എരുമേലി: അയ്യപ്പചരിത്രവുമായി ബന്‌ധപ്പെട്ട് ഏറെ പ്രശസ്‌തമായ പുത്തന്‍വീട് കത്തിനശിച്ചു. തിങ്കളാഴ്ച ഉച്ചയ്‌ക്കാണ് തീപിടിത്തമുണ്ടായത്. വീട്ടിലെ അടുപ്പില്‍ നിന്ന് തീ പടര്‍ന്നതാകാം കാരണമെന്ന് സംശയിക്കുന്നു.
ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും തീ അണച്ചുകഴിഞ്ഞിരുന്നു. പുലിപ്പാല് തേടി വനത്തിലെത്തിയ അയ്യപ്പന്‍ വിശ്രമിച്ചത് പുത്തന്‍ വീട്ടിലെന്നാണ് വിശ്വാസം. അന്ന് ഇവിടെ ഒരു മുത്തശ്ശി മാത്രമാണ് താമസിച്ചിരുന്നത്. മുത്തശ്ശിയില്‍ നിന്ന് മഹിഷിയുടെ ആക്രമണ കഥ അറിഞ്ഞപ്പോള്‍ ഭഗവാന്‍ മഹിഷിയെ നേരിടാന്‍ തയ്യാറാണെന്ന് അറിയിച്ചു.
എന്നാല്‍ ഭഗവാന്റെ അവതാരോദ്ദേശം അറിയാത്ത മുത്തശ്ശി ബാലനെ നിരുത്സാഹപ്പെടുത്തി. മാത്രമല്ല ഇന്നിവിടെ അന്തിയുറങ്ങാനും സൗകര്യമില്ല, കാരണം ഇതൊരു പഴയവീടാണെന്നും മുത്തശ്ശി പറഞ്ഞു. ഇതുകേട്ട് ചിരിച്ച ഭഗവാന്‍ “ഇത് പഴയവീടല്ല മുത്തശ്ശി, പുത്തന്‍വീടാണ്” എന്ന് പറഞ്ഞുവത്രെ. അന്നുമുതലാണ് ഇത് പുത്തന്‍ വീടായത്.
മഹിഷിയെ നിഗ്രഹത്തിന് ഉപയോഗിച്ചതായി കരുതപ്പെടുന്ന വാള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ നിത്യവും വിളക്ക് കത്തിച്ച് പ്രാര്‍ത്ഥനയുണ്ട്. ഈ കുടുംബത്തിലെ പിന്‍തലമുറക്കാരനായ പുത്തന്‍വീട്ടില്‍ ഗോപാലപിള്ളയാണ് വീട് സംരക്ഷിച്ചിരുന്നത്. വീടിന്റെ മേല്‍ക്കൂരയും ചുമരുകളും തടികൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: