തിരുവനന്തപുരം: കേന്ദ്രകമ്മറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദനെ പ്രഹരിക്കാന്‍ സിപിഎമ്മിന്റെ പുതിയ അടവ്. മാധ്യമങ്ങളെ പഴിപറഞ്ഞ് വിഎസ്സിന്റെ നിലപാടുകളെ കശക്കിയെറിയുന്ന തന്ത്രമാണ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് പ്രയോഗിക്കുന്നത് ഇന്നലെ പാര്‍ട്ടി പത്രത്തില്‍ ‘സമ്മേളനം മുന്നില്‍ക്കണ്ട് മാധ്യമ ഇടപെടല്‍’ എന്ന തലക്കെട്ടിലെഴുതിയ ലേഖനം അച്യുതാനന്ദനുള്ള മറുപടിയും മുന്നറിയിപ്പുമാണെന്ന് ബോധ്യമാകും.
അച്യുതാനന്ദന്റെ കാഞ്ഞങ്ങാട്ടെ പ്രതികരണത്തിന് സെക്രട്ടേറിയറ്റിെന്റേതായി വന്ന വിശദീകരണം വെറും പ്രസ്താവനയായ തീരുമാനം തന്നെയാണെന്ന് പിണറായി വ്യക്തമാക്കുന്നുണ്ട്. പാര്‍ട്ടി വിലക്ക് ലംഘിച്ച് ബര്‍ലിന്‍ കുഞ്ഞനന്തന് നായരുടെ വീട്ടില്‍ പോയതിന്റെ അനൗചിത്യവും പാര്‍ട്ടി സെക്രട്ടറി വിശദീകരിക്കുന്നു. കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ പോയതില്‍ അപാകതയില്ലെന്ന് പ്രസ്താവിച്ച എം.എ. ബേബിക്കു കൂടിയുള്ള മറുപടിയായി ഇതിനെ കാണാവുന്നതാണ്. പിണറായി പറയുന്നു.
കുഞ്ഞനന്തന്‍നായരെ പാര്‍ട്ടി സ്ഥാപകരില്‍ ഒരാളായി ചിത്രീകരിക്കാന്‍ ശ്രമിക്കേണ്ടതില്ല. അത് അപഹാസ്യമാകും. ചെറുപ്പകാലത്ത് തന്നെ പാര്‍ട്ടി കേന്ദ്രത്തില്‍ ഓഫീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വിദേശത്ത് അദ്ദേഹം ബ്ലിറ്റ്സിന്റെ കോളമെഴുത്തുകാരനായിരുന്നു. സിപിഎമ്മുമായി ആദ്യഘട്ടത്തില്‍ അദ്ദേഹത്തിന് യോജിപ്പുണ്ടായില്ല. പിന്നീടൊരു ഘട്ടത്തില്‍ പാര്‍ട്ടിയോടൊപ്പം നിന്നു. അതിനിടക്ക് കുറച്ചുമാസം എകെജി സെന്ററില്‍ ഉണ്ടായി. കുഞ്ഞനന്തന്‍നായരെ ബാല്യകാലം മുതല്‍ അറിയാവുന്ന ഇ.കെ. നായനാരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അദ്ദേഹത്തെ എകെജി സെന്ററില്‍ നിന്നും പറഞ്ഞുവിട്ടു.
ഇത്തരത്തിലുള്ള കള്ളനാണയങ്ങളെ രംഗത്തിറക്കി സിപിഎമ്മില്‍ പ്രശ്നമുണ്ടാക്കാമെന്ന് വ്യാമോഹിക്കരുതെന്നാണ് പിണറായി ഓര്‍മിപ്പിക്കുന്നത്. കള്ളനാണയം മടിയില്‍ വച്ച് അച്യുതാനന്ദനെക്കുറിച്ച് അണികളില്‍ ധാരണയുണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.
അതേസമയം പാര്‍ട്ടിയിലെ വിഭാഗീയത മാധ്യമ സൃഷ്ടിയാണെന്ന മുന്‍നിലപാട് പിണറായി ഈ ലേഖനത്തില്‍ തിരുത്തുന്നുമുണ്ട്. “കേരളത്തിലെ പാര്‍ട്ടിക്ക് വിഭാഗീയതയുടേതായ ദുരന്തം അനുഭവിക്കേണ്ടിവന്നു എന്നത് ഏവര്‍ക്കും അറിവുള്ളതാണ്. വിഭാഗീയത അവസാനിപ്പിക്കുന്നതിന് പാര്‍ട്ടി അഖിലേന്ത്യാ കമ്മിറ്റിയും സംസ്ഥാന കമ്മറ്റിയും നേതൃത്വം നല്കി എന്നത് വസ്തുതയാണെങ്കിലും കേരളത്തിലെ പാര്‍ട്ടിയാകെ ഒന്നായി നീങ്ങിയതിലൂടെയാണ് അത് പൂര്ണവിജയത്തിലെത്തിയത്. ഒരിടത്തും വിഭാഗീയതയില്ലെന്നും മാധ്യമങ്ങള്‍ വേഷം കെട്ടിയതുകൊണ്ട് വിഭാഗീയത കത്തിപ്പടരുമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്നും പിണറായി പറയുമ്പോള്‍ അത് വിഎസിന് നല്കുന്ന താക്കീതായി വ്യാഖ്യാനിക്കാവുന്നതാണ്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: