തിരുവനന്തപുരം: മൂന്നാര്‍ ഒഴിപ്പിക്കലിന് പ്രതിപക്ഷ നേതാവിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും പിന്തുണയാണ് വേണ്ടതെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. സര്‍വകക്ഷി യോഗത്തിലെ തീരുമാനമാണ് മൂന്നാറില്‍ നടപ്പാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാരിന്റെ മൂന്നാറിലെ കൈയേറ്റക്കാര്‍ അരൂപികളായി നിലകൊള്ളുകയാണ്. അവരെ ഒഴിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ ധാര്‍മ്മികതയും, ഔചിത്യവും വി.എസിന് ഉണ്ടെന്നാണ് താന്‍ കരുതുന്നതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
താന്‍ ആദരിക്കുന്ന നേതാവാണ് വി.എസ് എന്നതു കൊണ്ട് തന്നെ അദ്ദേഹവുമായി ഇക്കാര്യത്തില്‍ ഒരു ഏറ്റുമുട്ടലിനോ, വിവാദത്തിനോ ഇല്ല. മൂന്നാര്‍ ഒഴിപ്പിക്കലിന്റെ പേരില്‍ വിവാദങ്ങളുണ്ടായാല്‍ അതിലൂടെ രക്ഷപ്പെടുന്നത് ഭൂമാഫിയകളായിരിക്കും. അതൊഴിവാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാറില്‍ പത്ത് കെട്ടിടങ്ങളാണ് ഇടിച്ചു നിരത്തിയത്. എന്നാല്‍ നാലു കെട്ടിടങ്ങള്‍ ഇടിച്ചു നിരത്താതെ ശേഷിച്ചിരുന്നു. അതിനര്‍ത്ഥം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൈയേറ്റങ്ങളോട് രണ്ട് സമീപനം സ്വീകരിച്ചിരുന്നു എന്നാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അതുകൊണ്ട് മൂന്നാറില്‍ തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നുവെന്ന വി.എസിന്റെ പരാമര്‍ശത്തില്‍ കഴമ്പില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: