ചെന്നൈ: ഡി.എം.കെയുമായുള്ള സഖ്യം തുടരുമെന്നു കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി വ്യക്തമാക്കി. ഡി.എം.കെയുടെ പുതിയ മന്ത്രിമാരെക്കുറിച്ച് അധ്യക്ഷന്‍ എം. കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ, സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളാണ് കരുണാനിധിയുമായി ചര്‍ച്ച ചെയ്തതെന്നും മുഖര്‍ജി പറഞ്ഞു. എന്നാല്‍ പുതിയ മന്ത്രിമാരെ നിശ്ചിയിക്കുന്നതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കാന്‍ മുഖര്‍ജി തയാറായില്ല. കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കുമ്പോള്‍ രാജയ്ക്കും മാരനും പകരം ആരെയൊക്കെ മന്ത്രിമാരാക്കണം എന്ന കാര്യത്തെക്കുറിച്ചാണ് ചര്‍ച്ച നടന്നതെന്നാണ് സൂചന.
ടി.ആര്. ബാലു, എ.കെ.എസ്. വിജയന്, ടി.കെ.എസ്. ഇളങ്കോവന് എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. എന്നാല്‍ ബാലുവിനെ മന്ത്രിയാക്കുന്നതിനോടു കോണ്‍ഗ്രസ് നേതൃത്വത്തിനും പ്രധാനമന്ത്രി മന്മോഹന് സിങ്ങിനും താത്പര്യമില്ല.
2ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ടാണു മുന്‍ ടെലികോം മന്ത്രിമാരായ എ. രാജയും ദയാനിധിമാരനും കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചത്. രാജയും കനിമൊഴിയും ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. കനിമൊഴിയുടെ തിഹാര്‍ ജയില്‍ വാസവും കരുണാനിധി പ്രണബുമായി സംസാരിച്ചു. കനിമൊഴിയുടെ അറസ്റ്റിന് ശേഷം കരുണാനിധി ആകെ അസ്വസ്ഥനാണ്.
നിലവിലെ ഡി.എം.കെ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന. കേന്ദ്ര മന്ത്രിയും കരുണാനിധിയുടെ മൂത്തമകനുമായ അഴഗിരിയെ രാസവളം വകുപ്പില്‍ നിന്നും മറ്റേതെങ്കിലും അപ്രധാനമായ വകുപ്പിലേക്ക് മാറ്റിയേക്കും. സഹമന്ത്രി എസ്.എസ് പളനി മാണിക്യത്തെ ധനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുമെന്നാണ് സൂചന.
രാവിലെ പത്ത് മണിക്കാണ് പ്രണബ് മുഖര്‍ജി കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലെത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു. ടി.ആര്. ബാലു, ദയാനിധിമാരന്, തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാവ് കെ.വി തങ്കബാലു ഉള്‍പ്പടെയുള്ള നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് ഡി.എം.കെ നേതൃത്വം. അതേസമയം സംസ്ഥാന ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ കേന്ദ്ര ഭരണത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനോട് ഒരു വിഭാഗം ഡി.എം.കെ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: