ആലപ്പുഴ: പുന്നമടയില്‍ ആവേശത്തിന്റെ അലകള്‍ തീര്‍ത്ത കലാശ പോരാട്ടത്തില്‍ കൊല്ലം ജീസസ് ബോട്ട്ക്ലബ് തുഴഞ്ഞ ദേവാസ് ചുണ്ടന് നെഹ്റുട്രോഫി സ്വന്തമാക്കി. ഫോട്ടോഫിനിഷിലാണ് കൈനകരി ഫ്രീഡം ബോട്ട്ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയത്. യുബിസി കൈനകരി തുഴഞ്ഞ മുട്ടേല്‍ കൈനകരിച്ചുണ്ടന് മൂന്നാംസ്ഥാനവും ആലപ്പുഴ ടൗണ്‍ ബോട്ട്ക്ലബ് തുഴഞ്ഞ പായിപ്പാടന് ചുണ്ടന് നാലാംസ്ഥാനവും നേടി.
അത്യന്തം വാശിയേറിയ പോരാട്ടമാണ് ഫൈനല്‍ മത്സരത്തില്‍ നടന്നത്. ദേവാസ്, കാരിച്ചാല്‍, മുട്ടേല്‍ കൈനകരി ചുണ്ടനുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഇതേ തുടര്‍ന്ന് ഫലപ്രഖ്യാപനം അര മണിക്കൂറിലേറെ വൈകി. തുഴച്ചില്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിന്റെ വക്കിലെത്തിച്ചു.
കഴിഞ്ഞ മൂലം വള്ളംകളിയില്‍ പരാജയപ്പെട്ടതിന്റെ മധുര പ്രതികാരം കൂടിയായി ജീസസിന്റെ വിജയം. അവിടെ കാരിച്ചാല്‍ ചുണ്ടനാണ് ജേതാവായത്. വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ പള്ളം വേമ്പനാട് ബോട്ട്ക്ലബിന്റെ കോട്ടപ്പറമ്പന്‍ ഒന്നാംസ്ഥാനവും ആര്‍പ്പൂക്കര മണിയാപറമ്പ് കൈരളി ബോട്ട്ക്ലബിന്റെ വെങ്ങാലി രണ്ടാംസ്ഥാനവും നേടി. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ ചെക്കിടിക്കാട് പച്ച ബോട്ട്ക്ലബിന്റെ മാമ്മൂടന്‍ ഒന്നാമതെത്തി. കാവാലം കുന്നുമ്മ ബോട്ട്ക്ലബിന്റെ മൂന്നുതൈക്കല്‍ രണ്ടാംസ്ഥാനം നേടി. വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ മങ്കൊമ്പ് സെന്റ് പീയൂസ് ടെന്ത് ബോട്ട്ക്ലബിന്റെ ചിറമേല്‍ തോട്ടുകടവനാണ് ജേതാവായത്. തെക്കനോടി വനിതാ വിഭാഗത്തില്‍ പുന്നമട വേമ്പനാട് വനിതാ ബോട്ട് ക്ലബിന്റെ ദേവാസ് ജേതാവായി.
ചുരുളന്‍ വിഭാഗത്തില്‍ ആലപ്പുഴ നീലിമ വിദ്യാഭവന് തുഴഞ്ഞ വേലങ്ങാടനാണ് ഒന്നാമതെത്തിയത്. ചുണ്ടന്‍വള്ളങ്ങളുടെ പ്രദര്‍ശന മത്സരത്തില്‍ നടുഭാഗം ബിബിസി തുഴഞ്ഞ നടുഭാഗം ചുണ്ടന് ജയിച്ചു. കേന്ദ്രആരോഗ്യ മന്ത്രി ഗുലാംനബി ആസാദ് ജലമേള ഉദ്ഘാടനം ചെയ്തു. തോമസ്ഐസക് എംഎല്‍എ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. നടന് മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ സമ്മാനദാനം നിര്‍വഹിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: