ഇസ്ലാമാബാദ്: അമേരിക്ക നല്കിവന്നിരുന്ന എട്ട് കോടി ഡോളറിന്റെ പ്രതിവര്‍ഷ സാമ്പത്തിസഹായം നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ അഫ്ഗാന് അതിര്‍ത്തിയില്‍നിന്ന് തങ്ങള്‍ക്ക് സൈനികരെ പിന്‍വലിക്കേണ്ടിവരുമെന്ന് പാക്കിസ്ഥാന് ഭീഷണി മുഴക്കി.
രാജ്യത്തിന് അമേരിക്കയില്‍നിന്നും ലഭിച്ചിരുന്ന സാമ്പത്തികസഹായത്തില്‍ നല്ലൊരു പങ്കും അഫ്ഗാന് അതിര്‍ത്തിയിലെ സൈനിക നടപടികള്‍ക്കായാണ് ചെലവഴിച്ചിരുന്നതെന്നും പാക്കിസ്ഥാന് ഇത്തരമൊരു ചെലവ് താങ്ങാനാവാത്തതിനാല്‍ സേനയെ പിന്‍വലിക്കാനാണ് സാധ്യതയെന്നും പാക് പ്രതിരോധമന്ത്രി ചൗധരി അഹമ്മദ് മുക്താര്‍ പറഞ്ഞു. 1,100 ഓളം സൈനിക ചെക്പോസ്റ്റുകളാണ് അതിര്‍ത്തി പ്രദേശത്തുള്ളത്. ഇത്രയും ചെക്ക്പോസ്റ്റുകള്‍ നടത്തിക്കൊണ്ടുപോവുക എന്നത് പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ലാഭകരമല്ല. മാത്രമല്ല അതിര്‍ത്തിയില്‍നിന്നും സൈന്യം പിന്മാറുന്നതോടുകൂടി മേഖലയില്‍ ഭീകരവാദം ശക്തിപ്പെടുന്ന ഭയവും രാജ്യത്തിനുണ്ട്, അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാനിലെ ഒരു പ്രമുഖ ന്യൂസ്ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്താര്‍.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് വിനിയോഗിക്കാനെന്ന വ്യാജേന പാക് അധികൃതര്‍ തങ്ങളില്‍നിന്നും സ്വീകരിക്കുന്ന സാമ്പത്തികസഹായം ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നില്ലെന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍ ഭീകരതക്കെതിരായ പോരാട്ടത്തിന് അമേരിക്കയുടെ ധനസഹായം ആവശ്യമില്ലെന്നാണ് പാക്കിസ്ഥാന് ഇപ്പോള്‍ അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: