കോട്ടയം: നഗരത്തിലെ സീബ്രാലൈനുകളിലൂടെ കാല്‍നടക്കാര്‍ റോഡ് മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടുന്നു. മഴക്കാലമായതോടെ റോഡില്‍ വരച്ചിരുന്ന സീബ്രാലൈനുകള്‍ ഒന്നൊഴിയാതെ മാഞ്ഞത് പലപ്പോഴും സീബ്രൈലൈനുകളില് വാഹനാപകടത്തിന് വഴിവെയ്ക്കുന്നു. സീബ്രാലൈനുകളിലൂടെ കാല്‍നടയാത്രക്കാര്‍ റോഡുമുറിച്ചു കടക്കുന്നിടത്ത് വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ട്രാഫിക് പോലീസുകാരോ ഹോംഗാര്‍ഡുകളോ ഇല്ലെന്നുള്ളുതും കാല്‍നടക്കാരായ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സീബ്രാലൈനുകള്‍ വരച്ചിട്ടുള്ള ഒരിടത്തു പോലും പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലാത്തതിനാല്‍ വാഹനങ്ങള്‍ നിയന്ത്രിക്കാനാളില്ലാതെ ഇടതടവില്ലാതെ പോകുന്നതിനാല്‍ റോഡുമുറിച്ചുകടക്കുവാനാകാതെ കാല്‍നടക്കാര്‍ ബുദ്ധിമുട്ടുന്നു. വാഹനത്തില്‍ വരുന്നവര്‍ ഇതു കണക്കിലെടുക്കുന്നുമില്ല. സീബ്രാലൈനിണ്റ്റെ ഇരുവശങ്ങളിലും നിരവധി ആളുകള്‍ റോഡുമുറിച്ചു കടക്കുവാന്‍ കാത്തു നില്‍ക്കുന്നത് കോട്ടയം നഗരത്തിലെ പതിവുകാഴ്ചയാണ്. റോഡുമുറിച്ചുകടക്കാന്‍ കാത്തു നില്ക്കുന്നവരുടെ കൂട്ടത്തില്‍ ജീവന് പണയം വച്ച് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് കൈകാണിച്ച് സ്റ്റോപ്പ് പറഞ്ഞ് കടന്നുപോകുമ്പോള്‍ അവരുടെ പിന്നാലെ ബാക്കി കാല്‍നടക്കാരും റോഡിന് മറുപുറമെത്താന്‍ ജീവന്‍പണയപ്പെടുത്തി ഓടുന്ന കാഴ്ചയും കോട്ടയത്തേ കാണാന്കഴിയൂ. ഇത്തരം യത്നത്തിനിടയില്‍ പലര്‍ക്കും വാഹനം മുട്ടി പരിക്കേറ്റസംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കൂടുതല്‍ അപകടങ്ങള്‍ സീബ്രാലൈനുകളില്‍ നടക്കാതിരിക്കണമെങ്കില്‍ കോട്ടയം നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലെ സീബ്രാലൈനുള്ള ഭാഗങ്ങളില്‍ ഉത്തരവാദിത്വമുള്ള പോലീസ് ഉദ്യോഗസ്ഥരെയും ഹോംഗാര്‍ഡുകളെയും ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഡ്യൂട്ടിക്ക് പോലീസുകാരെ ഇട്ടിട്ടുള്ളയിടങ്ങളില് അവരുടെ സാന്നിദ്ധ്യം കാണാറില്ല. തിരഞ്ഞാല്‍ അവര്‍ ദൂരെമാറി ഏതെങ്കിലും കടയുടെ തിണ്ണിയില് തണല്‍പറ്റി നില്ക്കുന്നതുകാണാം. ഉത്തരവാദിത്വം മറക്കുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശനനടപടി കൈക്കൊള്ളുകയും തിരക്കേറിയയിടങ്ങളില്‍ സീബ്രാലൈനുകളില്‍ നിര്‍ബ്ബന്ധമായും പോലീസ് ഉദ്യോഗസ്ഥരെയോ ഹോംഗാര്‍ഡിനെയോ ഡ്യൂട്ടിക്കു നിയോഗിക്കുകയും മാഞ്ഞുതുടങ്ങിയ സീബ്രാലൈനുകള്‍ വരയ്ക്കുകയും ചെയ്യണം. അതല്ലെങ്കില്‍ കാല്‍നടക്കാര്‍ ഏറെ ബുദ്ധിമുട്ടുകയും അപകടങ്ങള്‍ കൂടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: