കൊല്ലം: ഓച്ചിറയില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ ട്രെയ്ന്‍ ടെമ്പോയിലിടിച്ച് അഞ്ച് പേര് മരിച്ചു. തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്കു പോവുകയായിരുന്ന മാവേലി എക്സ്പ്രസ് ടെമ്പോയില്‍ ഇടിക്കുകയായിരുന്നു.
വള്ളിക്കുന്നം സ്വദേശി അജയകുമാര്‍, ഡ്രൈവര്‍ ഓച്ചിറ വയനകം സ്വദേശി ശശി, ബംഗാള്‍ സ്വദേശികളായ അനില്‍ മാണ്ഡോ, ചന്തു ഷെയ്ഖ്, ബര്പു മറാഫി എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഓച്ചിറ സ്വദേശി സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയ്ക്ക് ആളില്ലാത്ത ലെവല്‍ ക്രോസില്‍ രാത്രി 9.15ഓടെയാണ് അപകടം. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍പറ്റാത്ത നിലയിലാണ്. രണ്ടുപേരുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്തിന് 300 മീറ്റര്‍ അകലെയുള്ള കുളത്തില്‍ തലതകര്ന്നനിലയില് കണ്ടെത്തി.
പടിഞ്ഞാറുനിന്ന് കിഴക്കോട്ടുപോകുകയായിരുന്ന ടെമ്പോവാന്‍ ആദ്യത്തെ ട്രാക്ക് കടന്ന് രണ്ടാമത്തെ ട്രാക്കിലേക്ക് പ്രവേശിക്കുമ്പോഴാണ് മാവേലി എക്സ്പ്രസ് ടെമ്പോ ഇടിച്ചുതെറിപ്പിച്ചത്. ടെമ്പോയെ മൂന്ന് മീറ്റര്‍ അകലെവരെ ട്രെയിന്‍ വലിച്ചിഴച്ചുകൊണ്ടുപോയി. പത്തരയോടെ ട്രെയ്ന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഓച്ചിറ റെയ്ല്‍വേ സ്റ്റേഷനില്‍ പരിശോധനയ്ക്കു ശേഷമാണ് മാവേലി എക്സ്പ്രസ് യാത്ര പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: