പള്ളുരുത്തി: സ്വകാര്യ സ്കൂളിന് മുന്നില്‍നിന്നും പട്ടാപ്പകല്‍ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ബുധനാഴ്ച പകല്‍ 12.30 ഓടെയാണ് സംഭവം. ഈ ദിവസം ഓപ്പണ്‍ഡേ ആയതിനാല്‍ 12.30 വരെ സ്കൂള്‍ ഉണ്ടായിരുന്നുള്ളൂ. സ്കൂള്‍ വിട്ടതിനുശേഷം കുട്ടി സ്കൂളിന് പുറത്ത് രക്ഷകര്‍ത്താക്കളെ കാത്തുനില്ക്കുമ്പോള് ഒരു യുവതി സമീപത്തെത്തി കുട്ടിയുടെ അമ്മയുടെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി ഇവരുടെ വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടൊപ്പം യുവതി കയ്യില്‍ ബലമായി കടന്നുപിടിച്ചതായും കുട്ടി പറഞ്ഞു. കുതറിയോടാന്‍ ശ്രമിച്ചുവെങ്കിലും യുവതി വിടാന്‍ കൂട്ടാക്കിയില്ല. പരിസരത്ത് സംഭവം ശ്രദ്ധിക്കുന്നവര്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ കുട്ടിയുടെ രക്ഷിതാവെന്നാണ് കരുതിയത്.
കുട്ടി യുവതിയുടെ കൈവിടുവിച്ചശേഷം തൊട്ടടുത്ത വീട്ടില്‍ ഓടിക്കയറുകയായിരുന്നു. ഈ സമയം യുവതിയുടെ ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാരന് ബൈക്കില്‍ കുട്ടിയെ പിന്തുടര്ന്നു. കുട്ടിയെ ബൈക്കില്‍ പിന്തുടര്ന്നയാള് ജാക്കറ്റും ഹെല്‍മറ്റും ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. കുട്ടി കയറിയിരുന്ന വീട്ടുകാര്‍ സ്കൂള്‍ അധികൃതരെ അറിയിക്കുമ്പോഴാണ് അവര്‍ സംഭവം അറിയുന്നത്. ഉടന്‍തന്നെ ബന്ധപ്പെട്ടവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പള്ളുരുത്തി എസ്ഐയുടെ നേതൃത്വത്തില്‍ പോലീസെത്തി പ്രദേശത്ത് തെരച്ചില്‍ നടത്തി. യുവതിയെ കണ്ടാല്‍ അറിയാമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ് കര്‍ശന നിയന്ത്രണനിര്ദേശങ്ങളടങ്ങിയ കുറിപ്പ് രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്കി. സ്കൂള്‍ പരിസരത്തോ കോമ്പൗണ്ടിലോ അപരിചിതരെ കണ്ടാല്‍ അധികൃതരെ വിവരമറിയിക്കുവാനും പറയുന്നുണ്ട്. രക്ഷകര്‍ത്താക്കള്‍ അല്ലാത്തവര്‍ സ്കൂളില്‍ എത്തിയാല്‍ കുട്ടികളെ കൂടെ വിടില്ലെന്നും സ്കൂള്‍ പിടിഎ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: