ഫ്യൂഡലിസ്റ്റ് ജാതീയ വ്യവസ്ഥയുടെ കാലങ്ങളില്പ്പോലും വിജ്ഞാനദാഹികളെ ഉപേക്ഷിച്ച പാരമ്പര്യം കേരളത്തിനുണ്ടായിരുന്നില്ല. അതുകൊണ്ട് മാത്രമാണ് ശ്രീശങ്കരനും, ഗുരുദേവനും, ചട്ടമ്പിസ്വാമികളും അയ്യന്‍കാളിയുമൊക്കെ മറകള്‍ ഭേദിച്ച് അനാദിയും അനന്തവുമായ അറിവിന്റെ അഗാധതകളിലേക്ക് ഒരു ജനതയെത്തന്നെ നയിച്ചത്.
ബ്രിട്ടീഷ് അധിനിവേശത്തോടൊപ്പം വളര്‍ന്ന ക്രിസ്തീയ മിഷനറിമാര്‍ക്ക് മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുവാനും ആരാധനാലയങ്ങളും അനുബന്ധസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുവാനും അത്രയൊന്നും പ്രാചീനമല്ലാതിരുന്ന കാലഘട്ടത്തില്‍പോലും കേരള ജനതയ്ക്ക് കഴിഞ്ഞതുകൊണ്ടാണ് മറ്റ് നാടുകളെ അപേക്ഷിച്ച് മിഷണറിമാര്‍ക്ക് കേരളത്തില്‍ വേരുറപ്പിക്കുവാന്‍ കഴിഞ്ഞത്.
സ്വാതന്ത്ര്യംനേടി ജനാധിപത്യത്തിന്റെ വെളിച്ചം വീശുന്ന പകലുകളിലേക്ക് ഒരു ജനത നടന്നടുക്കുകയും, മുന്‍കാലങ്ങളില്‍ സമൂഹത്തില്‍ അടിഞ്ഞുകൂടിയ ജാതി, മത വിഭാഗീയ ചിന്തകളെ പൂര്‍ണമായി ഇല്ലാതാക്കി മാറ്റുവാനും കേരള സംസ്ഥാന രൂപീകരണത്തിനുശേഷം തികഞ്ഞ ജനാധിപത്യബോധമുള്ള ഒരു ജനതയുടെ ആത്മാര്‍ത്ഥതയുടെ ആവിഷ്കാരമായിരുന്നു. ലോകചരിത്രത്തില്‍ ഇടം നേടിയ ആദ്യത്തെ ജനാധിപത്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സിദ്ധാന്തങ്ങള്‍ക്കപ്പുറം അധികാരവഴിയില്‍ എത്തിച്ചേരുവാനായിട്ടാണെങ്കില്‍പോലും കാള്‍മാര്‍ക്സിന്റെ സിദ്ധാന്തത്തിന് അവധികൊടുത്ത് ജനാധിപത്യ പ്രകിയയുടെ ഭാഗമാകുവാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു പോലും കഴിഞ്ഞു എന്നുള്ളത് ജനാധിപത്യ വ്യവസ്ഥയുടെ വിജയമായിരുന്നു. ഇങ്ങനെ സമൂഹമനസ്സില്‍ ഉറഞ്ഞുകൂടിയ ജനാധിപത്യ ബോധത്തെയും ഈ നാടിന്റെ സമ്പത്തിനെയും ആധാരമാക്കിയാണ് സംഘടിത മതപ്രസ്ഥാനങ്ങളും സാമുദായിക പ്രസ്ഥാനങ്ങളും സമൂഹത്തില്‍ അവരവരുടേതായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടം കണ്ടെത്തിയത്.
പ്രാരംഭകാലങ്ങളില്‍ സാമൂഹിക ഉന്നതിയും ഏകഭാവമുള്ള ജനതയെയും സൃഷ്ടിക്കുവാന്‍ വേണ്ടി കറതീര്‍ന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍നടത്തുന്നതെന്ന് ജനതയെ ധരിപ്പിക്കുവാന്‍ ഈ പ്രസ്ഥാനങ്ങള്‍ക്ക് കഴിയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ നയത്തിനെതിരെ ഒരു ജനകീയ മുന്നേറ്റം സംഘടിപ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞത്.
പക്ഷെ ദശാബ്ദങ്ങള്‍ പിന്നിടുമ്പോള്‍ തികച്ചും പൊള്ളയായതും സ്വാര്‍ത്ഥതാത്പരതയുള്ളതുമായ, സാധാരണ കച്ചവടത്തിന്റെ നേരും നെറിയും വരെ ഇല്ലാതാക്കി ഒരു ജനതയുടെ ഭാവിയെത്തന്നെ ഇരുളിലാഴ്ത്തുന്ന തരത്തിലുള്ള ധനമേല്‍ക്കോയ്മയുടെ കടും ചെയ്തികളാണ് മത, സാമുദായിക നേതൃത്വങ്ങള്‍ നടത്തുന്നതെന്ന് വിദ്യാഭ്യാസ മേഖലയിലുള്ള ഇന്നത്തെ ഇവരുടെ പ്രവര്‍ത്തികളെ വിലയിരുത്തി മനസിലാക്കാന്‍ കഴിയുന്നു.
അടുത്ത തലമുറയെ കഴിവുറ്റതും സമൂഹത്തെ കെടുതികളില്‍പ്പെടാതെ മുന്നോട്ട് നയിക്കുവാന്‍ പ്രാപ്തമായതുമായ ധാര്‍മിക മുല്യബോധത്തിലൂടെയും അറിവിലൂടെയും വളര്‍ത്തിയെടുക്കുക എന്നതാണ് വിദ്യാഭ്യാസം നല്‍കുക എന്ന കര്‍മ്മത്തിലൂടെ വിവക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ കാര്യക്ഷമതയോടെയും, അവധാനതയോടെയും പ്രവര്‍ത്തിക്കേണ്ടുന്ന ഭരണകൂടങ്ങള്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് നടന്ന വിമോചന സമരത്തിലൂടെ സംഭവിച്ച അധികാര ഭ്രഷ്ടിന്റെ ഭയാനക ചിന്തകളില്‍പ്പെട്ട് പിന്നാക്കം മാറുന്നതാണ് ജാതിമതനേതൃത്വങ്ങളെ ജനാധിപത്യവെല്ലുവിളികള്‍ക്കും അക്രമങ്ങള്‍ക്കും പ്രാപ്തിനല്‍കുന്നത്.
സംഘടിത ജാതിമത പ്രസ്ഥാനങ്ങളുടെ വിദ്യാഭ്യാസ സംവിധാനങ്ങളെ അടക്കിവാണുകൊണ്ടുള്ള അരാജകത്വ പ്രവര്‍ത്തികളില്‍നിന്നും ഈ ജനതയെ മോചിപ്പിക്കുന്ന ഒരു പുതിയ വിമോചന പ്രക്രിയയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പൊതുസമൂഹം ആഗ്രഹിക്കുന്നത്. അതില്ലാതെവന്നാല്‍ സാമൂഹ്യനീതിയുടെ കണങ്ങള്‍പോലും അവശേഷിക്കാതെ വിജ്ഞാന മേഖല മുഴുവന്‍ പണാധിപത്യത്തിന്റെ വന്‍ മതിലുകള്‍ക്കുള്ളില്‍ അകപ്പെട്ട് പോവുകതന്നെചെയ്യും.
പൊതുവിദ്യാഭ്യാസ മേഖലതകര്‍ച്ചയെ നേരിടുന്നു എന്ന് വിലപിക്കുന്നവര്‍ തിരിച്ചറിയേണ്ടുന്ന ഒരു കാര്യമുണ്ട്. മെക്കാളെ നടപ്പാക്കിയ വിദ്യാഭ്യാസ രീതിയില്‍ വലിയമാറ്റങ്ങളൊന്നും നടപ്പാക്കാതെ നാം മാതൃകയായിക്കാണുന്ന പാശ്ചാത്യ വിദ്യാഭ്യാസ രീതിയോട് പോലും നീതി പുലര്‍ത്തുവാന്‍ നമുക്ക് കഴിയാത്തതുകൊണ്ടാണ് വിദേശ സര്‍വകലാശാലകളോട് കിടപിടിക്കുന്നസ്ഥാപനങ്ങള്‍ നമുക്കുണ്ടാകാതെ പോകുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട വിശ്വോത്തര കേംബ്രിഡ്ജ് സര്‍വ്വകലാശാല ധനം ആര്ജ്ജിക്കുവാന് വിജ്ഞാനത്തെ കച്ചവടം ചെയ്യാതെ ധനാഗമനത്തിന് മറ്റ് പല മേഖലകളെയും ആശ്രയിക്കുകയാണുണ്ടായത്. പാശ്ചാത്യ വിദ്യാഭ്യാസത്തേയും ആംഗലേയ ഭാഷയെയും നാം ശ്ലാഘിക്കുമ്പോള്‍ അവരുടെ കാഴ്ചപ്പാടുകളെയും നന്മകളെയും വിജ്ഞാനകേന്ദ്രങ്ങളുടെ പടിക്ക് പുറത്താണ് നിറുത്തുന്നത്.
വിദേശീയര്‍ നഗ്നത മറക്കാന്‍ പാടുപെട്ടകാലത്ത് ലോകത്തിനു മുമ്പില്‍ അഭിമാനസ്തംഭങ്ങളായിരുന്ന സര്‍വകാലാശാലകള്‍ ഉണ്ടായിരുന്ന നാടിന്റെ പ്രജകളാണ് നാം എന്ന അഭിമാന ബോധമില്ലായ്മ മൂലമാണ്. അമൂല്യജ്ഞാനത്തിന്റെ കേന്ദ്രങ്ങളാകേണ്ട സര്‍വകലാശാലകള്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ വിവരമില്ലായ്മയുടെ മേച്ചില്‍പ്പുറങ്ങളാകുന്നത്.
അദ്ധ്യാപനം എന്ന പ്രക്രിയ ഒരു തലമുറയുടെ വളര്‍ച്ചക്ക് പ്രധാന പോഷകമായി വര്‍ത്തിക്കേണ്ടതാണ്. എന്ന് ഒരു കാലത്ത് നാം തിരിച്ചറിഞ്ഞിരുന്നു. പക്ഷെ ഇന്ന് അദ്ധ്യാപനം വെറും ഒരു തൊഴിലാവുകമാത്രമല്ല. പണം കൊടുത്ത് വാങ്ങാന്‍ പറ്റുന്ന ഒരു വില്പന ചരക്കാണെന്ന് നമ്മെ ബോധ്യപ്പെടുത്തിയത് സ്വകാര്യ മാനേജ്മെന്റുകളാണ്. പണമുള്ളവന് പണി എന്ന വിദ്യാഭ്യാസ കച്ചവടത്തിന്റെ ആദ്യപാഠത്തില്‍ നിന്നും അവര്‍ സ്വജന പക്ഷപാതത്തിലൂടെയും ധനാര്‍ത്തിയിലൂടെയും അധ്യാേ#പനത്തെ വിജ്ഞാനത്തില്‍ നിന്നും അകറ്റിനിറുത്തിയതിന്റെ പരിണിതഫലമാണ് മൂല്യബോധം നഷ്ടപ്പെട്ട പുതുതലമുറ. ആശയ സംവാദങ്ങളുടെയും സര്‍ഗ പ്രക്രിയകളുടെയും ഇടമായിരുന്ന കാംമ്പസ്സുകളില്‍ മദ്യവും, മയക്കുമരുന്നും വ്യാപിക്കുന്നതിനും, സഹജീവികളെ അതിക്രൂരമായ റാഗിങ്ങ് മുറകള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്ന ഒരു വിഭാഗം വളര്‍ന്നുവന്നതിന്റെ ആത്യന്തിക കാരണവും മറ്റൊന്നല്ല.
ലാഭക്കൊതിയുടെ കണ്ണുകള്‍ അദ്ധ്യാപന മേഖലയില്‍ നിന്നും ഉന്നതവിദ്യഭ്യാസ അധ്യയന മേഖലയിലേക്ക് കടന്ന വര്‍ത്തമാനകാലത്തില്‍, ഉന്നത വിദ്യാഭ്യാസത്തിന്റെ കുത്തക അവകാശം തങ്ങള്‍ക്കാണെന്ന മട്ടില്‍ പ്രതികരിക്കുന്ന പ്രസ്ഥാനങ്ങള്‍ മനസിലാക്കേണ്ടുന്ന ഒരു കാര്യമുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യവിശ്വാസികളായ ഒരു സമൂഹത്തിനും അവര്‍ തെരെഞ്ഞെടുത്ത ഭരണ കൂടത്തിനും മുന്നില്‍ ധനാധിപത്യത്തിനുവേണ്ടി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മൂലം വളരെ വലിയ അരക്ഷിത ബോധമായിരിക്കും ഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യരില്‍ ഉണ്ടാകുന്നത്.
ഇടവകകളും കയ്യിലുള്ള വകകളും നോക്കി വിജ്ഞാനത്തെ വിപണനം ചെയ്യുമ്പോള്‍ പ്രകൃതിയെ സ്നേഹിച്ച ഒരു ലാറിബേക്കര്‍ നമ്മുടെ ഇടയില്‍ ഉയര്‍ന്നു വരികയില്ല. ശാസ്ത്ര മേഖലയില്‍ ഒരു അബ്ദുള്‍ കലാമോ സ്വാമിനാഥനാ ഉണ്ടാവുകയില്ല. എം.എസ്.വലിയത്താനെപ്പോലുള്ള ഒരു ഭിഷഗ്വരന് ഉണ്ടാവുകയില്ല. സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടുന്ന പ്രതിഭകള്‍ തെരുവു തെണ്ടികളാവുകയും, ആതുരാലയങ്ങള്‍ അറവുശാലകളായി മാറുകയും ചെയ്യുന്ന കലികാല വൈഭവത്തിലേക്കായിരിക്കും വിജ്ഞാനത്തെ തടവിലിടുന്ന ധനാധിപത്യത്തിന്റെ വിപണന തന്ത്രങ്ങള്‍ ഈ നാടിനെ എത്തിക്കുക എന്ന് മാത്രമെ വിശ്വസിക്കാന്‍ ന്യായമുള്ളൂ.
ബാബു മാനിക്കാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: