തിരുവനന്തപുരം: പണം തട്ടിപ്പ് കേസിലെ പ്രതികളെ ഗുണ്ടാ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരാന്‍ ശുപാര്‍ശ. ഗുണ്ടാ നിയമം പരിഷ്ക്കരിക്കണമെന്ന് ഇന്റലിജന്‍സ് എ.ഡി.ജി.പി റിപ്പോര്‍ട്ട് നല്കി. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല പോലീസ് യോഗമാണ് സംസ്ഥാനത്തെ ഗുണ്ടാനിയമം പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചത്.
ഇന്റലിജന്‍സ് എ.ഡി.ജി.പി ഹേമചന്ദ്രനെ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഡി.ജി.പി ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് മണി ചെയിന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മണി ചെയിന്‍ കമ്പനികളുടെ ഉടമകളെയും ഡയറക്ട് ബോര്‍ഡ് അംഗങ്ങളെയും ഗുണ്ടാ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എ.ഡി.ജി.പി ശുപാര്‍ശ ചെയ്യുന്നു.
ചില വ്യക്തികള്‍ ഒന്നിലധികം മണി ചെയിന്‍ തട്ടിപ്പ് കേസുകളില്‍ പ്രതികളാവുന്ന സാഹചര്യം നിലവിലുണ്ട്. ഇത്തരക്കാരെ നിയന്ത്രിക്കാനാണ് പുതിയ ശുപാര്‍ശ. ഗുണ്ടാ നിയമപ്രകാരം ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്ന വ്യക്തി വീണ്ടും കേസുകളില്‍ പ്രതിയാവുകയാണെങ്കില്‍ ഒരു വര്‍ഷത്തേയ്ക്ക് വീണ്ടും ശിക്ഷിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു.
2007ല്‍ പാസായ ഗുണ്ടാനിയമം അനുസരിച്ച് ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കും മണല്‍ കടത്താനും ഉപയോഗിക്കുന്ന വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്താല്‍ അത് സര്‍ക്കാരിലേക്ക് കണ്ട്കെട്ടാന്‍ വ്യവസ്ഥ ചെയ്തിരുന്നു. ഈ വ്യവസ്ഥ ഹൈക്കോടതി മുമ്പ് റദ്ദാക്കി. പോലീസ് പിടിക്കുന്ന വാഹനങ്ങളുടെ ഉടമകളുടെ അഭിപ്രായം കൂടി കേട്ട ശേഷം തുടര്‍ നടപടികള്‍ക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള നിര്‍ദ്ദേശവും കരട് റിപ്പോര്‍ട്ടിലുണ്ട്.
ചര്‍ച്ചകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് ഈയാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: