തൃശൂര്‍ : ജില്ലയില്‍ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. വെള്ളക്കെട്ടും രൂക്ഷമായിട്ടുണ്ട്. നഗരത്തിലും, ജില്ലയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശവും വെള്ളക്കെട്ടിലമര്‍ന്നു. ഇന്നലെ പടിഞ്ഞാറെ കോട്ടയില്‍ വീട് തകര്‍ന്നുവീണു. ആളപായമില്ല. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. വടക്കാഞ്ചേരി കരുമത്ര പുന്നംപറമ്പ് പാടശേഖരത്തില്‍ കതിരുവന്ന നെല്‍കൃഷി വെള്ളത്തിലായി. ഈ പ്രദേശങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കുണ്ടൂകാട് – പനംപിള്ളി നഗറില്‍ പത്തോളം വീടുകളില്‍ വെള്ളംകയറി. ഈ പ്രദേശത്തെ തോടുകള്‍ കരകവിഞ്ഞൊഴുകിയതോടെ വാഴകൃഷിയും മറ്റും നശിച്ചിട്ടുണ്ട്. വിയ്യൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ റോഡിലെ വെള്ളക്കെട്ട് മൂലം വഴിയാത്ര ദുസ്സഹമായി. മഴയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില് ആറ് കെട്ടിടങ്ങളാണ് തകര്‍ന്നു വീണത്.
എന്നാല്‍ വയലുകളില്‍ വെള്ളമൊഴുകിപോവാനുള്ള സൗകര്യങ്ങള്‍ കുറഞ്ഞതും, കൃത്യമായ വെള്ളം കെട്ടി നിറുത്താന്‍ പറ്റാത്തതും വിളയെ കാര്യമായി ബാധിച്ചിട്ടുണ്ട്. നഗരത്തിലാകട്ടെ തകര്‍ന്ന റോഡുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് അപകടത്തിനിടയാക്കിയിട്ടുണ്ട്. കെ.എസ്. ആര്.ടി.സി, പൂത്തോള്‍ റോഡ് എന്നിവിടങ്ങളില്‍ അപകടങ്ങളുമുണ്ടായി.
മഴ കനത്തതു മൂലം പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ 2.5 അടി വീതം തുറന്നിട്ടുണ്ട്. ചേറ്റുവയില്‍ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്. നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പലവീട്ടുകാരും ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റി. ഏത്തായ് നീലിമ ടിമ്പറിന്റേയും പൊതുശ്മനാത്തിലേയും പടിഞ്ഞാറുഭാഗത്തുള്ള കണ്‍വെര്‍ട്ടുകളും കുളങ്ങളും നിറഞ്ഞു കവിഞ്ഞു. പൂച്ചാട്ടില്‍ ബാലകൃഷ്ണന്റെ വീടിനകത്തേക്ക് വെള്ളം കയറിയതിനെത്തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ നശിച്ചു. ഇതേതുടര്‍ന്ന് ഇവര്‍ ബന്ധുവീട്ടിലേക്ക് താമസം മാറ്റി. ചേറ്റുവ എംഇഎസ് സെന്ററിലെ വ്യവസായ സ്ഥാപനങ്ങളിലെ പരിസരവും നിരവധി വീടുകളും വെള്ളത്തില്‍ മുങ്ങി. ചേറ്റുവ കടലിന് കിഴക്കുഭാഗമുള്ള വി.അബ്ദു, വി.ഹസ്സന്, പി.എം.റാഫി തുടങ്ങിയവരുടെ വീടും വെള്ളക്കെട്ട് ഭീഷണിയിലാണ്. ചേറ്റുവകോട്ട, ചിപ്ലിമാട്, ചേറ്റുവ പടന്ന, വി.എസ്.കോളനി തുടങ്ങിയ സ്ഥലങ്ങളിലും വെള്ളക്കെട്ടിനെതുടര്‍ന്ന് പരിസരവാസികള്‍ ദുരിതത്തിലാണ്. ചാഴൂര്‍ പഞ്ചായത്തിലെ വാലി, ഹെര്‍ബര്‍ട്ട് കനാല്‍, ഇഞ്ചമുടി, താന്ന്യം പഞ്ചായത്തിലെ ബാപ്പുജി മിച്ചഭൂമി കോളനി, ചെറുവരമ്പ് കോളനി എന്നിവിടങ്ങളിലും വെള്ളക്കെട്ട് ഭീഷണിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: