ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ കമ്പനിക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിങ്വി. എന്‍ഡോസള്‍ഫാന്‍ കയറ്റുമതിക്ക് അനുമതി നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
എന്‍ഡോസള്‍ഫാന്‍ നിരോധന വിഷയത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാര്‍ പോലും ചോദ്യം ചെയ്യുമ്പോഴാണ് സിങ്വി കമ്പനികളുടെ അസോസിയേഷനു വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ചത്. മുന്‍പു ലോട്ടറിക്കേസില്‍ ലോട്ടറിക്കമ്പനികള്ക്കു വേണ്ടി സംസ്ഥാന സര്‍ക്കാരിനെതിരേ കേരള ഹൈക്കോടതിയില്‍ അദ്ദേഹം ഹാജരായതു വിവാദമായിരുന്നു.
കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ പരാതിയെത്തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടി പദവിയില്‍ നിന്നു മാറ്റി നിര്‍ത്തിയിരുന്നു. പിന്നീട് ദേശീയ വക്താവ് സ്ഥാനത്ത് തിരിച്ചെത്തിയതാണ് സിങ്വി. കേന്ദ്രസര്‍ക്കാരിന്റെ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്കിയ ദിവസം തന്നെയാണ് അതേ പാര്‍ട്ടിയുടെ വക്താവ് കീടനാശിനി കമ്പനിക്ക് അനുകൂലമായി കമ്പനിക്ക് വേണ്ടി ഹാജരായത് എന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: