കേരളരാഷ്ട്രീയത്തിലെ കണക്കപിള്ളയാണ് കെ.എം.മാണി. അടിസ്ഥാനവര്‍ഗസിദ്ധാന്തത്തിന്റെ വക്താവും പ്രയോക്താവുമായ മാണി സാര്‍ പഞ്ചവത്സര പദ്ധതിക്കു തന്നെ സമാന്തരരേഖ സൃഷ്ടിച്ച മിടുമിടുക്കനാണ്. കെ.എം.മാണിയുടെ ഒമ്പതാമത്തെ ബജറ്റവതരണമാണ് ഇന്നലെ നിയമസഭയില്‍ നടന്നത്. പന്ത്രണ്ടു തവണ തുടര്‍ച്ചയായി പാലായില്‍ നിന്നും വിജയിച്ച മാണി സാറിനെ വാത്സല്യപൂര്‍വം ‘പാലായിലെ മാണിക്യം’ എന്നാണ് പ്രജകള്‍ വാഴ്ത്തുന്നത്. പാലാ മെംബര്‍ എന്നു കേള്‍ക്കുന്നതാണ് മാണി സാറിന് ഇമ്പം. അത് നന്നായറിയാവുന്നയാള്‍ പി.സി.ജോര്‍ജാണ്. മറുചേരിയില്‍ നില്‍ക്കുമ്പോഴെപ്പോഴും പാലാ മെംബര്‍ എന്നല്ലാതെ പേരു വിളിക്കാന്‍ ജോര്‍ജ് ശ്രമിച്ചിട്ടില്ല. മാണി സാറിന്റെ ശ്വാസോച്ഛ്വാസത്തിന്റെ ഈണം പോലും ‘പാലാ’യെന്നേ വരൂ.
തനിക്കെന്തു കിട്ടിയാലും പാലായിലേക്കെത്തിക്കുക എന്നത് മാണി സാറിന്റെ ശീലമാണ്. കടലും കടലോരവും തിരയും തിരമാലയും ഇല്ലാത്ത പാലായിലേക്ക് സുനാമി ഫണ്ട് ഒഴുക്കിയെന്ന് പ്രതിയോഗികള്‍ ആക്ഷേപിച്ചപ്പോഴും അതും ഒരലങ്കാരമെന്നേ മാണി സാര്‍ കണ്ടുള്ളൂ. റവന്യൂ മന്ത്രിയായിരിക്കെ താന്‍ വഴി ചെലവാക്കുന്ന പണമേതായാലും പാലായെ മറന്നൊരു കളിക്ക് മാണി സാറിനെ കിട്ടില്ല. അങ്ങനെയാണ് സുനാമി ഫണ്ട് പാലായിലെത്തിയത്. ബജറ്റ് തയ്യാറാക്കുന്നത് കാല്‍നൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണെങ്കിലും പാലായെയും സമീപ പ്രദേശങ്ങളെയും അദ്ദേഹം മറന്നില്ല. പുതിയ പദ്ധതി എന്തായാലും അതില്‍ ഏതെങ്കിലും ഒരു ‘പശ’ പാലായില്‍ ചേര്‍ന്നു നില്‍ക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഒരു ‘പാലാ’ഴിമഥനം തന്നെയായി ബജറ്റ് പ്രസംഗത്തെ വ്യാഖ്യാനിച്ചാലും തെറ്റാവുമെന്ന് തോന്നുന്നില്ല.
ഏത് പ്രശ്നത്തിലിടപെട്ടാലും അതിന്റെ അവസാനം വരെ ചെന്നു നോക്കുന്ന പ്രകൃതക്കാരനാണ് മാണി സാര്‍. ബജറ്റ് പ്രസംഗം അവസാനിപ്പിക്കും മുമ്പ് നീട്ടിച്ചൊല്ലിയ സൂക്തം ഋഗ്വേദത്തിലെ ഒടുവിലത്തേതായത് അങ്ങനെയാകാം. ഋഗ്വേദം ദശമം മണ്ഡല(191-ാം സൂക്തം)ത്തിലേതാണത്. കണക്കിലെ കൃത്യത പക്ഷേ സ്തുതിയില്‍ പാലിക്കാന്‍ മാണി സാറിന് പറ്റിയില്ല. സൂക്തത്തിലെ കുത്തും കോമയും സര്‍ഗവും വിസര്‍ഗവും മാറിയാല്‍ അര്‍ഥം തന്നെ വ്യത്യാസമാകും. ധനമന്ത്രി സഭയില്‍ പറഞ്ഞതും അച്ചടിച്ച് നല്കിയതും പിശകാണ്. “…സമാനമസ്തു വോ മനോ” എന്നു ചേര്‍ക്കേണ്ടതിനു പകരം “സമാന മസ്തു വോ മനഃ” എന്നാണ് കൊടുത്തിട്ടുള്ളത്.
നിങ്ങളുടെ കര്‍മങ്ങള്‍ ഒന്നായിരിക്കട്ടെ, നിങ്ങളുടെ ഹൃദയങ്ങള്‍ ഒന്നായിരിക്കട്ടെ, നിങ്ങളുടെ മനസുകള്‍ ഒന്നായിരിക്കട്ടെ എന്നാണ് സൂക്തത്തിന്റെ സാരം. ഒരുമയോടെ പ്രവര്‍ത്തിച്ച് ക്ഷേമം കൈവരിക്കാന്‍ നമുക്കു കഴിയട്ടെ എന്നു പറഞ്ഞു കൊണ്ട് ധനമന്ത്രി ഉപസംഹരിക്കുമ്പോള്‍ ഉദ്ദേശിച്ചത് പ്രതിപക്ഷത്തെ മനസില്‍ കണ്ടു കൊണ്ടാണോ ? അതോ സ്വന്തം മുന്നണിയോ അതുമല്ലെങ്കില്‍ സ്വന്തം കക്ഷിയോ ? ഒരുമ വേണ്ടത് പാളയത്തിലാണ്. അതുണ്ടാക്കാന്‍ ഋഗ്വേദത്തിന് സാധിക്കുമോ ? കണ്ടറിയണം.
387 ഇനം തിരിച്ച് 91 പേജുകളില്‍ തയ്യാറാക്കിയ ബജറ്റു പ്രസംഗം ധനമന്ത്രി രണ്ടര മണിക്കൂര്‍ കൊണ്ടാണ് വായിച്ചു തീര്‍ത്തത്. ഇടതുമുന്നണി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തെ നിശിതമായി വിമര്‍ശിച്ചു കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്.
കഴിഞ്ഞ സര്‍ക്കാരിലെ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ അടിത്തറ അതേ നിലയില്‍ നിലനിര്‍ത്തിക്കൊണ്ട് അതില്‍ നിന്ന് പുതിയൊരു സാമ്പത്തിക സൗധം പണിയാനുള്ള ശ്രമം മാത്രമാണ് നടത്തുന്നതെന്ന് ആമുഖമായി പറഞ്ഞെങ്കിലും ഐസക്കിന്റെ ധനകാര്യ മാനേജ്മെന്റിനെ കണക്കിന് കശക്കിയിട്ടുണ്ട്.
കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്കാകെ വലിയൊരു ഉണര്‍വും ഉത്തേജനവും പകരാന്‍ പുതുക്കിയ ബജറ്റിന് കഴിയുമെന്നാണ് ധനകാര്യമന്ത്രി അവകാശപ്പെട്ടത്. പക്ഷേ പാലാ മുതല്‍ പാണക്കാട്ടു വരെ വികസനം വഴിമുട്ടി നില്‍ക്കില്ലേ എന്ന സംശയം ബാക്കി നില്ക്കുന്നു.
സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുമത്രെ. ദുര്‍ബല മേഖലകളുടെ സര്‍വാശ്ലേഷിയായ വികസനം ഉറപ്പു വരുത്തും. അടിസ്ഥാന സൗകര്യവികസനത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കും. കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ ലോക സമ്പദ് വ്യവസ്ഥയുമായി സമന്വയിപ്പിക്കാനും ഈ ബജറ്റ് വഴി വയ്ക്കുമെന്നും ധനകാര്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വര്‍ധിച്ചു വരുന്ന മദ്യഉപഭോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ച ധനമന്ത്രി, മദ്യത്തിന്റെ ഉപഭോഗം നിരുത്സാഹപ്പെടുത്താന്‍ ആദ്യവില്‍പനയിലെ ഒരു ശതമാനം നികുതി 6 ശതമാനമാക്കി കൂട്ടുമെന്നറിയിച്ചു. ഇതിലൂടെ 135 കോടി രൂപ സമാഹരിക്കാന്‍ സാധിക്കും.
ബിവറേജസ് കോര്പ്പറേഷന് നഷ്ടത്തിലായിരുന്നപ്പോള്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് 5 ശതമാനം സര്‍ച്ചാര്‍ജ് അനുവദിച്ചിരുന്നു. അത് പിന്‍വലിച്ച് സര്‍ചാര്‍ജ് 10 ശതമാനമാക്കാന്‍ തീരുമാനിക്കുന്നതിലൂടെ 192 കോടിരൂപയുടെ അധിക വരുമാനവും പ്രതീക്ഷിക്കുകയാണ്. കുടിക്കുന്നവരെ ഊറ്റി ഖജനാവ് നിറയ്ക്കുക എന്നതില്‍ കവിഞ്ഞ പ്രയോജനം ഈ നടപടി കൊണ്ടുണ്ടാകുമോ എന്ന സംശയമാണ് ഉയരുന്നത്. ആര്‍ഭാട ചെലവും പാഴ്ചെലവും നിരുത്സാഹപ്പെടുത്തുന്നതിന് 20 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള കാറുകളുടെ വില്പനയ്ക്ക് ആഡംബര സെസ് ഏര്‍പ്പെടുത്തും. 2 ശതമാനമായിരിക്കും സെസ്.
4000 ചതുരശ്ര അടിയോ അതില്‍ കൂടുതലോ തറവിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ബില്‍ഡിംഗ് ടാക്സുകള്‍ക്കു പുറമെ 2 ശതമാനം സെസ് ഏര്‍പ്പെടുത്തും. അഞ്ചു കോടി രൂപയുടെ വരുമാനമാണ് ഇതു വഴി പ്രതീക്ഷിക്കുന്നത്. ദുര്‍ബല വിഭാഗത്തിനു വേണ്ടി ഏറ്റെടുക്കുന്ന പാര്‍പ്പിട പദ്ധതിക്കാവും ഈ തുക ചെലവഴിക്കുക. പാന്‍പരാഗ് പോലുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങളുടെ ഉപയോഗം യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നു. ആരോഗ്യത്തിന് കടുത്ത ഭീഷണിയാണിതു സൃഷ്ടിക്കുന്നത്. ഇത്തരം ഉത്പന്നങ്ങളുടെ നികുതി നിരക്ക് 20 ശതമാനമായി ഉയര്‍ത്തി 5 കോടി രൂപ സമാഹരിക്കുവാന്‍ കഴിയുമെന്ന് ധനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഭക്ഷ്യ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബജറ്റ് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കിലോക്ക് ഒരു രൂപ നിലക്കിലും എപിഎല്‍ കുടുംബങ്ങള്‍ക്ക് കിലോക്ക് രണ്ടു രൂപ നിരക്കിലും അരി നല്കുവാനുള്ള തീരുമാനം ഈ ഓണം മുതല്‍ പ്രാവര്‍ത്തികമാക്കും. ഇതു മൂലം സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത 600 കോടിയായി ഉയരുമെന്ന് ധനമന്ത്രി പറയുമ്പോള്‍ ഇതാരോ നിര്‍ബന്ധിച്ച് ചെയ്യിക്കുന്നതാണെന്ന് സ്വാഭാവികമായും തോന്നിപ്പോകും. കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കുന്നതു ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ ആരംഭിക്കും. കൃഷി ഭവനുകളുടെ മേല്‍നോട്ടവും സാങ്കേതിക ഉപദേശവും ഉറപ്പാക്കിയുള്ള കരാര്‍ കൃഷി, കാര്‍ഷിക വായ്പയ്ക്ക് പലിശ സബ്സിഡി എന്നിവ നല്‍കും.
കായല്‍ കര്‍ഷകര്‍ക്ക് പമ്പിംഗ് സബ്സിഡി പാഴ്ഭൂമി കൃഷി ഭൂമിയാക്കുന്നതിനുള്ള പൊതു സ്വകാര്യ പഞ്ചായത്ത് പങ്കാളിത്തത്തിലുള്ള പുതിയ ഉദ്യമങ്ങള്‍ തുടങ്ങും. സംരംഭക പരിശീലനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. പരിശീലനം ലഭ്യമായ വ്യക്തികള്‍ക്കും ചെറിയ ഘടകങ്ങള്‍ക്കും കെഎഫ്സിയില് നിന്നും ലഘു വായ്പ നല്‍കും. ഈ വായ്പകളുടെ പലിശയ്ക്ക് സര്‍ക്കാര്‍ സബ്സിഡി ഏര്‍പ്പെടുത്തും. മാലിന്യമുക്ത കേരളം പ്രധാന ലക്ഷ്യമാക്കി നവീന വേസ്റ്റ് മാനേജ്മെന്റ് സ്കീം കൂടാതെ ആരോഗ്യ പരിരക്ഷ, ക്യാന്‍സര്‍, വൃക്കരോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്കും പാലിയേറ്റീവ് കീയറിനും പ്രത്യേക ശ്രദ്ധ നല്‍കും. എല്ലാ ജില്ലാ ആശുപത്രികളും സര്‍ക്കാര്‍ ആശുപത്രികളിലും ഡയാലിസിസ് സൗകര്യം ലഭ്യമാക്കും. ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്കീം വിപുലപ്പെടുത്തും. എല്ലാം ആവര്‍ത്തനം.
ശബരിമലയെ പ്രധാന കേന്ദ്രങ്ങളുമായി കൂട്ടിയിണക്കുന്നതിന്റെ ഭാഗമായി എരുമേലിയെ ടൗണ്‍ ഷിപ്പായി വികസിപ്പിക്കും. മലയാളം സര്‍വകലാശാലയ്ക്ക് ഒരു കോടിയാണ് നീക്കി വച്ചിട്ടുള്ളത്. അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ കേന്ദ്രം അനുവദിച്ചിട്ടുള്ള പെരിന്തല്‍മണ്ണയുടെ വികസനത്തിന് വള്ളുവനാട് വികസന അതോറിറ്റി രൂപീകരിക്കും. മീനച്ചില്‍ നദീതട പദ്ധതിയുടെ പുനഃപ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള പ്രാഥമിക ചെലവുകള്‍ക്ക് 25 കോടി രൂപ നല്‍കും. 400 രൂപയായി വര്‍ധിപ്പിച്ച സാമൂഹ്യ സുരക്ഷ-തൊഴിലാളി ക്ഷേമ പെന്‍ഷനുകള്‍ ഓണം മുതല്‍ വിതരണം ചെയ്തു തുടങ്ങും. അറുപതു വയസു കഴിഞ്ഞ ഒരേക്കറില്‍ താഴെ ഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കും പെന്ഷന് നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
ബജറ്റില്‍ അടിസ്ഥാന സൗകര്യത്തിന് മുന്തിയ പരിഗണന നല്കുന്നു. കോട്ടയം-കുമരകം-ചേര്‍ത്തല ടൂറിസ്റ്റ് ഹൈവ്, ആറു പട്ടണങ്ങളില്‍ റിംഗ് റോഡുകള്‍, ആറു ബൈപാസുകള്‍, എറണാകുളം-ശബരിമല സ്റ്റേറ്റ് ഹൈവ് തുടങ്ങിയ റോഡുകളുടെ നിര്‍മാണം ഏറ്റെടുക്കും. ശബരിമലയുടെ സമഗ്രവികസനത്തിന് പ്രത്യേക പദ്ധതി. മാലിന്യ നിര്‍മാര്‍ജനത്തിന് മുന്‍ തൂക്കം നല്‍കും. മന്ത്രി പറഞ്ഞു.
തലസ്ഥാന നഗര വികസനത്തിന് 30 കോടി രൂപയാണ് നല്‍കുക. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പ്രതിമാസം 300 രൂപയാണ് പെന്ഷന് നല്‍കുക. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് 5 ശതമാനം പലിശ ഇളവും ധനമന്ത്രി പ്രഖ്യാപിച്ചു.
ഐക്യജനാധിപത്യ മുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു മുമ്പാകെ വച്ച വാഗ്ദാനങ്ങളും സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങളും നിറവേറ്റാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടെന്ന് ധനമന്ത്രി അവകാശപ്പെട്ടു. ദുര്‍വഹമായ സാമ്പത്തിക ഭാരം കേരളം അനുഭവിക്കുകയാണ്. അതിന് ആശ്വാസം ലഭിക്കുമെന്ന കാര്യത്തില്‍ ധനമന്ത്രിക്ക് ഉറപ്പുണ്ട്.
യുഡിഎഫ് സര്‍ക്കാരിന് വഴിയൊരുക്കിയ മലപ്പുറം, കോട്ടയം ജില്ലകള്‍ക്ക് ബജറ്റ് വിഹിതത്തിന്റെ സിംഹഭാഗം ലഭിക്കുമ്പോള്‍ മറ്റു ജില്ലകള്‍ക്കത് നാമമാത്രമാക്കിയെന്ന പേരു ദോഷമാണ് കെ.എം.മാണി നേരിടാന്‍ പോകുന്നത്. ഭീതിയും പ്രീതിയും കൂടാതെ നിഷ്പക്ഷമായി ഭരിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ചിലരെ പ്രീണിപ്പിക്കാന്‍ സത്യപ്രതിജ്ഞാ ലംഘനം തന്നെ നടത്തി എന്ന് ഒറ്റനോട്ടത്തില്‍ ബോധ്യമാകും. ഒപ്പം ഇടുക്കിയേയും നന്നായി കടാക്ഷിക്കുന്നുണ്ട്. കയ്യേറ്റക്കാരെ കുടിയേറ്റ കര്‍ഷകരാക്കി പട്ടയം നല്കാന് പദ്ധതി വരുമെന്ന സംശയം നീങ്ങി. സംഭവിക്കാന്‍ പോകുന്നത് മറയില്ലാതെ മാണി സഭയില്‍ പറഞ്ഞു. “പിറന്ന മണ്ണില്‍ യാതൊരു അവകാശവുമില്ലാതെ അന്യരായി കഴിഞ്ഞു പോരുന്ന ആയിരക്കണക്കിന് കര്‍ഷകര്‍ ഇടുക്കിയിലുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ക്കെല്ലാം പട്ടയം നല്‍കുന്നതാണ്.”
കെ.കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: