തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന മൂവായിരത്തോളം അധ്യാപകര്‍ക്ക് അംഗീകാരം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. പതിനായിരം അധ്യാപക തസ്തികകള്‍ സ്ഥിരപ്പെടുത്താനും കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിനിടെ തലയെണ്ണല്‍ മൂലം ജോലി നഷ്ടപ്പെട്ട 4500 അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നല്കിയ നിര്‍ദ്ദേശങ്ങള്‍ തത്വത്തില്‍ അംഗീകരിച്ചു കൊണ്ടാണ് മന്ത്രിസഭയുടെ തീരുമാനം. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാകുന്നതോടെ സ്കൂളുകളില്‍ ഇനി തലയെണ്ണല്‍ ഉണ്ടാകില്ല.
ശമ്പളമില്ലാതെ ജോലി നോക്കുന്ന 2920 എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ നിയമനത്തിന് നടപ്പു വര്‍ഷം മുതല്‍ അംഗീകാരം നല്കി. ഇതിനു പുറമെയുള്ള 695 പേരുടെ നിയമനാംഗീകാരം കോടതി അപ്പീല്‍ തീര്‍പ്പുകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. സമിതി നല്കിയ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി അധ്യാപക സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എയ്ഡഡ് മേഖലയിലെ നിയമനങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകരെ നിയമിച്ച ശേഷം സര്‍ക്കാരിന്റെ അംഗീകാരം വാങ്ങുന്നതായിരുന്നു ഇതുവരെയുണ്ടായിരുന്ന ശൈലി. എന്നാല്‍ ഇനിമുതല്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടുകൂടി മാത്രമേ എയ്ഡഡ് മേഖലയില്‍ നിയമനങ്ങള്‍ നടത്താന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. എയിഡഡ് മേഖലയിലെ നിയമനങ്ങളില്‍ സര്‍ക്കാര്‍ കൈകടത്തുകയല്ല, എന്നാല്‍ നിയന്ത്രിക്കുകയാണ് ചെയ്യുകയെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
1996 മുതല്‍ 2011 വരെ കുട്ടികളുടെ തലയെണ്ണല്‍ മൂലം ജോലി നഷ്ടപ്പെട്ട പരമാവധി 4500 അധ്യാപകര്‍ക്ക് പുനര്‍ നിയമനം നല്‍കും. .ഇനി മുതല്‍ വിദ്യാഭ്യാസ വകുപ്പില്‍ കുട്ടികളുടെ തലയെണ്ണലിനു പകരം ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ സംവിധാനം പ്രയോജനപ്പെടുത്തും. ‘സംരക്ഷിത അധ്യാപകര്‍’എന്ന വിഭാഗം ഇനിയുണ്ടാകില്ല.
പകരം ‘ടീച്ചേഴ്സ് ബാങ്ക്’ രൂപീകരിക്കും. അഞ്ചാം ക്ലാസ് വരെ ഒരു ക്ലാസില്‍ പരമാവധി 30 കുട്ടികള്‍ വീതമാണുണ്ടാവുക. ആറുമുതല്‍ 10 വരെ ക്ലാസുകളില്‍ പരമാവധി 35 കുട്ടികള്‍ മാത്രമേ ഉണ്ടാകൂ. ഇനി സ്കൂളുകളില്‍ കുട്ടികളുടെ എണ്ണമനുസരിച്ച് മാറാത്ത നിശ്ചിത അധ്യാപക തസ്തികകള്‍ ഉണ്ടായിരിക്കും. 2010-11 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന് ഓര്‍ഡര്‍ അടിസ്ഥാനം.
നൂറ്റമ്പത് കുട്ടികളില്‍ കൂടുതലുള്ള എല്‍പി സ്കൂളുകളില്‍ പുതിയ 1322 ഹെഡ് ടീച്ചര്‍ തസ്തിക സൃഷ്ടിക്കും. 100-ല്‍ കൂടുതല്‍ കുട്ടികളുള്ള യുപി സ്കൂളുകളില്‍ ഇത് 1355 ആയിരിക്കും. ക്ലാസ് ചാര്‍ജുള്ള പ്രധാനാധ്യാപകന് ഉണ്ടാകില്ല. ഓരോ സ്കൂളിലും നിയമനാവകാശമുള്ളതും ജോലി നഷ്ടപ്പെട്ടവരുമായ അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് സ്കൂള്‍തലത്തില്‍ തയ്യാറാക്കും. ഓരോ സ്കൂളിനും അധികം വരുന്ന ഒഴിവുകള്‍ തിട്ടപ്പെടുത്തി മൂന്ന് വിഭാഗങ്ങളില്‍ നിന്ന് മുന്‍ഗണനാക്രമത്തില്‍ മാത്രം നിയമനം നല്‍കാനാണ് തീരുമാനം.
ഓരോ സ്കൂളിലെയും ഒഴിവുള്ള തസ്തികകള്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യണം. ചുമതല പ്രഥമാധ്യാപകനായിരിക്കും. എയ്ഡഡ് സ്കൂളുകളിലെ മൊത്തം ഒഴിവുകള്‍ ക്രോഡീകരിച്ച് പിഎസ്സി മാതൃകയില്‍ വിജ്ഞാപനം ഇറക്കും. വിജ്ഞാപനം ചെയ്ത ഒഴിവുകള്‍ മാത്രം നികത്താം. അപേക്ഷ നല്‍കേണ്ടതും നിയമിക്കേണ്ടതും മാനേജര്‍മാരാണ്.
നിയമന വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തും. നിയമനാംഗീകാരവും ഓണ്‍ലൈനിലൂടെയാകും നല്‍കുക. എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ ശമ്പളബില്ലുകള്‍ ഒപ്പിടുന്നത് ഡി.ഇ.ഒ-എ.ഇ.ഒ.മാരല്ല. പകരം അതാത് സ്കൂള്‍ പ്രധാനാധ്യാപകരായിരിക്കും. ശമ്പളബില്‍ തയ്യാറാക്കല്‍ ‘സ്പാര്‍ക്ക്’ സോഫ്ട്വെയര് മുഖേനയാക്കും. പുതിയ അധ്യാപക നിയമനങ്ങള്‍ക്ക് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് നിര്‍ബന്ധമാക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരം സ്കൂളുകളില്‍ നിന്ന് സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തിക എടുത്ത് മാറ്റും. പകരം കേന്ദ്രീകൃത നിയമനം നടത്തും. നിലവിലുള്ള സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ക്കു പുറമെ 2752 അധ്യാപകരെ ടീച്ചേഴ്സ് ബാങ്കില്‍നിന്നും വിന്യസിക്കും.
എല്ലാ അധ്യാപകര്‍ക്കും രണ്ട് മാസത്തെ തീവ്ര പരിശീലന പരിപാടി നല്‍കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവിലുള്ള ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ തുടരും. മൂന്നു വര്‍ഷംകൊണ്ട് ഘട്ടംഘട്ടമായി ഇത് പൂര്‍ത്തിയാക്കും. അധ്യാപകരുടെ പ്രകടനം വിലയിരുത്താന്‍ ജില്ലാതലത്തില്‍ മോണിറ്ററിംഗ് അതോറിറ്റി രൂപീകരിക്കും. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഇത് വിലയിരുത്തും. ഹ്രസ്വകാല ഒഴിവുകളും ടീച്ചേഴ്സ് ബാങ്കില്‍ നിന്ന് നികത്തും. ഒരൊഴിവിന് അഞ്ചു പേരുടെ ലിസ്റ്റ് ടീച്ചേഴ്സ് ബാങ്കില്‍നിന്ന് ലഭ്യമാക്കും. ഇതിലൊരാളെ മാനേജര്‍ക്കോ സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിക്കോ നിയമിക്കാം.
വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കൂടി പ്രയോജനപ്പെടുത്തുന്നതിനാല്‍ പദ്ധതികള്‍ക്കായി സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത വരുന്നത് കേവലം 6.68 കോടി രൂപ മാത്രമാണ്. പദ്ധതിയുടെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താന്‍ ഐടി അറ്റ് സ്കൂള്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ സമഗ്ര വിവര വ്യൂഹം തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: