തൃപ്പൂണിത്തുറ: കൊച്ചി രാജുകുടുംബത്തിലെ വലിയമ്മ തമ്പുരാനും പ്രസിദ്ധ സംഗീതവിദുഷിയും കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ ചെയര്‍പേഴ്സണുമായ കോട്ടക്കകം ചന്ദ്രവിലാസം പാലസില്‍ മങ്കുതമ്പുരാന്‍ (97) അന്തരിച്ചു. മൈസൂരില്‍ ചെറുമകന് ആദിത്യവര്‍മയുടെ വസതിയില്‍ ഇന്നലെ പുലര്‍ച്ചെ 3 ന് ആയിരുന്നു അന്ത്യം. മുരിയമംഗലത്ത് മനക്കല് നീലകണ്ഠന് നമ്പൂതിരിപ്പാടിന്റെയും തൃപ്പൂണിത്തുറ കോവിലകത്ത് മങ്കുട്ടി തമ്പുരാന്റെയും മകളായി കൊല്ലവര്‍ഷം 1089 ലാണ് ജനനം. ഭര്‍ത്താവ്: മാധവന് നമ്പൂതിരി. മകള്‍: പരേതയായ സുലോചന. മരുമകന്: രവിവര്‍മ്മ. പരേതയായ കുഞ്ഞിക്കാവ് തമ്പുരാന് ജ്യേഷ്ഠത്തിയാണ്.
ഏറെക്കാലമായി വിശ്രമജീവിതം നയിച്ചിരുന്ന മങ്കു തമ്പുരാന് അടുത്തകാലത്താണ് മൈസൂരില്‍ ചെറുമകന്റെ അടുത്തേക്ക് പോയത്. അച്ഛനില്‍നിന്നും ജ്യേഷ്ഠത്തി കുഞ്ഞികാവ് തമ്പുരാനില്‍നിന്നും പാലസ് ഗേള്‍സ് ഹൈസ്കൂളിലെ സംഗീതക്ലാസുകളില്‍ നിന്നുമാണ് ആദ്യം സംഗീതം അഭ്യസിച്ചത്. പിന്നീട് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യയായി. മദ്രാസ് മ്യൂസിക് അക്കാദമിയില്‍ സംഗീതസമ്മേളനത്തില്‍ കച്ചേരി നടത്തിയതോടെ പ്രശസ്തയായി. മദ്രാസ് റേഡിയോനിലയം, സംഗീതസഭകള്‍ എന്നിവിടങ്ങളിലും നിരവധി കച്ചേരികള്‍ നടത്തി.
രണ്ടാം ലോകമഹായുദ്ധക്കാലത്ത് കൊച്ചിയില്‍ 1943 ല്‍ യുദ്ധവാര്‍ത്തകളുടെ ആവശ്യാര്‍ത്ഥം സ്ഥാപിച്ച റേഡിയോ നിലയത്തില്‍ ആദ്യ സംഗീതമാലപിച്ച് ഉദ്ഘാടനം നടത്തിയത് മങ്കു തമ്പുരാനാണ്. 1950 ല്‍ കോഴിക്കോട് ആകാശവാണി നിലയത്തിന്റെയും ഉദ്ഘാടനം മങ്കു തമ്പുരാന് സംഗീതമാലപിച്ച് നിര്‍വഹിച്ചു. കേരളത്തില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നശേഷം രൂപംകൊണ്ട കേരള സംഗീതനാടക അക്കാദമിയുടെ പ്രഥമ അധ്യക്ഷയായി സര്‍ക്കാര്‍ നിയോഗിച്ചത് മങ്കുതമ്പുരാനെയാണ്. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി നേരിട്ടെത്തിയാണ് മങ്കു തമ്പുരാനെ ഇക്കാര്യം അറിയിച്ചത്.
ഇഎംഎസുമായും അടുത്ത ബന്ധം മങ്കുതമ്പുരാന്‍ നിലനിര്‍ത്തിയിരുന്നു. ചൊവ്വരയില്‍ തീപ്പെട്ട രാമവര്‍മ്മ മഹാരാജാവ് മങ്കു തമ്പുരാന്റെ വല്യമ്മാമനായിരുന്നു.
ചെമ്പൈയുടെ ശിഷ്യയായതുകൊണ്ടുതന്നെ അക്കാലത്തെ പ്രശസ്ത സംഗീതജ്ഞരുമായി അടുത്ത് ബന്ധപ്പെടാന്‍ മങ്കു തമ്പുരാന് സാധിച്ചു. അരിയക്കുടി രാമാനുജ അയ്യങ്കാര്‍, മഹാരാജപുരം വിശ്വനാഥ അയ്യര്‍, ജി.എന്‍. ബാലസുബ്രഹ്മണ്യം, എം.എസ്. സുബ്ബലക്ഷ്മി, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, ഡി.കെ. പട്ടമ്മാള്‍, ചൗഡയ്യ, രാജമാണിക്കം പിള്ള എന്നവരടക്കമുള്ള പ്രശസ്ത സംഗീതജ്ഞര്‍ കോവിലകത്ത് മങ്കു തമ്പുരാനെ കാണാന്‍ എത്തുമായിരുന്നു.
സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പിന് പുറമെ ശ്രീപൂര്‍ണത്രയീശ സംഗീതസഭയുടെ സംഗീത സമ്പൂര്‍ണ ബഹുമതി, സ്വാതി സംഗീത പുരസ്കാരം എന്നിവയടക്കം ഒട്ടേറെ പുരസ്കാരങ്ങളും മങ്കു തമ്പുരാന് ലഭിച്ചിട്ടുണ്ട്. സംസ്കാരം കൊച്ചി രാജകുടുംബം ശ്മശാനത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: