ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഏഴുപേരെ കൈവിട്ട പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എട്ട് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തു. കാബിനറ്റ്പദവി മോഹിച്ച ചിലര്‍ നിരാശരായി. വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദിന് ന്യൂനപക്ഷകാര്യ വകുപ്പിന്റെ സ്വതന്ത്രചുമതല കിട്ടുമെന്ന് പ്രചാരണം ഉണ്ടായെങ്കിലും നടന്നില്ല. അദ്ദേഹത്തിന്മാനവശേഷിവകുപ്പിന്റെ അധികച്ചുമതലയാണ് നല്‍കിയത്.
വിവാദനായകനായിരുന്ന മന്ത്രി ജയ്റാം രമേഷിന് കാബിനറ്റ്പദവി നല്‍കിയെങ്കിലും പരിസ്ഥിതിവകുപ്പില്‍നിന്ന് മാറ്റി പകരം ഗ്രാമവികസനമന്ത്രാലയത്തിന്റെ സ്വതന്ത്രചുമതല നല്കി. സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് ഏറെ തലവേദനകള്‍ക്ക് വഴിയൊരുക്കിയ എം. വീരപ്പമൊയ്ലിയില്‍നിന്ന് നിയമവകുപ്പ് എടുത്തുമാറ്റി. സല്മാന് ഖുര്‍ഷിദാണ് പുതിയ നിയമമന്ത്രി. മന്ത്രിസഭ പുനഃസംഘടിപ്പിച്ച് പ്രതിഛായ മെച്ചപ്പെടുത്താന്‍ മന്‍മോഹന്‍സിംഗ് നടത്തിയ ശ്രമം വിപരീതഫലമാണ് ഉണ്ടാക്കിയത്.
ധന, ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ മന്ത്രിമാര്‍ക്ക് മാറ്റമില്ല. ടെലികോം, സിവില്‍ വ്യോമയാനം ഉള്‍പ്പെടെ നാല് മന്ത്രാലയങ്ങള്‍ അധികച്ചുമതലയില്‍ തുടരും. മമതാ ബാനര്‍ജി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദിക്ക് കാബിനറ്റ് പദവിയോടെ റെയില്‍വെ വകുപ്പ് അനുവദിച്ചു. ഗ്രാമവികസന വകുപ്പ്മന്ത്രിയായിരുന്ന വിലാസ്റാവു ദേശ്മുഖിനെ ശാസ്ത്ര-സാങ്കേതിക, ഭൗമശാസ്ത്ര വകുപ്പിലേക്ക് മാറ്റി. ഉരുക്ക് മന്ത്രാലയത്തിന്റെ സ്വതന്ത്രചുമതലയുണ്ടായിരുന്ന സഹമന്ത്രി ബേനിപ്രസാദ് വര്‍മ്മയെ ഇതേ വകുപ്പിന്റെ കാബിനറ്റ്മന്ത്രിയാക്കി.
കേന്ദ്രമന്ത്രിസഭയിലെ മറ്റ് പുതുമുഖങ്ങള്‍ ഇവരാണ്: ജയന്തി നടരാജന് (വനം, പരിസ്ഥിതി), ദിബ്രുഗഡില്നിന്നുള്ള എംപിയായ പബന്‍ സിംഗ് ഘടോവര്‍ (വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍), തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യായ (ആരോഗ്യ, കുടുംബക്ഷേമം), ആല്‍വാര്‍ എംപി ജിതേന്ദ്രസിംഗ് (ആഭ്യന്തരം), മിലിന്ദ് ദേവ്റ (വാര്‍ത്താവിനിമയം, ഐടി), രാജീവ് ശുക്ല (പാര്‍ലമെന്ററി കാര്യം).
ഒഴിവാക്കപ്പെട്ടവര്‍ ഇവരാണ്: എം.എസ്. ഗില്‍ (സ്റ്റാസ്റ്റിക്സ്, പദ്ധതി നിര്‍വഹണം), ബി.കെ. ഹണ്ടിക് (വടക്കു-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളുടെ വികസനം), കാന്തിലാല്‍ ഭൂരിയ (ആദിവാസികാര്യം), മുരളി ദേവ്റ (കോര്‍പ്പറേറ്റ് കാര്യം), ദയാനിധിമാരന് (ടെക്സ്റ്റെയില്‍സ്), എ. സായിപ്രതാപ് (ഉരുക്ക്വകുപ്പ് സഹമന്ത്രി), അരുണ്‍ യാദവ് (ഗ്രാമവികസനവകുപ്പ് സഹമന്ത്രി).
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പകരം മകനെ മന്ത്രിയാക്കണമെന്ന ആവശ്യത്തോടെ മുരളി ദേവ്റയും സ്പെക്ട്രം കുംഭകോണത്തില്‍ ഉള്‍പ്പെട്ട ദയാനിധി മാരനും കഴിഞ്ഞയാഴ്ച രാജിവെച്ചിരുന്നു. ടെക്സ്റ്റെയില്‍സ്, ജലവിഭവ വകുപ്പുകളുടെ അധികച്ചുമതല യഥാക്രമം ആനന്ദ് ശര്‍മ്മക്കും പി.കെ. ബന്‍സലിനും നല്കി. വാണിജ്യ, വ്യവസായ മന്ത്രാലയം ശര്‍മ്മയും പാര്‍ലമെന്ററികാര്യം ബന്‍സലും നിലനിര്‍ത്തി. ടെലികോം, സിവില്‍ വ്യോമയാന വകുപ്പുകളുടെ അധികച്ചുമതല യഥാക്രമം എച്ച്ആര്‍ഡി മന്ത്രി കപില്‍ സിബലും പ്രവാസിഭാരതീയ കാര്യമന്ത്രി വയലാര്‍ രവിയും വഹിക്കും. സ്പെക്ട്രം കുംഭകോണത്തെത്തുടര്‍ന്ന് ഡിഎംകെ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എ. രാജ രാജിവെച്ചതോടെയാണ് സിബല്‍ ടെലികോംവകുപ്പ് കൂടി കിട്ടിയത്.
ഇന്നലത്തെ പുനഃസംഘടനയില്‍ രാജക്കും മാരനും പകരം ഡിഎംകെ പ്രതിനിധികള്‍ ആരുമില്ല. അധികച്ചുമതലയില്‍ വെച്ചിരിക്കുന്ന ചില വകുപ്പുകള്‍ വേണ്ടിവന്നാല്‍ ഡിഎംകെക്ക് നല്‍കിയേക്കും. കോയമ്പത്തൂരില്‍ ഈമാസം 23, 24 തീയതികളില്‍ നടക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഡിഎംകെ ഇക്കാര്യം ചര്‍ച്ച ചെയ്യും.
ആന്ധ്രാപ്രദേശില്‍നിന്നുള്ള മുതിര്‍ന്ന പാര്‍ലമെന്റേറിയനായ വി. കിഷോര്‍ചന്ദ്രദേവ് ആദ്യമായാണ് മന്ത്രിസഭയില്‍ എത്തുന്നത്. ഛത്തീസ്ഗഢില്‍നിന്നുള്ള ഏക കോണ്‍ഗ്രസ് എംപിയായ ചരണ്‍ദാസ് മഹന്ത് കൃഷി, ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തില്‍ സഹമന്ത്രിയായി. സഹമന്ത്രിമാരായ വി. നാരായണസ്വാമി, അശ്വനികുമാര്‍ എന്നിവരില്‍നിന്ന് പാര്‍ലമെന്ററികാര്യം രാജീവ് ശുക്ല, ഹരീഷ് റാവത്ത് എന്നിവര്‍ക്ക് നല്കി. ആസാമിലെ തീവണ്ടി ദുരന്തസ്ഥലം സന്ദര്‍ശിക്കണമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ നിര്‍ദ്ദേശം ധിക്കരിച്ച ഷിപ്പിംഗ്, റെയില്‍വെ വകുപ്പ് സഹമന്ത്രി മുകുള്‍ റോയിയെ റെയില്‍വെ ചുമതലയില്‍നിന്ന് മാറ്റുകയും ചെയ്തു.
രാഷ്ട്രപതിഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ മുമ്പാകെ പുതിയ മന്ത്രിമാര്‍ അധികാരമേറ്റു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും മുതിര്‍ന്ന മന്ത്രിസഭാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഇതോടെ കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ എണ്ണം 68 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: