തിന്റെ പോരാട്ടത്തില്‍ ഏവരും പങ്കാളികളാകണമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡി അഭിപ്രായപ്പെട്ടു. സമാധാനപരമായ രീതിയില്‍ പ്രതിഷേധിക്കുവാന്‍ ജനങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
അഴിമതിക്കെതിരെ ഇന്ത്യാ മൂവ്മെന്റ് ബീഹാര്‍, പശ്ചിമബംഗാള്‍ ഘടകങ്ങള്‍ അതാത് സംസ്ഥാനങ്ങളില്‍ കുത്തിയിരുപ്പ് സമരങ്ങള്‍ നടത്തി. ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള സംഘടനകളും അറസ്റ്റില്‍ പ്രതിഷേധിച്ച് പശ്ചിമബംഗാളില്‍ നിരത്തിലിറങ്ങിയിരുന്നു. ഹസാരെയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആസാം, കര്‍ണാടക, കേരളം എന്നിവിടങ്ങളിലും സമരപരിപാടികള്‍ നടന്നു. തമിഴ്നാട്ടിലെ ചെന്നൈ, കോയമ്പത്തൂര്‍, മധുര നഗരങ്ങളിലും ഹസാരെയുടെ അനുയായികള്‍ നിരത്തിലിറങ്ങി. ഹസാരെക്കെതിരായ പോലീസ് നടപടി അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് അഭിപ്രായപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും സത്യഗ്രഹികള്ക്കെതിരെയുള്ള പോലീസ് നടപടിയെ നിശിതമായി വിമര്‍ശിച്ചു.
ഇതിനിടെ അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി രാജ്യവ്യാപകമായി പ്രതിഷേധത്തിനൊരുങ്ങുന്നു. ഹസാരെ സംഘത്തെ തുറുങ്കിലടച്ച പോലീസ് നടപടിയിലൂടെ അടിയന്തരാവസ്ഥ തിരികെയെത്തിയിരിക്കുകയാണെന്നും രാജ്യവ്യാപകമായി സമാധാനപരമായി നടത്തുന്ന പ്രക്ഷോഭത്തിലൂടെ ഇതിനെതിരായി സമരം ചെയ്യുമെന്നും ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരി അറിയിച്ചു. ഹസാരെയെ ഉടന്‍ സ്വതന്ത്രനാക്കണം, യുപിഎ സര്‍ക്കാരിന്റെ സ്വേഛാധിപത്യത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുവാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്, അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരാവകാശം റദ്ദ് ചെയ്യുന്ന അധികാരധാര്‍ഷ്ട്യം ഇനി അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹസാരെയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് അഖിലേന്ത്യാ കോളേജ് ബന്ദ് നടത്തുമെന്ന് എബിവിപി വ്യക്തമാക്കി.
ഇതോടൊപ്പം കരുതല്‍ നടപടിയെന്ന് വിശദീകരണം നല്കി ഹസാരെ സംഘത്തെ ജയിലിലടച്ചതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് രംഗത്തെത്തി. ഇത്തരമൊരു നടപടിയില്‍ രണ്ടാഴ്ചക്കകം വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും ദല്‍ഹി പോലീസ് കമ്മീഷണര്‍ക്കും നോട്ടീസയച്ചു കഴിഞ്ഞു. സമാധാനപരമായി സത്യഗ്രഹം നടത്താനിരുന്നവരെ കസ്റ്റഡിയിലെടുത്തതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഉടന്‍തന്നെ വിശദീകരണം നല്കാന് അധികൃതര്‍ ബാധ്യസ്ഥരാണെന്നും കമ്മീഷന് വക്താവ് അറിയിച്ചു. ഹസാരെയും അനുയായി അരവിന്ദ് കേജ്രിവാളുമുള്പ്പെടെ ആറുപേരെയാണ് പോലീസ് തിഹാര്‍ ജയിലിലടച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: