സന്നിധാനം: ആചാരപ്പെരുമയില്‍ ശബരിമല ക്ഷേത്രത്തില്‍ നിറപുത്തരി ചടങ്ങുകള്‍ നടന്നു. പുലര്‍ച്ചെ ചിത്തിര നക്ഷത്രത്തില്‍ 5.30നും 6.30നും ഇടയ്ക്കുള്ള കര്‍ക്കിട രാശിയിലാണ് ചടങ്ങുകള്‍ നടന്നത്.
കൊടിമര ചുവട്ടിലെത്തിച്ച നെല്ക്കതിര് കറ്റകള്‍ തന്ത്രി കണ്ഠര് രാജീവരര്, മേല്‍ശാന്തി എഴിക്കോട് ശശി നമ്പൂതിരി എന്നിവര്‍ പതിനെട്ടാം പടി ഇറങ്ങിവന്ന് തീര്‍ത്ഥം തളിച്ച് ശുദ്ധിവരുത്തിയ ശേഷം തലയിലേറ്റി പതിനെട്ടാം പടി കയറിവന്ന് ക്ഷേത്രം വലംവച്ച ശേഷം ഗണപതിഹോമ തറയില്‍ വച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.
ചടങ്ങുകള്‍ക്കൊടുവില്‍ നിറകതിര്‍ ഭക്തര്‍ക്ക് വിതരണം ചെയ്തു. നിവേദിച്ച നെല്ക്കതിര് വാങ്ങാന്‍ നിരവധി ഭക്തര്‍ സന്നിധാനത്തെത്തിയിരുന്നു. ചടങ്ങിനോടനുബന്ധിച്ച് പുതുനെല്ലുകൊണ്ടുണ്ടാക്കിയ പായസം ദേവന് നേദിച്ചു.
ദേവസ്വം ബോര്‍ഡ് ചെയര്മാന് രാജഗോപാലന്‍ നായര്‍, ശബരിമല സ്പെഷ്യല്‍ ഓഫിസര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ എന്നിവരും ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഇന്ന് പതിവു പൂജകളായ ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ, അത്താഴ പൂജ എന്നിവയ്ക്ക് പുറമേ വിശേഷാല്‍ പൂജകളോടെ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും. നെയ്യഭിഷേകവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: