ന്യൂദല്‍ഹി: അസമിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഒഫ് അസം (ഉള്‍ഫ) നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരവുമായി ചര്‍ച്ച നടത്തി. ആവശ്യങ്ങളടങ്ങിയ രേഖ ചിദംബരത്തിനു കൈമാറി.
ഉള്‍ഫ ചെയര്മാന് അരവിന്ദ രാജ്ഖൊവയുടെ നേതൃത്വത്തിലുള്ള സംഘമാണു ചര്‍ച്ച നടത്തിയത്. നോര്‍ത്ത് ബ്ലോക്കിലെ ഓഫിസില്‍ മുക്കാല്‍ മണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയും പങ്കെടുത്തു. പ്രാരംഭ ചര്‍ച്ചയാണു നടന്നതെന്നും തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അസമിലെ 32 വര്‍ഷത്ത പ്രവര്‍ത്തനത്തിനിടെ ആദ്യമായാണ് ഉള്‍ഫ സമാധാന ചര്‍ച്ചയ്ക്ക് തയ്യാറായ ശേഷം ഔദ്യോഗികമായി തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന് കൈമാറുന്നത്. ഉള്‍ഫ വൈസ് ചെയര്മാന് പ്രദീപ് ഗൊഗോയ്, രാഷ്ട്രീയ ഉപദേഷ്ടാവ് ബിമകാന്ദ ബുരഗോഹിന്, വിദേശ സെക്രട്ടറി സഷ ചൗധരി, ധനകാര്യ സെക്രട്ടറി ചിത്രബോസ് ഹസാരിക, സാംസ്കാരിക സെക്രട്ടറി പ്രണതി ധേക്ക, പബ്ലിസിറ്റി സെക്രട്ടറി മിതിംഗ ദൈമാരി, ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് രാജു ബറുവ എന്നിവരും ഉള്‍ഫയെ പ്രതിനിധീകരിച്ചു.
അടുത്തകാലത്ത് ജയില്‍ മോചിതരായ ഉള്‍ഫ നേതാക്കളാണ് ചര്‍ച്ചക്ക് മുന്‍കൈയെടുത്തത്. അസമിലുണ്ടായ സംഘര്‍ഷങ്ങളില്‍ മാപ്പ് അപേക്ഷിച്ച ഉള്‍ഫ ജനഹിതം മാനിച്ചാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: