തിരുവനന്തപുരം: ശ്രീ പത്മാനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ കണക്കെടുപ്പിന്റെ ദേവഹിതമറിയുന്നതിന് നാളെ മുതല്‍ മൂന്ന് ദിവസം ക്ഷേത്രത്തില്‍ ദേവപ്രശ്നം വയ്ക്കും. തരണനല്ലൂര്‍ പരമേശ്വരന് നമ്പൂതിരിപ്പാടാണ് ദേവപ്രശ്നത്തിന് നേതൃത്വം നല്‍കുക.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ, രാജകുടുംബാംഗങ്ങള്‍, ക്ഷേത്രം തന്ത്രി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ഇതുവരെ ക്ഷേത്രത്തില്‍ നടത്തിയ കണക്കെടുപ്പും പരിശോധനയും ദൈവഹിതത്തിന് അനുകൂലമാണോയെന്ന് അറിയുകയാണ് ഉദ്ദേശം. കൂടാതെ ഇനി നടക്കാന്‍ പോകുന്ന പരിശോധന, ബി നിലവറ തുറക്കല്‍, സമ്പത്തിന്റെ മൂല്യം നിര്‍ണയിക്കല്‍ എന്നിവയ്ക്കു ദൈവഹിതമുണ്ടോയെന്നു ദേവപ്രശ്നത്തിലൂടെ കണ്ടെത്തും.
ദേവപ്രശ്നം നടക്കുമ്പോള്‍ ഭക്തജനങ്ങളെ കൂടി പങ്കെടുപ്പിക്കണമെന്ന അഭിപ്രായമുണ്ട്. എന്നാല്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ദേവപ്രശ്നം നടത്തുന്നതില്‍ ക്ഷേത്ര സമ്പത്തു കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിച്ച പരാതിക്കാര്‍ക്കു വിയോജിപ്പുണ്ട്.
പരിശോധനയ്ക്കു മുന്‍പു ദേവപ്രശ്നം നടത്തണമെന്നു തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി അനുകൂലമോ പ്രതികൂലമോ ആയ ഉത്തരവു പുറപ്പെടുവിച്ചിട്ടില്ല. കോടതിയുടെ അനുമതിയില്ലാതെ ദേവപ്രശ്ന കാര്യത്തില്‍ തീരുമാനമെടുത്തെന്നാണു പരാതിക്കാരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: