ജനങ്ങളെയാകെ വെല്ലുവിളിച്ചു കൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ ഓരോ നടപടിയും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാചകവാതകത്തിന്റെയും ഡീസലിന്റെയും മണ്ണെണ്ണയുടെയും വില കൂട്ടിയത്. കേന്ദ്രനടപടികളെ തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ സര്‍വസാധനങ്ങള്‍ക്കും തീ വിലയായിട്ട് മാസങ്ങളേറെയായി. അതിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയിട്ടില്ല. സാധന വിലകള്‍ ഇനിയും വര്‍ധിപ്പിക്കാനും ജീവിത ചെലവ് കുത്തനെ കൂട്ടാനും മാത്രമേ ഇപ്പോഴത്തെ നടപടി വഴിവയ്ക്കൂ. ഡീസല്‍ ലിറ്ററിന് മൂന്ന് രൂപയും പാചകവാതകം സിലിണ്ടറിന് 50 രൂപയുമാണ് വര്‍ധിപ്പിച്ചത്. മണ്ണെണ്ണ ലിറ്ററിന് രണ്ട് രൂപയും വര്‍ധിപ്പിച്ചു. പുതിയ നിരക്കനുസരിച്ച് ഡീസല്‍ വില ലിറ്ററിന് 45 രൂപയാകും. പാചകവാതകത്തിന്റെ വില 416 രൂപയായി ഉയരും. ഇന്ധന വില വര്‍ധിപ്പിക്കണമെന്ന എണ്ണ കമ്പനികളുടെ നിര്‍ദ്ദേശം ധനമന്ത്രി അധ്യക്ഷനായുള്ള ഉന്നതതല സമിതി അംഗീകരിക്കുകയായിരുന്നു.
എണ്ണക്കമ്പനികളുടെ ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം പെട്രോളിന് അഞ്ച് രൂപ വര്‍ധിപ്പിച്ചിരുന്നു. ദിനംപ്രതി 490 കോടിരൂപയുടെ നഷ്ടമുണ്ടെന്നാണ് എണ്ണ കമ്പനികള്‍ സര്‍ക്കാരിന് മുന്നില്‍ നിരത്തിയ വാദം. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെവില വര്‍ധിപ്പിച്ച് ഈ നഷ്ടം നികത്തി തരാന്‍ കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് സര്‍ക്കാരിന്റെ ന്യായം.
പൊതുമേഖലാ എണ്ണ കമ്പനികള്‍ ഭീമമായ നഷ്ടം സഹിച്ചാണ് പെട്രോളിയം ഉല്പന്നങ്ങള് വില്‍ക്കുന്നതെന്നാണ് കമ്പനി വക്താക്കള്‍ പറയുന്നത്. എന്നാല്‍ ഇത് ഊതിവീര്‍പ്പിച്ച കണക്കാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിലവര്‍ധനക്ക് കമ്പനികള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ വില കൂട്ടാറുള്ളൂ. കഴിഞ്ഞ പതിനൊന്ന് മാസത്തിനുള്ളില്‍ ഒന്‍പത് തവണയായി 31 ശതമാനം വിലവര്‍ധിപ്പിച്ചതിന്റെ കടുത്ത പ്രതിസന്ധി നേരിടുന്ന സാധാരണക്കാരന്റെ ദുരിതം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതാണ് ഡീസലിന്റെ വിലവര്‍ധനവ്.
കഴിഞ്ഞ ജൂണില്‍ ഡീസലിന് രണ്ടു രൂപയും എല്‍പിജിക്ക് 35 രൂപയും മണ്ണെണ്ണയ്ക്ക് മൂന്നു രൂപയും വര്‍ധിപ്പിച്ചിരുന്നു. കേരളം പോലെയുള്ള ഒരു ഉപഭോക്തൃ സംസ്ഥാനത്ത് ഡീസലിന്റെ വിലവര്‍ധനവ് എല്ലാ സാധനങ്ങളുടെയും വിലവര്‍ധനവിനിടയാക്കും. അരിയും പച്ചക്കറികളും അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തില്‍ എത്തുന്നത്. ലോറികളിലും വലിയ കണ്ടെയ്നറുകളിലും ചരക്ക് ട്രെയിനുകളിലുമായെത്തുന്ന സാധനങ്ങളുടെ ഗതാഗതചെലവ് വര്‍ധിക്കുന്നതോടെ സാധനങ്ങളുടെ വിലയും ഇരട്ടിയായി ഉയരും. ഡീസല്‍ വിലയിലെ നേരിയ വ്യത്യാസം പോലും സാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ധനവാണുണ്ടാക്കുക എന്ന കാര്യത്തില്‍ സംശയമില്ല.
അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് അരി എത്തുന്നത്. ഇപ്പോള്‍ മുപ്പത് രൂപയില്‍ താഴെ മാത്രമുള്ള അരിവില 40 രൂപ വരെ ഉയരുവാന് സാധ്യതയുള്ളതായി അരിവ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു. പച്ചക്കറി വില വന്‍തോതില്‍ ഉയരും. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമാണ് പച്ചക്കറികള്‍ കേരളത്തിലേക്ക് എത്തുന്നത്. പൂവും ഇലയും മുട്ടയും ചട്ടിയുമെല്ലാം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനമാണിത്. വലിയ ലോറികളില്‍ കേരളത്തിലേക്ക് സാധനങ്ങള്‍ എത്തിക്കുമ്പോള്‍ ഉണ്ടാകുന്ന യാത്രാ ചെലവ് വര്‍ധന സാധാരണ ജനങ്ങള്‍ക്ക് താങ്ങാവുന്നതിലധികമാവും. ബസ്, ലോറി, ടെമ്പോ, കാര്‍, ഓട്ടോറിക്ഷ എന്നിവയുടെയെല്ലാം കൂലി വര്‍ധനവിനുള്ള മുറവിളി ഉയര്‍ന്നു കഴിഞ്ഞു. ഇപ്പോള്‍ തന്നെ വിവിധ നികുതികളും സ്പെയര്‍പാര്‍ട്സുകളുടെ വിലവര്‍ധനവും മൂലം ബസ് സര്‍വ്വീസ് ഒട്ടും ലാഭകരമല്ലാത്ത അവസ്ഥയാണെന്നുള്ളതെന്ന് ബസ് ഓണേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു. ഡീസല്‍ വിലവര്‍ധനവോടെ അടിയന്തരമായി തന്നെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ ഒരുതരത്തിലും ബസ് വ്യവസായം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നാണ് ബസുടമകളുടെ വാദം. ഡീസല്‍ വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. അനിശ്ചിതകാല സമരം വരാനിരിക്കുന്നു. ചരക്കുകൂലി, ടാക്സി ചാര്‍ജുകളെല്ലാം തന്നെ അടിയന്തരമായി വര്‍ധിക്കും. നാണയപ്പെരുപ്പ നില ഉയരും. ഇതോടെ സാധാരണക്കാരുടെ ജീവിതം ദുഃസ്സഹമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
അന്തരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കൂടിയാലെന്തു ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ചോദ്യം. എന്നാല്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് ഈ ആഴ്ച ആറു ഡോളര്‍ കുറയുകയാണുണ്ടായത്. എന്നിട്ടും കമ്പനികളുടെ താത്പര്യം സംരക്ഷിക്കാന്‍ ഉദാര സമീപനം സ്വീകരിക്കുന്ന നയം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നു. അഴിമതിയും ജനദ്രോഹവും കലയാക്കി വളര്‍ത്തി എന്നതു മാത്രമാണ് യുപിഎ സര്‍ക്കാരിന്റെ എടുത്തു പറയാവുന്ന നേട്ടം. അഴിമതിക്കെതിരെ ബഹുജനരോഷം കത്തി നില്‍ക്കവെ ഇന്ധനവില കൂട്ടി അട്ടഹസിക്കുകയാണ് കേന്ദ്രഭരണക്കാര്‍. ജീവിത ഭാരം കൊണ്ട് വീര്‍പ്പുമുട്ടുന്ന ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ വഴിക്ക് നീങ്ങിക്കഴിഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും രാജ്യ തലസ്ഥാനത്തും ബഹുജന പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിരിക്കുന്നു. അഴിമതിക്കെതിരായ പ്രചരണങ്ങളും പ്രക്ഷോഭങ്ങളും വിസ്മൃതിയിലായെന്ന് സര്‍ക്കാരിന് ആശ്വസിക്കാം. അതു പക്ഷേ താത്കാലികമാണെന്ന് അവര്‍ മനസിലാക്കണം. ജനങ്ങളെ ആകെ വീര്‍പ്പുമുട്ടിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുന്നതു വരെ ജനങ്ങള്‍ അടങ്ങിയിരിക്കരുത്. രാജ്യത്തിന് നാണക്കേടും ഭാരവുമായി മാറിയ ഈ വൃത്തികെട്ട സര്‍ക്കാരിനെ വച്ചു പൊറുപ്പിക്കുന്നത് രാജ്യത്തോടു ചെയ്യുന്ന കൊടും അപരാധമാണ്. ജനങ്ങള്‍ക്ക് ശാപമായി തീര്‍ന്ന സര്‍ക്കാരിനെ എത്രയും വേഗം തൂത്തെറിഞ്ഞേ പറ്റൂ. അതിനായി ചൂലുമേന്തി വീട്ടമ്മമാരടക്കം മുഴുവനാളുകളും രംഗത്തിറങ്ങിയേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: