ചുള്ളിക്കര: ഒടയംചാല്‍, നായ്ക്കയം, ചക്കിട്ടടുക്കം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ ഇന്നലെ രാവിലെ രാജപുരം ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസ് ഉപരോധിച്ചു. രാവിലെ ൧൧ മണിക്ക് വൈദ്യുതി ഓഫീസിലെത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആരും ഓഫീസിലുണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ ഓഫീസ് പൂട്ടി ഓഫീസിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി. രാജപുരം വൈദ്യുതി സെക്ഷന്‍ ഓഫീസിനെ കുറിച്ച് വളരെ മുമ്പെ പരാതികളുണ്ടായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഇടതുപക്ഷക്കാരായ ജീവനക്കാര്‍ ജോലി ചെയ്യാറില്ല. വൈദ്യുതി വിതരണം നിലച്ചാല്‍ രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് വിതരണം പുനഃസ്ഥാപിക്കുന്നത്. പരപ്പ പ്രദേശത്തും വൈദ്യുതി വിതരണം കൃത്യമായി നടക്കാറില്ല. കോടോം-ബേളൂറ്‍ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ ടി.എം.മാത്യു, എം.നാരായണന്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമാരായ ടി.കെ.നാരായണന്, എന്‍.ഐ.ജോയി വ്യാപാരി വ്യവസായി ഏകോപന സമിതി ഒടയംചാല്‍ യൂണിറ്റ് ട്രഷറര്‍ കുഞ്ഞിക്കണ്ണന്, ജിമ്മിച്ചന്‍ നായ്ക്കയം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജനങ്ങള്‍ വൈദ്യുതി ഓഫീസിലെത്തിയത്. കഴിഞ്ഞ ദിവസം കൊളവയല്‍ കാറ്റാടി, ഇട്ടമ്മല്‍ പ്രദേശത്തെ ജനങ്ങള്‍ സംഘടിച്ച് ചിത്താരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെത്തി ഉദ്യോഗസ്ഥന്മാര്ക്ക് താക്കീത് നല്‍കിയിരുന്നു. മഴക്കാലം ആരംഭിച്ചതോടെ ദിവസം ഇരുപത് തവണയെങ്കിലും വൈദ്യുതി വിതരണം മുടങ്ങാത്ത ദിവസങ്ങളില്ല എന്നതാണ് സ്ഥിതി. കാഞ്ഞങ്ങാട്, മാവുങ്കാല്‍ നീലേശ്വരം സെക്ഷനുകളിലെ സ്ഥതിയും ഇതില്‍ നിന്നും വ്യത്യസ്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: