തിരുവനന്തപുരം: കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്വാശ്രയ പ്രശ്നത്തില്‍ ഇടതുപക്ഷവും മാനേജ്മെന്റുകളും ആത്മപരിശോധനയ്ക്ക് തയാറാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പരിയാരത്ത് കണ്ടത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വികൃതമായ മുഖമാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
സാമൂഹ്യനീതി നിഷേധിച്ച് കേരളം പോലുള്ള സംസ്ഥാനത്ത് മുന്നോട്ട് പോകാനാവില്ല. സമരം കണ്ട് ഭയക്കുന്ന സര്‍ക്കാരല്ല യു.ഡി.എഫിന്റേതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ചേംബറും, ഓഫീസും ഇന്റര്‍നെറ്റിലൂടെ തത്സമയം വീക്ഷിക്കുന്നതിനുള്ള വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഹൈക്കോടതിയുടെയും, സുപ്രീംകോടതിയുടെയും വിധികളുടെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫും സാശ്രയ കോളേജ് മാനേജ്മെന്റുകളും ആത്മപരിശോധനയ്ക്ക് തയ്യാറാകണം. സാമൂഹ്യ നീതിയലധിഷ്ഠിതമായ ഒരു സ്വാശ്രയ നയമാണ് സര്‍ക്കാരിന്റേത്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് സാമൂഹിക നിതി അട്ടിമറിച്ചു കൊണ്ട് മുന്നോട്ട് പോകാനാവില്ല. ആന്റണി സര്‍ക്കാരിന്റെ സ്വാശ്രയ നയത്തെ അട്ടിമറിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വികൃത മുഖമാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ കണ്ടത്. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലും, പരിയാരം മെഡിക്കല്‍ കോളേജ് ഒരേ നിലപാടാണ് പിന്തുടരുന്നത്. കോടതി വിധിയുടെ അടിസ്ഥാനത്തിലെങ്കിലും മാനേജമെന്റുകള്‍ സാമൂഹിക നീതി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിയാരത്ത് തുട്ടു വാങ്ങിയവര്‍ പുറത്തു പോകുമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാല്‍ ഒരു രമേശന് മാത്രമാണ് പുറത്തായത്. ഇനിയും ധാരാളം ആള്ക്കാര് പരിയാരത്ത് ഉണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുയലുകളെപ്പോലെ ഓടുകയും, വേട്ടപ്പട്ടികളെ പോലെ വേട്ടയാടുകയുമാണ് ഇടതുപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് സിറ്റിയുടെ വിശദാംശങ്ങള്‍ പ്രതിപക്ഷ നേതാവിനെ അറിയിക്കുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പത്നമനാഭ സ്വാമി ക്ഷേത്രത്തില്‍ ഇപ്പോള്‍ മതിയായ സുരക്ഷയുണ്ടെന്നും, ആവശ്യമെങ്കില്‍ സ്ഥിരമായ സുരക്ഷ നല്കുന്ന കാര്യത്തെ കുറിച്ച് ഗൗരവമായി ആലോചിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: