കൊച്ചി: സമ്പത് ഘടനയുടെ നട്ടെല്ലായ കാര്‍ഷിക മേഖലയെ സംബന്ധിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിക്കുക, കൃഷിഭൂമിയുടെ വിനിയോഗം, ഭൂവുടമസ്ഥത, കാര്‍ഷിക വിളകളുടെ വിതരണം, ജലസേചനം, വളം, കീടനാശിനി എന്നിവയയുടെ ഉപഭോഗം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഒമ്പതാമത് കാര്‍ഷിക സെന്‍സസിന് തുടക്കം കുറിച്ചു. 1970-71ല്‍ തുടക്കം കുറിച്ച കാര്‍ഷിക സെന്‍സസ് അഞ്ച് വര്‍ഷത്തില്‍ ഒരിക്കലാണ് നടത്തുന്നത്. തുടര്‍ന്ന് എട്ടു കാര്‍ഷിക സെന്സസുകള് രാജ്യത്ത് നടന്നു.
ഫുഡ് ആന്റ് അഗ്രികള്‍ച്ചറര്‍ ഓര്‍ഗനൈസേഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടത്തപ്പെടുന്ന ലോക കാര്‍ഷിക സെന്‍സസിന്റെ ഭാഗമായിട്ടാണ് ഇന്ത്യയില്‍ കാര്‍ഷികസെന്‍സസ് നടത്തുന്നത്. 2010-11 അടിസ്ഥാന വര്‍ഷമായി കണക്കാക്കി മൂന്ന് ഘട്ടങ്ങളായാണ് ഒമ്പതാമത് കാര്‍ഷിക സെന്‍സസ് നടത്തുന്നത്. ഒന്നാം ഘട്ടത്തില്‍ കൈവശാനുഭവക്കാരുടെ സ്ത്രീ-പുരുഷ സ്വഭാവങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന സൂചിക തയ്യാറാക്കും. രണ്ടാം ഘട്ടത്തില്‍ കൈവശാനുഭവ ഭൂമിയിലെ കാര്‍ഷിക വിളകളുടേയും അതിന്റെ ജലസേചനമടക്കമുള്ള സ്വഭാവങ്ങളും ശേഖരിക്കും. ഭൂവിനിയോഗം, വിവിധ കാര്‍ഷിക വിളകള്‍ ജലസേചന സംവിധാനങ്ങള്‍, ജലസേചന മാര്‍ക്ഷങ്ങള്‍ എന്നിവയും പഠനവിധേയമാക്കും.
മൂന്നാം ഘട്ടത്തില്‍ കാര്‍ഷിക ആവശ്യത്തിനായുള്ള ഘടകങ്ങളെ കുറിച്ച് വിശദമായ വിവരങ്ങള്‍ തെരെഞ്ഞെടുക്കപ്പെടുന്ന കൈവശാനുഭവ ഭൂമിയില്‍ നിന്നും ശേഖരിക്കും. എല്ലാ ജില്ലകളിലേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട 20 ശതമാനം വാര്‍ഡുകള്‍ പ്രാഥമിക യൂണിറ്റായി കണക്കാക്കി വാര്‍ഡുകളിലെ മുഴുവന്‍ കുടുംബങ്ങളും, സ്ഥാപനങ്ങളും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്.
ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മുഖേനയാണ് കാര്‍ഷിക സെന്‍സസ് നടത്തുക. ജില്ലയിലെ സ്വയം ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ ഓരോ വീടും സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വസ്റ്റിഗേറ്റര്‍മാര്‍ സന്ദര്‍ശിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്ന്ത്. കാര്‍ഷിക സെന്‍സസിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍ അധ്യക്ഷനായും ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറായും ഏകോപനസമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍, ഡിവഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, പഞ്ചായത്ത് ഡെപ്പ്യൂട്ടി ഡയറക്ടര്‍, റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ ഓഫ് അര്‍ബന്‍ ഓഫയേഴ്സ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ (എന്‍.ഐ.സി) എന്നിവരാണ് സമിതി അംഗങ്ങള്‍.
ജില്ലാ തല സമിതിയുടെ ആദ്യ യോഗം കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.കാര്‍ഷിക സെന്‍സസ് 2010-11 എന്ന വിഷയത്തില്‍ സെന്‍സസ് വിവര ശേഖരണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇന്‍വസ്റ്റിഗേറ്റര്‍മാര്‍ക്ക് ഏകദിന ശില്പശാലയും സംഘടിപ്പിച്ചു. സര്‍ക്കാരിന് ആവശ്യമുള്ള സ്ഥിതി വിവരക്കണക്കുകള്ക്ക് വേണ്ടണ്ടി മാത്രം ഉപയോഗിക്കുന്ന സെന്‍സസ് വിവരങ്ങള്‍ക്ക് ജനങ്ങള്‍ സത്യസന്ധമായ വിവരങ്ങള്‍ നല്‍കണമെന്ന് ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: