കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തനത്തിനും നവോത്ഥാനത്തിനും തുടക്കമിട്ടത് ശ്രീനാരായണഗുരുവാണ്. ആദ്ധ്യാത്മികതയില്‍ ഉറച്ചുനിന്ന് ഗുരുദേവന്റെ തുടര്‍ക്രിയകള്‍ക്ക് നേതൃത്വം നല്കിയ വ്യക്തിയാണ് പറവൂര്‍ ശ്രീധരന്‍തന്ത്രി എന്നു പറയാം. ദേവപ്രശ്നം, അഷ്ടമംഗലപ്രശ്നം,തന്ത്രശാസ്ത്രം, ക്ഷേത്രപ്രതിഷ്ഠ,ലക്ഷാര്‍ച്ചന, കോടിയര്‍ച്ചന, സഹസ്രകലശം മുതലായവയില്‍ പ്രാഗത്ഭ്യംനേടുകയും അതിനുവേണ്ടി ജീവിതായുസ്സ് മുഴുവന്‍ അവിശ്രമം പ്രവര്‍ത്തിക്കുകയും ചെയ്ത ആചാര്യശ്രേഷ്ഠനാണ് കഴിഞ്ഞദിവസം അന്തരിച്ച പറവൂര്‍ ശ്രീധരന് തന്ത്രി
ഏത് വിഷയങ്ങള്‍ വിശദീകരിക്കുമ്പോഴും പാണ്ഡിത്യത്തിന്റെ ആഴവും സൗമ്യഭാവത്തിന്റെ ലാളിത്ത്യവും അവയിലെല്ലാം നിറഞ്ഞുനിന്നു. ശാസ്ത്ര വിഷയങ്ങള്‍ എത്ര കഠിനവും ദുര്‍ഗ്രഹവുമായിരുന്നാലും അനായാസേന ജനമനസ്സുകളിലേക്ക് അവ പകര്‍ന്നുകൊടുത്തു. അതുകൊണ്ടുതന്നെ ശക്തമായ ജനസ്വാധീനവും അംഗീകാരവും വ്യക്തിമുദ്രയും അദ്ദേഹം നേടിയെടുത്തു,
പൂജാദിക്രിയകളില്‍ ഉണ്ടായിരുന്ന അസമത്വങ്ങളും ആശങ്കകളും അകറ്റിക്കൊണ്ട് സാമൂഹ്യപരിഷ്ക്കരണത്തിന്റെയും പരിവര്‍ത്തനത്തിന്റെയും പുതുയുഗത്തിന് ശ്രീധരന് തന്ത്രി തുടക്കം കുറിച്ചു. കേരളത്തിലും പുറത്തുമായി അനേകം ക്ഷേത്രങ്ങളുടെ താന്ത്രികത്വം വഹിച്ചുപോരുന്നതിനിടെ പുണ്യസങ്കേതങ്ങളായ കാശി, രാമേശ്വരം, ഹരിദ്വാര്‍, ഋഷികേശം തുടങ്ങിയ സ്ഥലങ്ങളില്‍ ഒട്ടേറെത്തവണ പോയി. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി കോഴിക്കോട്ടെ ശ്രീകണ്ഠേശ്വരം ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ പൂര്‍ണകുംഭം നല്കി സ്വീകരിച്ചത് ശ്രീധരന് തന്ത്രികളായിരുന്നു. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നിര്‍വഹിച്ചത് ശ്രീനാരായണഗുരുദേവനായിരുന്നു. ശിവഗിരി തീര്‍ഥാടന കനകജൂബിലിയോടനുബന്ധിച്ചു മഹാസമാധിമന്ദിരം സന്ദര്‍ശിക്കാനെത്തിയ ഇന്ദിരാഗാന്ധിക്കുവേണ്ടി പുഷ്പാഞ്ജലിയും സമാധിയില്‍ ആരാധനയും നടത്തിയത് ശ്രീധരന് തന്ത്രികളുടെ നേതൃത്വത്തിലായിരുന്നു. ഗുരുവായൂര്‍ പാര്‍ത്ഥസാരഥീക്ഷേത്രത്തില്‍ കാഞ്ചി മഠാധിപതി ശങ്കരാചര്യരുടെ നേതൃത്വത്തില്‍നടന്ന ജ്യോതിശാസ്ത്ര സദസില്‍ ഈഴവസമുദായത്തില്‍നിന്നു ക്ഷണിക്കപ്പെട്ട ഏക പുരോഹിതന് ശ്രീധരന് തന്ത്രികളായിരുന്നു. തികഞ്ഞ ശ്രീനാരായണഗുരുഭക്തനായിരുന്ന അദ്ദേഹം കേരളത്തിലെ മിക്ക ശ്രീനാരായണ ക്ഷേത്രങ്ങളുടെയും താന്ത്രികപദം അലങ്കരിച്ചിരുന്നു.
. മൂന്നുപതിറ്റാണ്ടുമുന്‍പു കൊച്ചിയില്‍ നടന്ന വിശാലഹിന്ദു സമ്മേളനത്തിന്റെ പ്രാരംഭ ഹവനപൂജാദികള്‍ക്കു ശ്രീധരന് തന്ത്രികളുടെ പരികര്മി സൂര്യകാലടി ഭട്ടതിരിപ്പാടായിരുന്നു ജന്മമല്ല, കര്‍മവും ബ്രഹ്മജ്ഞാനവുമാണ് ഒരാളെ ബ്രാഹ്മണനാക്കുന്നതെന്നതിനു വ്യക്തമായ തെളിവായി ഈ സംഭവം. തുടര്‍ന്നു ചേണ്ടമംഗലം പാലിയത്തുവച്ചു സ്വര്‍ഗീയ പി. മാധവ്ജിയുടെയും പി. പരമേശ്വരന്റെയുമൊക്കെ നേതൃത്വത്തില്‍ കേരളത്തിലെ വൈദിക താന്ത്രിക ആചാര്യരെയും പണ്ഡിതരെയും പങ്കെടുപ്പിച്ച് നടത്തിയ ഐതിഹാസികമായ പാലിയം വിളംബരം കേരളത്തിലെ ജാതിചരിത്രത്തില്‍ത്തന്നെ വലിയ മാറ്റമുണ്ടാക്കി. താന്ത്രികപൂജാ വിദ്യകള്‍ വിധിയാംവണ്ണം പഠിച്ച ഏതുജാതിക്കാരനും പൂജാധികാരമുണ്ട് എന്നായിരുന്നു ആ വിളംബരം. സ്വാമി ചിന്മയാനന്ദന്റെയും ശങ്കരാചാര്യന്മാരുടെയും ഹൈന്ദവപ്രസ്ഥാനങ്ങളുടെയുമൊക്കെ ഇതിന് പിന്തുണ ലഭിച്ചു.
ശ്രീനാരായണ ചൈതന്യത്തിന്റെ വരപ്രസാദമായിരുന്നു ശ്രീധരന് തന്ത്രി. മനുഷ്യജീവിതത്തില്‍ മഹത്തായ സത്യത്തിനുവേണ്ടി പോരാടുകയും വിജയിക്കുകയും ചെയ്ത തന്ത്രാചാര്യനെ ആധുനികഹൈന്ദവസമൂഹം എത്രത്തോളം തിരിച്ചറിഞ്ഞു എന്നു സംശയമുണ്ട്. ഗുരുദേവന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെയും ക്ഷേത്രപ്രവേശനവിളംബരത്തിലൂടെയും ജാതിചിന്തയിലുണ്ടായ മാറ്റം പ്രവൃത്തിപഥത്തിലെത്തിക്കാന്‍ ശ്രീധരന് തന്ത്രികള്‍ ഒരുപാടുശ്രമിച്ചു. കവിയും ഗ്രന്ഥകാരനുമൊക്കെയായ ശ്രീധരന് തന്ത്രികള്‍ അടുത്തിടെ ജന്മനാട്ടില് ശ്രീനാരായണ താന്ത്രികവിദ്യാപീഠം സ്ഥാപിച്ചതു സമസ്തജാതിക്കാര്‍ക്കും തന്ത്രാധികാരവും പൂജാധികാരവും കൈവരുത്താനാണ്. ആലുവ വെളിയത്തുനാട്ടിലുള്ള തന്ത്രവിദ്യാപീഠത്തിന്റെ സ്ഥാപനത്തില്‍ മാധവ്ജിക്ക് താങ്ങായിനിന്നതും ശ്രീധരന്‍തന്ത്രികളാണ്. ഇങ്ങനെയൊരു മഹദ്ജന്മം കേരളസമൂഹത്തില്‍ സമീപകാലത്തൊന്നും അവതരിച്ചിട്ടില്ല. ഇനി ഇങ്ങനെയൊരാളുണ്ടാവുന്നതെത്രകാലം കഴിഞ്ഞെന്നും നിശ്ചയമില്ല.
കേരളത്തിലെ താന്ത്രികമേഖലയില്‍ ആദ്യ ഇരിപ്പിടത്തിനര്‍ഹന്‍. മഹാക്ഷേത്രങ്ങളടക്കം ഒട്ടേറെ ക്ഷേത്രങ്ങളുടെ താന്ത്രികാധിപതി. പൂണൂലുമായി ജനിച്ച തന്ത്രികളെ, ആചാര്യന്മാരെ മുന്നിലിരുത്തി ദേവപ്രശ്നവും അഷ്ടമംഗലദേവപ്രശ്നവും വിഗ്രഹ ധ്വജപ്രതിഷ്ഠകളും നടത്തിയ ആധ്യാത്മിക വിപ്ലവകാരി. പാലിയം വിളംബരം എന്ന മഹത്തായ വിപ്ലവമൊന്നുമാത്രം മതി, ക്ഷേത്രപ്രവേശനവിളംബരത്തിനുശേഷമുള്ള കേരള ഹൈന്ദവസമൂഹത്തിന് പറവൂര്‍ ശ്രീധരന് തന്ത്രിയെ നമിക്കാന്‍. ശ്രീനാരായണഗുരുദേവന്റെ പുനരവതാരമെന്നുപോലും വിശേഷിപ്പിക്കപ്പെടാനുള്ള അര്‍ഹത ശ്രീധരന്‍തന്ത്രികള്‍ നേടിയിട്ടുണ്ടെന്ന് നിസ്സംശയം പറയാം. നൂറുകണക്കിന് ശിഷ്യന്മാര്ക്ക് തന്ത്രശാസ്ത്രവും ജ്യോതിഷ വിഷയങ്ങളും പകര്‍ന്നുകൊടുത്ത് മഹത്തായ നമ്മുടെ സാംസ്ക്കാരിക ആധ്യാത്മിക പൈതൃകം പരിരക്ഷിച്ച കര്‍മയോഗിയെയാണ് ശ്രീധരന് തന്ത്രിയുടെ ദേഹവിയോഗത്തിലൂടെ നഷ്ടമായത്. ആ മഹാത്മാവിന്റെ ധന്യസ്മരണക്ക് മുന്നില്‍ ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: