തിരുവനന്തപുരം: ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് നിയമസഭയിലെ വീഡിയോ ദൃശ്യങ്ങളുടെ പരിശോധനയില്‍ വ്യക്തമായി. നിയമസഭയില്‍ ഇല്ലാതിരുന്ന ഒരംഗത്തിന്റെ വോട്ട് കൃത്രിമമായി രേഖപ്പെടുത്തിയാണ് ഭരണപക്ഷം വോട്ടെടുപ്പില്‍ വിജയിച്ചതെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെത്തുടര്‍ന്നാണ് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കാലതാമസം നേരിട്ടതായി ആരോപിച്ച് പ്രതിപക്ഷം വീഡിയോ പരിശോധനയില്‍ പങ്കെടുത്തില്ല. എന്നാല്‍ സഭയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന ധനമന്ത്രി കെ.എം.മാണി തന്റെ പ്രസംഗം നീട്ടിക്കൊണ്ടു പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി. മാണിയുടെ അടുത്തെത്തി സി.എഫ്.തോമസും കുഞ്ഞാലിക്കുട്ടിയും പ്രസംഗം നീട്ടാന്‍ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിലുണ്ട്. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് സമയം നീട്ടണമെന്നായിരുന്നു കുഞ്ഞാലിക്കുട്ടി കെ.എം.മാണിയോട് ആവശ്യപ്പെട്ടത്. നിയമസഭയില്‍ വേണ്ടത്ര ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ഭരണപക്ഷം വോട്ടെടുപ്പ് നീട്ടികൊണ്ടുപോയെന്ന പ്രതിപക്ഷത്തിന്റെ വാദം ശരിയാണെന്ന് പരിശോധനയില്‍ വ്യക്തമായി.
മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ പരിശോധന. നിയമസഭയുടെ ചരിത്രത്തിലാദ്യമായാണിത്. പതിമൂന്നാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന്റെ അവസാന ദിവസമാണ് (ജൂലൈ 20)വോട്ടെടുപ്പിന്റെ പേരില്‍ സഭ ശബ്ദമുഖരിതമായത്. വീഡിയോ പരിശോധനയില്‍ സഭയിലില്ലാതിരുന്ന ആരുടേയും വോട്ട് മറ്റ് അംഗങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞു. സഭയില്‍ വേണ്ടത്ര അംഗങ്ങളില്ലാത്തിനാല് ഭരണപക്ഷം വോട്ടെടുപ്പ് മനപൂര്‍വ്വം നീട്ടികൊണ്ടുപോയതായും ദൃശ്യങ്ങളില്‍നിന്നും വ്യക്തമായി. വോട്ടിംഗ് സമയത്ത് 69 അംഗങ്ങളാണ് ഭരണപക്ഷത്ത് ഉണ്ടായിരുന്നത്. സ്പീക്കര്‍ വോട്ടെടുപ്പിന് അനുമതി നല്കിയപ്പോള് 67 പേര് ഇവിഎമ്മില്‍ (ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനില്‍) വോട്ട് രേഖപ്പെടുത്തി. രണ്ട് അംഗങ്ങള്‍ (സി.പി. മുഹമ്മദ്, ടി.എ. അഹമ്മദ് കബീര്‍) എന്നിവര്‍ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷിനീല്‍ വോട്ട് തെളിയാത്തതിനാല്‍ എഴുന്നേറ്റ് നിന്ന് കൈ ഉയര്‍ത്തി വോട്ട് ചെയ്തു.
നിയമസഭാ ചട്ടങ്ങളില്‍ 2010 ഏപ്രില്‍ എട്ടാം തീയതി വരുത്തിയ ഭേദഗതി പ്രകാരം 301(4) ചട്ട പ്രകാരം തന്റെ വോട്ട് ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഒരംഗത്തിന് ബോധ്യപ്പെട്ടാല്‍ കൈ ഉയര്‍ത്തി വോട്ട് ചെയ്യാനാകും. ഇത് സ്പീക്കര്‍ അംഗീകരിക്കണമെന്ന് മാത്രം. പ്രതിപക്ഷ എംഎല്‍എ കെ.കെ. ജയചന്ദ്രന് ദീര്‍ഘനേരം ഇലകട്രോണിക്ക് വോട്ടിംഗ് യന്ത്രത്തില്‍ അമര്ത്തിപിടിച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്ന് നിയമസഭാ സെക്രട്ടറി വിശദീകരിച്ചു. വോട്ടെടുപ്പ് സമയം വര്‍ക്കല കഹാര്‍, ഹൈബി ഈഡന്, ടി.യു. കുരുവിള എന്നിവര്‍ സഭയില്‍ ഇല്ലായിരുന്നു.
പ്രതിപക്ഷം ആരോപിക്കുന്നതുപോലെ മറ്റൊരംഗം വോട്ട് ചെയ്തിരുന്നെങ്കില്‍ വോട്ടിംഗ് നില സൂചിപ്പിക്കുന്ന കമ്പ്യൂട്ടര്‍ പ്രിന്റില്‍ സഭയില്‍ ഇല്ലാതിരുന്ന അംഗത്തിന്റെ പേര് കൂടി വോട്ട് രേഖപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുമായിരുന്നു. സി.പി മുഹമ്മദ്, ടി.എ അഹമ്മദ് കബീര്‍ എന്നിവര്‍ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷിനില്‍ വോട്ട് രേഖപ്പെടുത്തിയശേഷമാണ് കൈ ഉയര്‍ത്തി വോട്ട് ചെയ്തതെന്ന പ്രതിപക്ഷത്തിന്റെ വാദവും തെറ്റാണെന്ന് തെളിഞ്ഞു. രണ്ടുപേരുടേയും പേര് ഇവിഎമ്മില്‍ വോട്ട് ചെയ്തവരുടെ കൂട്ടത്തില്‍ ഇല്ല. ഇതിന്റെ കമ്പ്യൂട്ടര്‍ പ്രിന്റ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിരുന്നു.
വീഡിയോ ദൃശ്യങ്ങളില്‍ കണ്ടത്: 2.06ന് കെ.എം.മാണി സംസാരിക്കാനാരംഭിച്ചു. മാണി സംസാരം അവസാനിപ്പിച്ച് ഇരിക്കുന്നു. ബില്പാസാക്കണമെന്നുള്ള മൂന്നാം വായനക്കായി സ്പീക്കര്‍ മാണിയെ ക്ഷണിക്കുന്നു. മാണിയുടെ അഭ്യര്‍ഥന കഴിഞ്ഞാല്‍ വോട്ടെടുപ്പാണ്. സഭയില്‍ അംഗങ്ങളില്ലെന്ന് മനസിലാക്കിയതനെത്തുടര്ന്ന് മാണി സംസാരിച്ച് തീര്‍ന്നിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് എഴുന്നേറ്റു. ഈ സമയത്ത് പ്രതിപക്ഷ അംഗങ്ങള്‍ മാണിയുടെ ധവള പത്രത്തിന്റെ പേരില്‍ ബഹളം തുടരുന്നു. 2.08 ന് സി.എഫ്. തോമസ് മാണിയുടെ അടുത്തെത്തി പ്രസംഗം നീട്ടാന്‍ അറിയിക്കുന്നു. 2.10ന് കുഞ്ഞാലികുട്ടി പ്രതിപക്ഷത്തെ പ്രവോക്ക് ചെയ്യാന്‍(പ്രകോപിപ്പിച്ച് സമയം നീട്ടാന്‍) മാണിയോട് ആവശ്യപ്പെടുന്നു. ഈ സമയത്തും പ്രതിപക്ഷം ബഹളം തുടരുന്നു. 2.12 ന് പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങുന്നു. അംഗങ്ങളില്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രസംഗം നീട്ടികൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്നും ഉടന്‍ വോട്ടെടുപ്പ് വേണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സ്പീക്കറോട് ആവശ്യപ്പെടുന്നു. 2.17 ന് പ്രതിപക്ഷം എഴുന്നേറ്റ് നിന്ന് വോട്ടെടുപ്പ് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുന്നു. 2.21ന് സ്പീക്കര്‍ വോട്ടെടുപ്പ് നടത്താന്‍ ബെല്‍ മുഴക്കാന്‍ നിര്‍ദ്ദേശം നല്കുന്നു. 2.22ന് വോട്ടെടുപ്പ് ആരംഭിക്കുന്നു. 68 അംഗങ്ങള്‍ ഭരണപക്ഷത്തുനിന്നും വോട്ട് ചെയ്തതായി സ്പീക്കര്‍ ആദ്യം പ്രഖ്യാപിക്കുന്നു. പിന്നീട് 67 അധികം രണ്ട് (സി.പി. മുഹമ്മദ്, ടി.എ. അഹമ്മദ് കബീര്‍) എന്ന് തിരുത്തുന്നു.
ഇതിനിടെ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നില്ല എന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കിയവരെ സ്പീക്കര്‍ ശാസിക്കുന്നു. പിന്നീട് 68 പേര് വോട്ട് ചെയ്തതായും, അന്തിമമായി 69 പേര് ഭരണപക്ഷത്തുനിന്നും വോട്ട് ചെയ്തതായും പ്രഖ്യാപിക്കുന്നു.
പ്രതിപക്ഷം വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. പിന്നീട് സ്പീക്കര്‍ റവന്യൂമന്ത്രിയെ നെല്വയല്ക്കണ്ണീര്ത്തട ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനായി ക്ഷണിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വോട്ടെടുപ്പില്‍ പങ്കെടുത്ത അംഗങ്ങളുടെ എണ്ണമെടുത്തപ്പോള്‍ നിയമസഭാ ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റി ഒരു വോട്ടില്‍ കുറവുണ്ടായത് ആശയകുഴപ്പത്തിന് ഇടയാക്കി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞുവെന്ന് ദൃശ്യങ്ങളുടെ പരിശോധനയ്ക്ക് ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി. കാര്ത്തികേയന്, മന്ത്രിമാരായ കെ.സി. ജോസഫ്, കെ.പി. മോഹനന്, പി.കെ. കുഞ്ഞാലികുട്ടി, കെ.എം. മാണി, എന്‍. ശക്തന് എംഎല്‍എ തുടങ്ങിയവര്‍ വീഡിയോ പരിശോധന കാണാന്‍ എത്തിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: