സൗരാഷ്ട്രത്തിലെ രാജാവായിരുന്ന സോമകാന്തന്‍, ദേവനഗരം കേന്ദ്രമാക്കി പത്നി സുധര്മയോടും പുത്രനായ ഹേമകാന്തനോടും കൂടി രാജ്യം ഭരിച്ചുവന്നു. ചന്ദ്രനെപ്പോലെ സുന്ദരനായ രാജാവിന്റെ പേര് തികച്ചും അന്വര്‍ഥമായിരുന്നു. സോമകാന്തന്‍ സമര്‍ഥനായ യോദ്ധാവും വലിയൊരു സൈന്യത്തിന്റെ നായകനും അറിവും ഐശ്വര്യവും തികഞ്ഞവനും നീതിന്യായശാസ്ത്രങ്ങളില് പ്രവീണനും ആയിരുന്നു. യഥായോഗ്യം ധര്‍മാനുസൃതം അഞ്ചു സചിവന്മാരുടെ സഹായത്താല്‍ മാതൃകാഭരണമാണ് അദ്ദേഹം നടത്തിയിരുന്നത്.
അങ്ങനെയിരിക്കെ പൂര്വ്വജന്മപാപത്താല് രാജാവ് കുഷ്ഠരോഗിയായി മാറി. ശരീരകാന്തി മങ്ങി നാള്‍ക്കുനാള്‍ ദുഃഖിതനായി കാണപ്പെട്ടു. ഔഷധങ്ങളൊക്കെ നിഷ്ഫലമായി. വേദന താങ്ങാനാകാത്ത അവസ്ഥയില്‍ അദ്ദേഹം ഒരു തീരുമാനത്തിലെത്തിച്ചേര്‍ന്നു. മന്ത്രിമാരെ വിളിച്ചുവരുത്തി മകന് “ഹേമകാന്തനെ ഭരണചുമതല ഏല്പിക്കുവാനും വനത്തില്‍ ചെന്ന് കഠിനതപസ്സനുഷ്ഠിക്കുവാനും ആഗ്രഹിക്കുന്നതായി” അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ അഭിപ്രായംകേട്ട് വിഷമിച്ചു പറ ഞ്ഞു: “മഹാരാജന്, താങ്കളുടെ പുത്രന് താങ്കളെപ്പോലെ തന്നെ യോഗ്യനാണ് ഭരണനിപുണനുമാണ്. അദ്ദേഹത്തെ പട്ടാഭിഷിക്തനാക്കാം. അതിനുശേഷം ഞങ്ങളും കാട്ടിലേക്ക് അങ്ങയെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നു.”
രാജാവിന്റെ മനോവിചാരം സുധര്മറാണിയെയും ഒരു തീരുമാനത്തിലെത്തിച്ചു. “ചാരിത്ര്യവതിയായ പത്നി ഏത് ദുഃഖസുഖാവസ്ഥകളിലും പതിയെ പിന്തുടരേണ്ടവളാണ്. അതിനാല്‍ ഞാനും അങ്ങയോടൊപ്പം കാട്ടില്‍ വന്ന് അങ്ങയുടെ സേവ ചെയ്യാനാഗ്രഹിക്കുന്നു.” എന്ന് രാജ്ഞി പറഞ്ഞു. പിതാവിന്റെ ആഗ്രഹം കേട്ട ഹേമകാന്തനും വിഷാദിച്ചു. അച്ഛനമ്മമാരെ സേവിക്കുക എന്നതല്ലേ യഥാര്‍ഥ പുത്രന്റെ കടമ? അതിനാല്‍ ഞാനും നിങ്ങളോടൊപ്പം വനവാസത്തിന് വരികയാണെന്ന് പറഞ്ഞു.
പുത്രവാക്യം കേട്ട് സോമകാന്തന്‍ പറഞ്ഞു – “അച്ഛനമ്മമാരെ ശുശ്രൂഷിക്കേണ്ടത് കടമതന്നെയാണ് എന്ന സത്യം ഞാന്‍ സ്വീകരിക്കുന്നു. എന്നാല്‍ പെറ്റോരുടെ വാക്കുകേട്ട് അതനുസരിച്ച് നടത്തുകയാണ് ആദ്യത്തെ കടമ.” ഇതനുസരിക്കാന്‍ പുത്രന് സമ്മതിച്ചു. ഉടനെ രാജ്യഭരണവിഷയങ്ങള് പലതും രാജാവ് മകന് ഉപദേശിച്ചു. കിരീടധാരണത്തിലുള്ള എല്ലാ ഏര്‍പ്പാടുകളും അദ്ദേഹം നല്ല നിലയില്‍ ചെയ്തുതീര്‍ത്തു. ജോത്സ്യരുടെ അഭിപ്രായപ്രകാരം ശുഭമുഹൂര്‍ത്തത്തില്‍ സിംഹാസനാരോഹണച്ചടങ്ങും നിര്‍വ്വഹിച്ചു. ഭരണഭാരവും പുത്രനെ ഏല്പിച്ചു കുറച്ചുദിവസം പുത്രന്റെ കൂടെ കൊട്ടാരത്തില്‍ വസിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: