പൂര്‍ണ്ണമായും ഭഗവാനില്‍ സമര്‍പ്പിതമായ ജീവിതം. മൂന്നുവയസിനപ്പുറം ആയുസുണ്ടാവുമോ എന്ന് ആദ്യകാലത്തു ചികിത്സിച്ച പെയിലി വൈദ്യന്‍പോലും സംശയിച്ചു. ജാതകം നോക്കിയവര്‍ പറഞ്ഞത് മുപ്പത്തിരണ്ട് വയസ്സിനപ്പുറം പോകുന്ന കാര്യം സംശയമാണെന്ന്. രോഗം മൂര്‍ഛിച്ചപ്പോള്‍ മൃത്യു പലവട്ടം പടിവാതിലിലെത്തിയെങ്കിലും മടങ്ങിപ്പോന്നു. എന്നാല്‍ ശങ്കരന്റെ കാര്യത്തില്‍ ഭഗവാന്റെ നിശ്ചയം മറ്റൊന്നായിരുന്നു. നവതിയും പിന്നിട്ട ഭാഗവതഹംസം തിരുമേനി ഹൈന്ദവധര്‍മ്മത്തിന്റെ വിശ്വപ്രചാരകനായിട്ടാണ് ഒടുവില്‍ യാത്രയായത്.
1921 ഫെബ്രുവരി 2-ന് മൂലം നക്ഷത്രത്തില്‍ മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരിയുടെയും മധുരമറ്റത്തെ ആര്യാ അന്തര്‍ജനത്തിന്റെയും പുത്രനായി പിറന്ന ശങ്കരന്റെ ബാല്യകാല സുഹൃത്തുക്കള്‍ ദാരിദ്ര്യവും രോഗാരിഷ്ടതകളുമായിരുന്നു. സ്കൂളില്‍ പോകണമെന്ന ആദ്യമോഹം നടന്നില്ല. എട്ടാം വയസില്‍ ഉപനയനവും പതിനാലാം വയസില്‍ സമാവര്‍ത്തനവും കഴിഞ്ഞു. സംസ്കൃത പഠനത്തിനു ആഗ്രഹമുണ്ടായെങ്കിലും ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട രോഗം സംസ്കൃത പഠനം തടഞ്ഞു.
സംസ്കൃതപഠനം മുടങ്ങുന്നതും കൂടെക്കൂടെ അസുഖം ശല്യപ്പെടുത്തുന്നതും വിഷമിപ്പിച്ചെങ്കിലും ശങ്കരന് ഇരുപതു വയസുവരെ നിരവധി ഗുരുക്കന്മാരെ സമീപിച്ചെങ്കിലും പഠനം പൂര്‍ണ്ണമായി കൊണ്ടുപോകാനായില്ല. ഒടുവില്‍ ഗുരുമുഖത്തുനിന്ന് വിദ്യ നേടാന്‍ യോഗമുണ്ടാവില്ല എന്നു സമാധാനിച്ച് ഉള്ളിലുള്ള സങ്കടം കവിതകളിലാക്കി ചൊല്ലിനടന്ന നാള്. കുളിയും തേവാരവും സൂര്യനമസ്ക്കാരവും കഴിഞ്ഞു അമ്മയുടെ മുന്നില്‍നിന്ന് ഏങ്ങലടിച്ചു പോയി. കുറച്ചുനേരം ഒന്നും മിണ്ടാതിരുന്ന അമ്മ ഒടുവില്‍ തന്റെ പെട്ടിയില്‍ ദീര്‍ഘനാളായി നിധിപോലെ സൂക്ഷിച്ചിരുന്ന ഒരു ഒറ്റരൂപാ നാണയം എടുത്തു നീട്ടി പറഞ്ഞു: “ഗുരുവായൂരപ്പനെ കാണണം. പന്ത്രണ്ടു നാള് ഭജനം നടത്തണം. ഒക്കെ നേരേയാകും” ഇത്രയും പറഞ്ഞ് അമ്മയും വിതുമ്പി.
അമ്മയോടു യാത്രപറഞ്ഞ്, പരദേവതയെ മനസില്‍ ധ്യാനിച്ചു പടിയിറങ്ങി. ബസില്‍ കയറിയാല്‍ കൈയിലുള്ള കാശു തീര്‍ന്നുപോകും എന്നതിനാല്‍ കാലു നോവുന്നതുവരെ നടന്നു. വഴിയാത്രയ്ക്കിടയില്‍ ബന്ധുക്കള്‍ ചില്ലറ നാണയങ്ങള്‍ കനിഞ്ഞു നല്കി. ആ പണംകൊണ്ട് പിന്നെ തീവണ്ടിയില്‍ തൃശൂര്‍ വരെയെത്തി. അവിടെനിന്നു ബസില്‍ ഗുരുവായൂരിലേക്ക്. ഗുരുവായൂരപ്പന് പിന്നെ മള്ളിയൂരിനേയും മള്ളിയൂര്‍ ഗുരുവായൂരപ്പനെയും വിട്ടില്ല. ഗുരുവായൂരപ്പന്റെ അനുഗ്രഹത്താല്‍ ശങ്കരന്റെ ആരോഗ്യപ്രശനങ്ങള്‍ മാറി. ഭാഗവതത്തില്‍ അവഗാഹം നേടിയ പടപ്പ നമ്പൂതിരിയെ കണ്ട് ഉപദേശം തേടിയത് ജീവിതത്തിലെ വലിയ വഴിത്തിരിവായി. വിദ്യാഭ്യാസം വേണ്ടപോലെ നേടാന്‍ കഴിഞ്ഞില്ല എന്ന ദുഃഖം ഗുരുവായൂരില്‍നിന്നു മടങ്ങും വഴി തിരുവാര്‍പ്പ് സ്വാമിയാരുടെ ദൂതന് സംസ്കൃതം പഠിപ്പിക്കാന്‍ അധ്യാപകനുണ്ട് എന്ന സന്ദേശവുമായി എത്തിയതോടെ തീര്‍ന്നു. അവിടുന്നു ലഭിച്ച വിദ്യാഭ്യാസത്തിലൂടെ മഹാപണ്ഡിതനായി മാറിയ മള്ളിയൂര്‍ ഇല്ലത്തെ ശങ്കരന് ഭാഗവതപാരായണത്തിനായി സ്വജീവിതത്തെ സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഗണപതി പ്രതിഷ്ഠയുള്ള കുടുംബക്ഷേത്രം നേരേയാക്കണമെന്നും അവിടെ വേണ്ടുംവിധം നിത്യപൂജ നടത്തണമെന്നും ആഗ്രഹിച്ചു മടങ്ങിയെത്തിയ ശങ്കരനൊപ്പം പക്ഷേ ഗുരുവായൂരപ്പനും മള്ളിയൂരേക്കെത്തി. വിഘ്നേശ്വരന്റെ മടിയിലിരുന്ന് ശങ്കരന്റെ ഭാഗവതപാരായണം കേള്‍ക്കാനാണ് ഭഗവാന് തീരുമാനിച്ചത്.
സ്വന്തം വിഷമതകള്‍ തീര്‍ത്തുതരണമെന്ന അവശ്യവുമായി ഭഗവാനു മുന്നിലെത്തിയ ശങ്കരന് പക്ഷേ ഭഗവാന് നല്‍കിയത് സംസാരദുഖത്തെ തന്നെ അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗമായ ഭാഗവതമായിരുന്നു. ഭാഗവതപുണ്യം ആവോളം പകര്‍ന്ന ശേഷമാണ് ആ മഹായോഗി വൈകുണ്ഠത്തിലേക്കുള്ള തന്റെ പ്രയാണം ആരംഭിച്ചത്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: