തിരുവനന്തപുരം: പാചകവാതക സബ്സിഡി വെട്ടിക്കുറയ്ക്കുന്നതിനെതിരെ നിയമസഭ ഐകകണ്ഠേന പ്രമേയം പാസാക്കി. ചട്ടം 130 പ്രകാരം പ്രതിപക്ഷത്ത് നിന്ന് എളമരം കരീം ആണ് ഉപക്ഷേപമായി വിഷയം സഭയിലുന്നയിച്ചത്.
ജനങ്ങളുടെ മേല്‍ വലിയൊരു ബാധ്യത അടിച്ചേല്‍പ്പിക്കുന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഉദ്യോഗസ്ഥതല നിര്‍ദ്ദേശമായി വന്നിരിക്കുന്നതെന്ന് എളമരം കരീം പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച കക്ഷിനേതാക്കളും കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം ഭക്ഷ്യ മന്ത്രി ടി.എം ജേക്കബ് സഭയില്‍ പ്രമേയം അവതരിപ്പിച്ചു.
സബ്സിഡി നിരക്കില്‍ ലഭിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കാനുള്ള കേന്ദ്ര ഉദ്യോഗസ്ഥതല ശുപാര്‍ശ അംഗീകരിക്കരുതെന്ന് പ്രമേയം വഴി ആവശ്യപ്പെട്ടു. സബ്സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കുന്നതിനെതിരെ 14ന് തന്നെ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിരുന്നു.
സബ്സിഡി നിരക്കില്‍ ലഭിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ നാലായി കുറയ്ക്കുന്നതിനാണ് ഉദ്യോഗസ്ഥതല ശുപാര്‍ശ കേന്ദ്രത്തിന് സമര്‍പ്പിച്ചത്. പുതിയ ശുപാര്‍ശ പ്രകാരം അധികം വാങ്ങുന്ന ഓരോ സിലിണ്ടറിനും യഥാര്‍ത്ഥ വിലയായ 800 രൂപ നല്‍കേണ്ടി വരും. ഇപ്പോള്‍ 425 രൂപയാണ് സബ്സിഡി ഇനത്തില്‍ നല്കുന്ന ഒരു കുറ്റിയുടെ വില. 375 രൂപയാണ് സബ്സിഡിയിനത്തില്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: