ന്യൂദല്‍ഹി : എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായതിനെ ന്യായീകരിച്ചുകൊണ്ട് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി കേരളത്തിലെ എം.പിമാര്‍ക്ക് കത്തയച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് താന്‍ സുപ്രീംകോടതിയില്‍ അറിയിച്ചതെന്ന് സിങ്വി കത്തില്‍ പറയുന്നു.
എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്കു വേണ്ടി സിങ്വി കോടതിയില്‍ ഹാജരായത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണു തന്റെ ഭാഗം ന്യായീകരിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കു മെയില്‍ അയച്ചത്. കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ കോടതിയില്‍ എതിര്‍ത്തിട്ടില്ല. കേരളത്തിന് പുറമെ ഒരു സംസ്ഥാനവും നിരോധനം ആവശ്യപ്പെട്ടിട്ടില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടു മാത്രമാണ് താന്‍ കോടതിയില്‍ അറിയിച്ചത്.
കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യണം എന്നായിരുന്നു പ്രധാനമായും ആവശ്യപ്പെട്ടത്. കയറ്റുമതിക്കു കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാടാണ് എടുത്തിരിക്കുന്നത്. അതിനാല്‍ കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും നിലപാട് അംഗീകരിച്ചാണ് കോടതിയില്‍ ഹാജരായതെന്നും സിങ്വി കത്തില്‍ വ്യക്തമാക്കുന്നു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സിങ്വി എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. ഇത് കേരളത്തിലെ കോണ്‍ഗ്രസില്‍ തന്നെ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: