സൈഗി (സൈപ്രസ്): സൈപ്രസിലെ സൈഗിനാവികത്താവളത്തിലുണ്ടായ സ്ഫോടനത്തില്‍ 12 പേര് മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാവികത്താവളത്തിലെ ഡിപ്പോയിലേക്ക് തീപ്പൊരി പടര്‍ന്നാണ് സ്ഫോടനമുണ്ടായത്. ഇതോടെ ദ്വീപിലെ പവര്‍ സ്റ്റേഷന് തകരാറിലാവുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. സൈപ്രസ് നാവിക സേനയിലെ രണ്ടുപേരും രണ്ട് പട്ടാളക്കാരടക്കം അഞ്ച് അഗ്നിശമനസേനാംഗങ്ങളും മരിച്ചതായി സംസ്ഥാന റേഡിയോ വാര്‍ത്തകളില്‍ പറയുന്നു.
രണ്ടു സ്ഫോടകവസ്തുക്കളുടെ ബാരലിനാണ് തീപിടിച്ചതെന്ന് ഒരു പോലീസ് വക്താവ് അറിയിച്ചു. 98 കണ്ടയ്നറുകളാണ് സൈഗി നേവല്‍ബേസില്‍ ഉണ്ടായിരുന്നത്.
2009 ജനുവരിയില്‍ ഇറാനില്‍ നിന്നും വന്ന ഒരു കപ്പല്‍ തടഞ്ഞുനിര്‍ത്തിയാണ് സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്. ഇത്തരം ചരക്കുകള്‍ ഇറാന് കൈമാറുന്നതിനെതിരെ ഐക്യരാഷ്ട്രസഭയുടെ ഉപരോധം നിലനില്‍ക്കുന്നതിനാലാണ് ഈ നടപടി.
തീ അടുത്തുള്ള വാസിലിക്കോവ് പവര്‍ സ്റ്റേഷനിലേക്ക് വ്യാപിക്കുകയും പല വീടുകളും വ്യാപാര സ്ഥാപനങ്ങളും അന്ധകാരത്തിലാഴുകയും ചെയ്തു. കിഴക്കന്‍ മെഡിറ്ററേനിയനിലേക്കുള്ള ബിബിസിയുടെ പ്രക്ഷേപണം തടസ്സപ്പെട്ടു. ബിബിസി റിലേ സ്റ്റേഷനിലെ 8 ട്രാന്‍സ്മിറ്ററുകളില്‍ ആറെണ്ണത്തെ വൈദ്യുതിയില്ലാതായത് ബാധിച്ചു. പൊട്ടിത്തെറി ഒരു നല്ല പ്രകാശത്തോടുകൂടിയായിരുന്നുവെന്ന് ദൃക്സാക്ഷി ഹെര്‍ംസ് സോളമന് ബിബിസിയോട് പറഞ്ഞു. വേനല്‍ക്കാലമായതിനാല്‍ തീ പടര്‍ന്നതായും വസ്തുവകകള്‍ക്ക് കനത്ത നാശമുണ്ടായതായും ടെലിവിഷന്‍ അറിയിച്ചു.
സ്ഫോടനത്തിനുശേഷം സ്ഥലം സന്ദര്‍ശിച്ച പ്രസിഡന്റ് ഡിമിട്രിസ് ക്രിസ്റ്റോഫിയാസ് ബൈബിളിലേതുപോലുള്ള നാശനഷ്ടങ്ങളാണ് സ്ഫോടനം ഉണ്ടാക്കിയതെന്ന് അഭിപ്രായപ്പെട്ടു. വസ്തുക്കള്‍ക്ക് സംഭവിച്ച നാശം താരതമ്യേന കുറവാണെങ്കിലും ആള്‍നാശം തന്നെ അലട്ടുന്നതായി അദ്ദേഹം അറിയിച്ചു.
ഒരു ഭയങ്കര ശബ്ദത്തോടെ അഗ്നിഗോളം പ്രത്യക്ഷപ്പെട്ടു. ഞാന്‍ കിടക്കയില്‍ നിന്ന് ചാടിയെഴുന്നേറ്റ് കുട്ടികളെ തിരക്കിയെന്ന് സമീപവാസിയായ എല്‍നി ടോബി വാര്‍ത്താലേഖകരോട് പറഞ്ഞു.
സ്ഫോടനം നടന്നതിനാല്‍ സമീപത്തെ ഹോട്ടലുകളുടെ ചില്ലുകള്‍ക്ക് കേടുപാടു പറ്റിയതായി അലക്സാണ്ടര്‍ ഡിമിട്രിയു അറിയിച്ചു. സ്ഫോടനത്തിനുശേഷം ആകെ ഒരു ബഹളമായിരുന്നു. തുര്‍ക്കി വീണ്ടും ആക്രമണത്തിന് വന്നതാണെന്നാണ് കരുതിയത്, ഡിമിട്രിയു തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: