കണ്ണൂറ്: അവകാശപ്പെട്ട ഭൂമിയും വീടും ഉഭയങ്ങളും ഒരുകൂട്ടം ബന്ധുക്കളുടെയും പോലീസുകാരടക്കമുള്ള ചില പാര്‍ശ്വവര്‍ത്തികളുടെയും സ്ഥലത്തെ ചില ക്രിമിനലുകളുടെയും അതിക്രമത്തെ തുടര്‍ന്ന് സംരക്ഷിക്കാനാവാതെ ആണ്‍തുണയില്ലാത്ത നാല് സഹോദരിമാര്‍ നിയമപരിരക്ഷക്കായി കേഴുന്നു. ചെമ്പിലോട് പഞ്ചായത്തിലെ കക്കോത്ത് സ്വദേശികളായ പരേതരായ നാവത്ത് കണ്ണന്-ആയഞ്ചാല്‍ നാരായണി ദമ്പതികളുടെ മക്കളായ ആയഞ്ചാല്‍ രാധ, സീത, രമ, ഉഷ എന്നിവരാണ് തങ്ങളുടെ കദനകഥ ഇന്നലെ കണ്ണൂറ് പ്രസ് ക്ളബില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഗദ്ഗദകണ്ഠരായി വിവരിച്ചത്. അമ്മയുടെ വകയായി സഹോദരിമാര്‍ക്ക് ലഭിച്ച ൪൦ സെണ്റ്റ് പറമ്പും ൨൫ സെണ്റ്റ് കൃഷിസ്ഥലവും വീടും കൈക്കലാക്കാന്‍ മൂത്ത സഹോദരിയുടെ ഭര്‍ത്താവും അമ്മയുടെ അനുജത്തിയുടെ കുടുംബവും അവര്‍ക്ക് ഒത്താശ ചെയ്തുകൊണ്ട് ചില സമീപവാസികളും ചില പോലീസുകാരുടെ സഹായത്തോടെ നടത്തിയ ശ്രമങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് വിവരിക്കുമ്പോള്‍ സഹോദരിമാര്‍ വാക്കുകള്‍ കിട്ടാതെ വിതുമ്പുകയായിരുന്നു. സ്വത്തും ഉഭയങ്ങളും കൈക്കലാക്കാന്‍ സഹോദരിമാരിലൊരാളായ ഉഷയെ ഒരിക്കല്‍ കുതിരവട്ടം ചിത്തരോഗാശുപത്രിയിലും മറ്റൊരിക്കല്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം സഹോദരിമാരെ പിടിച്ചുകെട്ടി പോലീസ്സ്റ്റേഷനില്‍ കൊണ്ടുപോയി കേസെടുപ്പിച്ച് ജയിലിലടക്കുകയും ചെയ്തുവെന്നും സഹോദരിമാര്‍ പറഞ്ഞു. തങ്ങള്‍ക്ക് അമ്മ വഴിയായി ലഭിച്ച സ്വത്തിനായി ഒരവകാശവുമില്ലാത്ത അമ്മയുടെ സഹോദരിയും മകനും തലശ്ശേരി മുന്‍സിഫ് കോടതിയില്‍ അന്യായം ഫയല്‍ ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. കേസാവശ്യത്തിനായി സ്ഥലത്തിണ്റ്റെ രേഖകളും യഥാര്‍ത്ഥ പട്ടയവും നികുതി ശീട്ടുകളും സഹോദരിമാരില്‍ മൂത്തയാളായി രാധയുടെ ഭര്‍ത്താവ് ബാലനെന്നയാളെ ഏല്‍പ്പിക്കുകയായിരുന്നു. ഒടുവില്‍ കേസ് തങ്ങള്‍ക്കനുകൂലമായി വിധിച്ചെങ്കിലും വസ്തുക്കളുടെ രേഖകള്‍ സഹോദരി ഭര്‍ത്താവ് ബാലനെയും അഭിഭാഷകനെയും സ്വാധീനിച്ച് ചിലര്‍ കൈക്കലാക്കുകയും കോടതിവിധിയടക്കം അട്ടിമറിക്കുകയായിരുന്നുവെന്നും സഹോദരിമാര്‍ പറഞ്ഞു. തങ്ങളെ ഭ്രാന്തികളായി മുദ്രകുത്തി വീടിന് നേരെ അക്രമം നടത്തുകയും പറമ്പിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ പട്ടാപ്പകല്‍ കയ്യേറി മുറിച്ചുകൊണ്ടുപോവുകയും, വാഹനങ്ങളുമായെത്തി തേങ്ങ പറിച്ചുകടത്തുകയും ചെയ്യുന്ന ബന്ധുക്കളും അവരുടെ പാര്‍ശ്വവര്‍ത്തികളും അടങ്ങുന്ന സംഘം ലക്ഷങ്ങള്‍ വിലമതിക്കുന്ന തങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ കുത്സിത ശ്രമങ്ങള്‍ തുടരുകയാണെന്നും സഹോദരിമാര്‍ വിങ്ങലോടെ പറഞ്ഞു. കേസില്‍ കോടതിച്ചിലവിനടുക്കം തങ്ങള്‍ക്കനുകൂലമായി വിധിയുണ്ടായിട്ടും സഹോദരി ഭര്‍ത്താവ് കൈക്കലാക്കിയ രേഖകള്‍ തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്ന് അയാളുടെ ഭാര്യ രാധയും അവിവാഹിതകളായ മറ്റ് മൂന്ന് സഹോദരിമാരോടൊപ്പം ഭയവിഹ്വലരായാണ് കക്കോത്തുള്ള തങ്ങളുടെ പാനേരിച്ചാല്‍ വീട്ടില്‍ കഴിയുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്ക് വിശദമായ പരാതി നല്‍കിയെങ്കിലും അതിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും സഹോദരിമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: