വാഷിംഗ്ടണ്‍: സിറിയയില്‍ പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നതിനു തടയിടാനായി പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യയും ചൈനയും മുന്നിട്ടിറങ്ങണമെന്ന് യുഎസ്. സിറിയയുടെ ഊര്‍ജ്ജരംഗത്ത് വന്‍ നിക്ഷേപങ്ങളുള്ള ഇരു രാജ്യങ്ങളും അസദിന് മേല്‍ സമ്മര്‍ദം ശക്തമാക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് ആവശ്യപ്പെട്ടു. ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അമര്‍ ഇക്കാര്യം ഉന്നയിച്ചത്.
സിറിയയുടെ മേല്‍ അമേരിക്ക നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. യൂറോപ്പിനെ കൂട്ടുപിടിച്ച് സിറിയയുടെ ഇന്ധന വ്യാപാരമേഖലയില്‍ കനത്ത ഉപരോധം ഏര്‍പ്പെടുത്തുന്നതുവഴി അസാദിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്താനാണ് അമേരിക്ക പദ്ധതിയിടുന്നത് അവര്‍ വെളിപ്പെടുത്തി. സിറിയയുടെ ഊര്‍ജ്ജമേഖലകളില്‍ നിക്ഷേപങ്ങളുള്ള രാജ്യങ്ങളായ ഇന്ത്യയുടേയും ചൈനയുടേയും പിന്തുണയോടുകൂടി അവിടുത്തെ ഭരണകൂടത്തെ വരുതിയിലാക്കാന്‍ കഴിയുമെന്നും ഹിലരി പ്രത്യാശ പ്രകടിപ്പിച്ചു. മനുഷ്യത്വരഹിതമായ നടപടികളാണ് ആ രാജ്യത്തെ ഭരണകൂടം പ്രക്ഷോഭകാരികള്‍ക്കെതിരെ സ്വീകരിച്ചു പോരുന്നത്. ഇത് തീര്‍ച്ചയായും തടയണം. അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായാണ് സിറിയയുടെ കാര്യത്തില്‍ യുഎസ് പരസ്യമായി ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെടുന്നത്. ഉപരോധം ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള നടപടികള്‍ ഇന്ത്യ സിറിയയിലെ അസദ് ഭരണകൂടത്തിനെതിരെ എടുക്കണമെന്നതാണ് അമേരിക്കയുടെ ആവശ്യം. സിറിയയുമായുള്ള സാമ്പത്തിക ബന്ധം പരിമിതമായ സാഹചര്യത്തില്‍ യുഎസിന് ആ രാജ്യത്തെ ഭരണകൂടത്തിനെതിരെ കാര്യമായ നടപടികള്‍ സ്വീകരിക്കാനാവുകയില്ലെന്നും ഹിലരി ചൂണ്ടിക്കാട്ടി.
സിറിയയുമായി ശക്തമായ വാണിജ്യ ബന്ധങ്ങളുള്ള യൂറോപ്പ്, ചൈന, ഇന്ത്യ, അറബ് രാജ്യങ്ങള്‍ എന്നിവര്‍ സഹകരിക്കുകയാണെങ്കില്‍ ആ രാജ്യത്തെ അരക്ഷിതാവസ്ഥ പരിഹരിക്കാനാകും. സിറിയയുമായി വാണിജ്യബന്ധം തുലോം വിരളമായ യുഎസിനെക്കാള്‍ അസദ് ഭരണകൂടത്തെ ഉപരോധിക്കാനാവുക മേല്‍പ്പറഞ്ഞ രാജ്യങ്ങള്‍ക്കാണ്, അവര്‍ പറഞ്ഞു. ഇതോടൊപ്പം അസദിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടമായിരിക്കുകയാണെന്നും ഒബാമ ഭരണകൂടം അതൃപ്തി നേരത്തെ തന്നെ പ്രകടിപ്പിച്ചു കഴിഞ്ഞതായും ഹിലരി വ്യക്തമാക്കി. സിറിയക്കെതിരായ അമേരിക്കന്‍ നിലപാടിന് റഷ്യയുടെയും ചൈനയുടേയും പിന്തുണയുണ്ടെന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. അസദ് ഭരണകൂടത്തിനെതിരായ വികാരം ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍നിന്നും ഉയര്‍ന്നു വരണമെന്നതാണ് അമേരിക്കയുടെ ആവശ്യം, ഹിലരി പറഞ്ഞു.
ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്കൊപ്പം ചേര്ന്നുനില്ക്കാന് കഴിയുന്നതില്‍ അമേരിക്കയ്ക്ക് അഭിമാനമുണ്ടെന്നും സിറിയന്‍ പ്രക്ഷോഭകാരികള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സര്വശ്രമങ്ങള്ക്കും രാജ്യം പിന്തുണ നല്‍കുമെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: