മൂന്നാര്‍: മൂന്നാറിലെ കയ്യേറ്റ മേഖലകളില്‍ 455 ഏക്കര്‍ ഭൂമി കയ്യേറിയവരില്‍ നിന്നും ഇന്നലെ ഒഴിപ്പിച്ചു. ചിന്നക്കനാല്‍ ഗ്യാപ്പ് മേഖലയിലെ 250 ഏക്കര്‍ കയ്യേറ്റ ഭൂമിയില്‍ സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചാണ് ഇന്നലെ രാവിലെ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ദൗത്യസംഘം ഒഴിപ്പിച്ചെടുത്ത സ്ഥലത്ത് വീണ്ടും കയ്യേറ്റം നടന്നിരുന്നു. ചിന്നക്കനാല്‍ വിലക്ക് ഭാഗത്തേയും സിങ്കുകണ്ടത്തേയും ആനയിറങ്കല്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്തേയും കയ്യേറ്റ പ്രദേശങ്ങളുമുള്പ്പെടെയുള്ള സ്ഥലങ്ങളാണ് ഇന്നലെ ഏറ്റെടുത്തത്. ഇവിടെ സര്‍ക്കാര്‍ ഭൂമി എന്നു രേഖപ്പെടുത്തിയ ബോര്‍ഡുകളും സ്ഥാപിച്ചു. അതിക്രമിച്ചു കടന്നാല്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്. ചിന്നക്കനാലിലെ 50 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. ആനയിറങ്കല്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്തെ സിമന്റ് പാലത്തു രണ്ടിടങ്ങളിലായി 50 സെന്റും 80 സെന്റും സ്ഥലങ്ങള്‍ പിന്നീട് ഏറ്റെടുത്തു. പാര്‍വതി മലയിലെ കയ്യേറ്റ ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമി എന്ന ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ കയ്യേറ്റമൊഴിപ്പിച്ചില്ല.
മൂന്നാറില്‍ ഒരു കാരണവശാലും ഇനി അനധികൃതകയ്യേറ്റം അനുവദിക്കില്ലെന്ന് കയ്യേറ്റമൊഴിപ്പിക്കലിനു ശേഷം മന്ത്രി പറഞ്ഞു. കയ്യേറ്റ ഭൂമിയില്‍ താമസിക്കുന്ന വീടില്ലാത്തവരുടെ പരാതികള്‍ പരിഗണിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കും. അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും കയ്യേറ്റം സംബന്ധിച്ച് കോടതി നടപടികള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. മൂന്നാറിലെ അനധികൃത കൈയേറ്റക്കാര്‍ക്കെതിരായ കേസുകള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും കയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നവര്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
മൂന്നാറിലെ കയ്യേറ്റക്കാര്‍ക്ക് സ്വയം ഒഴിയാന്‍ സര്‍ക്കാര്‍ നല്കിയ രണ്ടാഴ്ച സമയം തീര്‍ന്ന സാഹചര്യത്തിലാണ് ഇന്നലെ ഒഴിപ്പിക്കല്‍ നടത്തിയത്. സര്‍ക്കാര്‍ ഭൂമി കൈയേറിയത് മുഴുവന്‍ ഒഴിപ്പിക്കണമെന്ന് ജൂണ്‍ 24ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം തീരുമാനിച്ചിരുന്നു.
ഒഴിയാന്‍ അന്ത്യശാസനം നല്‍കിയിട്ടും കയ്യേറ്റക്കാര്‍ കൂട്ടാക്കിയിരുന്നില്ല. കൈയേറ്റ സ്ഥലങ്ങളില്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. അവ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടും.
കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച ശേഷം മൂന്നാറിലെ ജൈവവ്യവസ്ഥകൂടി പരിഗണിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. വിനോദ സഞ്ചാരവകുപ്പ് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിലെ അവ്യക്തതകള്‍ പരിഹരിച്ചാകും പുതിയത് തയ്യാറാക്കുക. ഇതിനു പുറമെ മൂന്നാര്‍ സംരക്ഷണ അതോറിട്ടിയും രൂപവത്കരിക്കും. മൂന്നാര്‍ ഉള്‍പ്പെട്ട ഇടുക്കിജില്ലയില്‍ ആധികാരികമായ ആകാശ സര്‍വ്വേ നടത്താനും തീരുമാനമുണ്ട്. ഐഎസ്ആര്‍ഒ, എന്‍ഐസി എന്നിവരുടെ സഹായത്തോടെയാകും സര്‍വ്വേയെന്നും മന്ത്രി വ്യക്തമാക്കി.
-സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: